അമേരിക്കൻ പ്രസിഡന്റ് 2026 ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാര പട്ടികയിൽ ഉൾപ്പെട്ടതായി സൂചന, പുരസ്കാര കമ്മിറ്റിക്ക് തലവേദന സൃഷ്ടിച്ച് ഇറാൻ- അമേരിക്ക യുദ്ധം

നോർവെ: 2026-ലെ സമാധാനത്തിനുള്ള നോബൽ പുരസ്കാരത്തിനായുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് നടപടികൾ നോർവീജിയൻ നോബൽ കമ്മിറ്റി ആരംഭിച്ചുകഴിഞ്ഞു. ആകെ 287 സ്ഥാനാർഥികളാണ് ഇത്തവണ പരിഗണനയിലുള്ളതെന്ന് കമ്മിറ്റി സെക്രട്ടറി വ്യക്തമാക്കുന്നു. അതിൽ തന്നെ 197 വ്യക്തികളും 90 സംഘടനകളും ഉൾപ്പെടുന്നു. സ്ഥാനാർഥികളുടെ വിവരങ്ങൾ 50 വർഷത്തേക്ക് രഹസ്യമായി സൂക്ഷിക്കണമെന്നാണ് നിയമമെങ്കിലും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തവണത്തെ പട്ടികയിൽ ഇടംപിടിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അതേസമയം പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ട്രംപ് ഭരണകൂടം നടത്തിയ നയതന്ത്ര ഇടപെടലുകളാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കാൻ സാധ്യതയുള്ള ഘടകമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2026-ന്റെ തുടക്കത്തിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷങ്ങളെത്തുടർന്ന് അമേരിക്ക, ഇസ്രയേൽ, ഇറാൻ രാജ്യങ്ങൾക്കിടയിൽ നടന്ന വെടിനിർത്തൽ ചർച്ചകളിലും സുരക്ഷാ സംഭാഷണങ്ങളിലും ട്രംപിന്റെ പങ്കാളിത്തം നിർണ്ണായകമായിരുന്നുവെന്നും ഇസ്ലാമാബാദിൽ നടന്ന ഉന്നതതല ചർച്ചകൾ മേഖലയിലെ സ്ഥിരതയ്ക്ക് വഴിയൊരുക്കുമെന്നും നാമനിർദ്ദേശം ചെയ്തവർ വിശ്വസിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പക്ഷെ ആഗോളതലത്തിൽ വലിയ ഭൗമരാഷ്ട്രീയ വിള്ളലുകൾ നിലനിൽക്കുന്ന സമയത്താണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാറ്റോ രാജ്യങ്ങൾക്കിടയിലെ ഭിന്നതകളും ഹോർമുസ് കടലിടുക്ക് അടച്ചതിനെത്തുടർന്നുണ്ടായ ഊർജ്ജ പ്രതിസന്ധിയും നോബൽ കമ്മിറ്റിക്ക് മുന്നിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ആൽഫ്രഡ് നോബലിന്റെ ദർശനങ്ങളോട് നീതി പുലർത്തുന്ന ഒരു ജേതാവിനെ കണ്ടെത്താൻ ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങൾക്കിടയിൽ കമ്മിറ്റിക്ക് കഠിനമായി പരിശ്രമിക്കേണ്ടി വരുമെന്ന് ഉറപ്പ്.
വിവിധ രാജ്യങ്ങളിലെ പാർലമെന്റ് അംഗങ്ങൾ, സർവ്വകലാശാലാ പ്രൊഫസർമാർ, മുൻ നോബൽ ജേതാക്കൾ എന്നിവർക്കാണ് സ്ഥാനാർഥികളെ നിർദ്ദേശിക്കാൻ അവകാശമുള്ളത്. ഇത്തവണത്തെ പട്ടികയിൽ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കൊപ്പം തന്നെ ദുരിതാശ്വാസ മേഖലകളിൽ പ്രവർത്തിക്കുന്ന 90 സംഘടനകളും ഇടംപിടിച്ചിട്ടുണ്ട്. യുഎസ്- ഇറാൻ സംഘർഷം സഖ്യകക്ഷികൾക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കിയെങ്കിലും, പാക്കിസ്ഥനെപ്പോലുള്ള മധ്യസ്ഥ രാജ്യങ്ങൾ വഴി നയതന്ത്ര പരിഹാരത്തിനുള്ള ശ്രമങ്ങൾ ഇപ്പോഴും ശക്തമാണെന്ന് നോർവീജിയൻ വിദേശകാര്യ ഉപമന്ത്രി ആൻഡ്രിയാസ് ക്രാവിക് അഭിപ്രായപ്പെട്ടു. ഒക്ടോബർ മാസത്തിലാണ് ലോകം കാത്തിരിക്കുന്ന പുരസ്കാര പ്രഖ്യാപനം നടക്കുക. അതിനുമുമ്പ്, ഈ വർഷത്തിന്റെ മധ്യത്തോടെ കമ്മിറ്റി ഒരു ചുരുക്കപ്പട്ടിക തയ്യാറാക്കും. പിന്നാലെയാകും ജേതാവിനെ പ്രഖ്യാപിക്കുക.






