ഭാര്യക്ക് അവിഹിതമെന്ന് സംശയം; കൊന്ന് പെട്ടിയിലാക്കി സിമെന്റ് പൂശി ഭര്‍ത്താവ്; കൊല്ലപ്പെട്ടത് മെഡിക്കല്‍ കോളജ് ആശുപത്രി ഡയറ്റീഷ്യന്; ഭാര്യയെ കാണാനില്ലെന്നു പരാതിയും നല്കി

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ ഭാര്യയുടെ സ്വഭാവം മാറിയെന്നും അവിഹിതമുണ്ടെന്നും ആരോപിച്ച് കൊന്ന് പെട്ടിയിലാക്കി സിമന്റ് പൂശി ഭര്‍ത്താവ്. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. സൂറത്ത് മുനിസിപ്പൽ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡയറ്റീഷ്യനായ ശിൽപയാണ് കൊല്ലപ്പെട്ടത് സംഭവത്തിൽ ഭർത്താവ് വിശാൽ സാൽവിയെ (40) പൊലീസ് അറസ്റ്റ് ചെയ്തു.
ഏപ്രിൽ 20-ന് നടന്ന കൊലപാതകത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് കാട്ടി വിശാൽ തന്നെ പൊലീസിൽ പരാതി നൽകിയിരുന്നു. ആദ്യഘട്ടത്തിൽ ശില്പ പുറത്തുപോയെന്നായിരുന്നു വീട്ടുകാരെ അറിയിച്ചിരുന്നത്. സംശയം തോന്നിയ ശില്പയുടെ ബന്ധുക്കൾ നിരന്തരം ചോദ്യം ഉന്നയിച്ചപ്പോൾ അവർ ആശുപത്രിയിൽ പോയെന്നും തിരിച്ചുവന്നില്ലെന്നും മറുപടി നൽകി. എന്നാൽ, കൊലപാതക വിവരം വെളിപ്പെടുത്തി വിശാൽ എഴുതിയ ഒരു കത്ത് അവിചാരിതമായി മകൻ കണ്ടെത്തുകയും വിവരം വാട്സാപ്പ് വഴി ബന്ധുക്കളെ അറിയിക്കുകയും ചെയ്തതോടെയാണ് അഞ്ചു ദിവസം നീണ്ടുനിന്ന ദുരൂഹതകൾക്ക് അന്ത്യമായത്.
ഡയമണ്ട് പോളിഷിംഗ് തൊഴിലാളിയായിരുന്ന വിശാൽ കഴിഞ്ഞ രണ്ട് വർഷമായി തൊഴിൽരഹിതനായിരുന്നു. ഇതേച്ചൊല്ലി ദമ്പതികൾക്കിടയിൽ പതിവായി വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ശിൽപയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് വിശാൽ സംശയിച്ചിരുന്നതായും പൊലീസ് പറയുന്നു. ഏപ്രിൽ 20-ന് ഉണ്ടായ തർക്കത്തിനിടെ ശിൽപയെ കൊലപ്പെടുത്തിയ വിശാൽ, മൃതദേഹം സലാബത്പുരയിലെ തന്റെ പഴയ കുടുംബവീട്ടിലേക്ക് മാറ്റി. അവിടെ വെച്ച് മൃതദേഹം ഒരു മരപ്പെട്ടിയിലാക്കി അതിനു മുകളിൽ സിമന്റ് പൂശുകയായിരുന്നു. മൃതദേഹം അഴുകുന്ന ഗന്ധം പുറത്തുവരാതിരിക്കാനാണ് ഇത്തരത്തിൽ ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു.
‘വിവാഹത്തിന് ശേഷമുള്ള ആദ്യത്തെ കാലം സന്തോഷമായിരുന്നു. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ അവളുടെ സ്വഭാവം അടിമുടി മാറി. എനിക്ക് സംശയങ്ങളുണ്ടായിത്തുടങ്ങി. കുറേ വര്‍ഷം ഞാന്‍ ക്ഷമിച്ചു. ഇനിയും സഹിക്കാന്‍ വയ്യ. കൊലപാതകത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. മറ്റാര്‍ക്കും ഇതില്‍ അറിവോ പങ്കോ ഇല്ല. ഏപ്രില്‍ 20നാണ് ഞാന്‍ ഈ ക്രൂരകൃത്യം ചെയ്തത്. പഴയ വീട്ടിലാണ് മൃതദേഹമുള്ളത്. ഒന്നാമത്തെ നിലയിലുണ്ട്’ -എന്നായിരുന്നു കത്തിനുള്ളിലുണ്ടായിരുന്നത്.
കുറ്റകൃത്യത്തിന് ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസിനെ വിശ്വസിപ്പിച്ച വിശാൽ, അന്വേഷണം തന്നിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഒളിവിൽ പോയി. പോകുന്നതിന് മുൻപ് താൻ ചെയ്ത കുറ്റങ്ങൾ ഏറ്റുപറഞ്ഞും മൃതദേഹം ഒളിപ്പിച്ച സ്ഥലം വ്യക്തമാക്കിയും എഴുതിവച്ച കത്താണ് മകന് കണ്ടത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് അഞ്ച് ദിവസം പഴക്കമുള്ള ശിൽപയുടെ മൃതദേഹം കണ്ടെടുത്തത്.
2010-ൽ വിവാഹിതരായ ഇവർക്ക് 13-ഉം 8-ഉം വയസ്സുള്ള രണ്ട് ആൺമക്കളുണ്ട്. ശിൽപയുടെ പിതാവിന്റെ പരാതിയിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
#SuratMurder, #GujaratNews, #ShilpaMurderCase, #CrimeNews, #DomesticViolence, #SuspicionMurder, #SuratPolice, #KeralaNews, #CrimeUpdates, #DieticianMurder, #TragicIncident, #VishalSalvi, #JusticeForShilpa, #MalayalamNews, #ShockingNews, #LatestUpdates, #SocialIssues, #FamilyCrime, #TrueCrimeIndia, #PoliceInvestigation






