വിവാഹ വാർഷിക ആഘോഷത്തിനിടെ മദ്യ ലഹരിയിൽ ഭാര്യയുമായി വഴക്ക്, പിടിച്ചുമാറ്റാൻ ചെന്ന അമ്മാവനെ കത്തിക്ക് കുത്തി!! പിതാവിനെ അടുത്തുകിടന്ന കസേരയെടുത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി, മകൻ അറസ്റ്റിൽ

തിരുവനന്തപുരം: അമ്പൂരിയിൽ മദ്യ ലഹരിയിൽ അച്ഛനെ മകൻ കസേരയ്ക്ക് അടിച്ച് കൊലപ്പെടുത്തി. അമ്മാവനെ കുത്തി പരുക്കേൽപ്പിച്ചു. അമ്പൂരി കുരുവിക്കോണം ഇടിയൻ കോളം കല്ലൂർ ഹൗസിൽ തോമസ് എബ്രഹാം (62) ആണ് മരിച്ചത്. തോമസിന്റെ മകൻ ഷൈനു തോസമ് (31) കസ്റ്റഡിയിൽ. കുത്തേറ്റ ഷൈനുവിന്റെ അമ്മാവൻ വർഗീസ് (50) ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11 മണിയോടുകൂടിയാണ് സംഭവം. ഷൈനുവിന്റെ വിവാഹ വാർഷികം ആയിരുന്നു. മദ്യലഹരിയിലാണ് സംഭവം നടന്നത് എന്നാണ് വെള്ളറട പോലീസ് പറയുന്നത്. ആഘോഷ പരിപാടികൾക്ക് ശേഷം ഷൈനുവും ഭാര്യയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരുവരേയും ശാന്തരാക്കാൻ അമ്മയും അമ്മാവനും ചേർന്ന് നിയന്ത്രിക്കാൻ ശ്രമിച്ചു. ഇതിനിടയിലാണ് ഷൈനു കത്തികൊണ്ട് വർഗീസിനെ കുത്തിയത്. ബഹളം കേട്ടെത്തിയ എബ്രഹാമിനെ കസേര കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീഴുകയായിരുന്നു.
എബ്രഹാമിന് തലയ്ക്കാണ് അടിയേറ്റത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂ. മൃതദേഹം കാരക്കോണം മെഡിക്കൽ കോളേജിലേക്ക് മാറ്റി.






