Breaking NewsLead NewsSports

വിക്കറ്റ് പോയ പിന്നാലെ ഡ്രസിങ് റൂമിനുള്ളിൽ വേപ് വലിച്ച് റിയാൻ പരാഗ്!! 2019 ൽ ഇന്ത്യയിൽ നിരോധിച്ച ഇ- സി​ഗരറ്റ് വലിച്ച രാജസ്ഥാൻ ക്യാപ്റ്റൻ വിവാദത്തിൽ, നടപടി വേണമെന്ന ആവശ്യം ഉയരുന്നു

മുല്ലൻപുർ: മൊബൈൽ വിവാദത്തിനു പിന്നാലെ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീം വീണ്ടും വിവാദത്തിൽ. ഇത്തവണ ക്യാപ്റ്റൻ റിയാൻ പരാഗ് തന്നെയാണ് വിവാദത്തിൽ കുരുങ്ങിയത്. ഡ്രസിങ് റൂമിനുള്ളിൽ റിയാൻ പരാഗ് വേപ് (ഇ– സിഗരറ്റ്) ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. ന്യൂ ചണ്ഡിഗഡിൽ നടന്ന രാജസ്ഥാൻ റോയൽസ്– പഞ്ചാബ് കിങ്സ് മത്സരത്തിനിടെയാണ് സംഭവം. രാജസ്ഥാൻ ഇന്നിങ്സിന്റെ 16–ാം ഓവറിൽ ബ്രോഡ്‌കാസ്റ്റ് ക്യാമറ ഡ്രസിങ് റൂമിനുള്ളിലെ ദൃശ്യങ്ങൾ കാണിച്ചപ്പോൾ വേപ് എന്നു തോന്നിക്കുന്ന ഒരു വസ്തു പരാഗ് കൈവശം വച്ചിരിക്കുന്നത് കണ്ടത്. പിന്നാലെ പരാഗ് ഇതു സാവധാനം വലിക്കുന്നതും പുക പുറത്തേക്ക് ഊതി വിടുന്നതും ദൃശ്യങ്ങളിൽ കാണാം. ദൃശ്യങ്ങൾ പെട്ടെന്നു തന്നെ വ്യാപകമായി പ്രചരിക്കുകയും പരാഗിനെതിരെ നടപടി വേണമെന്ന് ആവശ്യമുയരുകയും ചെയ്തു.

16 പന്തിൽ 29 റൺസെടുത്ത് പരാഗ് പുറത്തായതിനു തൊട്ടുപിന്നാലെയായിരുന്നു സംഭവം. അതേസമയം സമ്മർദം കുറയ്ക്കാനാണ് താരം ഇതു ഉപയോഗിച്ചതെങ്കിൽ വളരെ ഗൗരവത്തോടെ ഇതിനെ കാണണമെന്ന ആവശ്യമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. വേപ്പിങ്ങിനെതിരെ വ്യക്തമായ പൊതു നിയമങ്ങളൊന്നുമില്ലെങ്കിലും സ്റ്റേഡിയങ്ങൾക്കുള്ളിലെ കളിക്കാരുടെ പെരുമാറ്റത്തിന് ബിസിസിഐ കർശനമായ മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഡ്രസ്സിങ് റൂമുകളിലോ ഡഗൗട്ടുകളിലോ പുകയിലയോ അനുബന്ധ ഉൽപന്നങ്ങളോ ഉപയോഗിക്കുന്നത് ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോളുകൾ പ്രകാരം നിരോധിച്ചിട്ടുണ്ട്. അതിനാൽ താരത്തിനെതിരെ അച്ചടക്ക നടപടിക്കു സാധ്യതയുണ്ട്.

Signature-ad

നേരത്തെ, ഗുവാഹത്തിയിലെ എസിഎ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ നടന്ന മത്സരത്തിനിടെ ഡഗൗട്ടിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് രാജസ്ഥാൻ റോയൽസ് ടീം മാനേജർ മാനേജർ റോമി ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു. ബിസിസിഐ അഴിമതിവിരുദ്ധ വിഭാഗമാണ് ബിന്ദറിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചത്. കുറ്റം സമ്മതിച്ച റോമി ബിന്ദറിനെ ശാസിച്ചതായും ബിസിസിഐ അറിയിച്ചു. ഐപിഎലിൽ ടീം ഡ്രസിങ് റൂമി‍ൽ മാനേജർക്ക് ഫോൺ ഉപയോഗിക്കാൻ അനുവാദമുണ്ടെങ്കിലും ഡഗ്ഔട്ടിൽ പാടില്ല. വാതുവയ്പ് തടയുന്നതിനാണിത്.

അതേസമയം 2019ൽ കേന്ദ്ര സർക്കാർ പാസാക്കിയ നിയമപ്രകാരം ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ ഉത്പാദനം, നിർമാണം, ഇറക്കുമതി, കയറ്റുമതി, വിൽപന, വിതരണം, പരസ്യം എന്നിവ കുറ്റകരമാണ്. ഇ സി​ഗരറ്റിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: