നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്, നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും….ഇതാണ് മോദിയുടെ ഉറപ്പ്

കൊൽക്കത്ത: ‘എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’എന്ന നേതാജി സുഭാഷ് ചന്ദ്രബോസിന്റെ വിഖ്യാതമായ ആഹ്വാനം ഓർമിപ്പിച്ച് ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണം. നേതാജിയുടെ ആഹ്വാനം കേട്ട് രാജ്യം എല്ലാം നൽകി. ഇന്ന് ബംഗാളിനോട് എനിക്ക് പറയാനുള്ളത്, നിങ്ങളുടെ വോട്ട് ഞങ്ങൾക്ക് ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങൾക്ക് വോട്ട് ചെയ്യുക, ഞങ്ങൾ നിങ്ങളെ തൃണമൂൽ കോൺഗ്രസിൽ നിന്ന് മോചിപ്പിക്കും. ബംഗാളിലെ മതുവ മേഖലയിൽ വോട്ടഭ്യർത്ഥിക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
ബംഗാളിൽ ‘തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ’നിന്ന് സ്വാതന്ത്ര്യം നേടിത്തരാമെന്നാണ് പ്രധാനമന്ത്രിയുടെ വാഗ്ദാനം. ബുധനാഴ്ച നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിന് മുമ്പുള്ള പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലായിരുന്നു പ്രധാനമന്ത്രി.
തൃണമൂൽ കോൺഗ്രസിന്റെ മഹാ ജംഗിൾ രാജിൽ നിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ ഭയപ്പെടുത്തലിൽനിന്ന് മോചനം, തൃണമൂൽ കോൺഗ്രസിന്റെ അഴിമതിയിൽ നിന്ന് മോചനം, പെൺമക്കൾക്ക് നേരെ ചെയ്യുന്ന പീഡനങ്ങളിൽ നിന്ന് മോചനം, തൊഴിലില്ലായ്മയിൽ നിന്ന് മോചനം നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് മോചനം, കലാപകാരികളിൽ നിന്ന് മോചനം’ ‘ഇന്ത്യൻ പൗരന്റെ രേഖകളും അവകാശങ്ങളും നിങ്ങൾക്ക് ലഭിക്കും. ഇതാണ് മോദിയുടെ ഉറപ്പ്’ മോദി പ്രസംഗത്തിനിടെ പറഞ്ഞു. താക്കൂറിനഗറിലെ മതുവ ക്ഷേത്രവും മോദി സന്ദർശിച്ചു.






