‘മുഖ്യമന്ത്രി ചർച്ചകൾ ഇനി വേണ്ട‘: കർശന നിർദ്ദേശവുമായി കെപിസിസി; ‘അനുചിത ചർച്ചയിൽ നിന്നും എല്ലാവരും മാറി നില്‍ക്കണം; അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും‘

തിരുവനന്തപുരം: വോട്ടെടുപ്പിനു പിന്നാലെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചര്‍ച്ചകളില്‍ കടുത്ത നിലപാടുമായി കെപിസിസി. ഇത്തരം ചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും അത് മുഖവിലയ്‌ക്കെടുക്കാതെ ചിലര്‍ നടപടികള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് വീണ്ടും മുന്നറിയിപ്പു നല്‍കുന്നതെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു.
മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സംഘടനയ്ക്ക് പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന വിധം പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ പരസ്യ പ്രസ്താവനകള്‍ നടത്താന്‍ പാടില്ലെന്ന് കെപിസിസി പ്രസിഡന്റ് അറിയിച്ചു. അത്തരം പ്രസ്താവനകള്‍ അനുചിതമായതിനാല്‍ എല്ലാവരും അതില്‍നിന്ന് മാറി നില്‍ക്കണം. അല്ലാത്തപക്ഷം അത് അച്ചടക്കലംഘനമായി കണക്കാക്കും. ചര്‍ച്ചകള്‍ കോണ്‍ഗ്രസ് അണികളിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തിയാണ് ഉണ്ടാക്കിയിട്ടുള്ളതെന്നും കെപിസിസി പ്രസിഡന്റ് വ്യക്തമാക്കി.






