ആ 89 ന്റെ കടം ഇക്കുറി ചേട്ടൻ വീട്ടിയിട്ടുണ്ടേ… അവസാന ഓവറിൽ എണ്ണം പറഞ്ഞ രണ്ട് സിക്സറുകൾ ഒരു ഫോർ… ഈ സീസണിൽ സഞ്ജുവിന് രണ്ടാം സെഞ്ചുറി (101*), റൺ വേട്ടക്കാരുടെ പട്ടികയിൽ ഗില്ലിനെ മറികടന്ന് മൂന്നാമത്
മുംബൈ: ഒരു പാടൊന്നും മുന്നോട്ടു പോകണ്ട, മാർച്ച് 5ന് വാങ്കഡേയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 ലോകകപ്പ് സെമിഫൈനൽ. അന്ന് 42 പന്തിൽ 89 റൺസെടുത്ത് സഞ്ജു ടീമിന്റെ നെടുന്തൂണായപ്പോൾ അർഹതപ്പെട്ട സെഞ്ചുറിയാണ് 11 റൺസകലെ നഷ്ടമായത്. എന്നാൽ ഇന്ന് ആ സെഞ്ചുറി കേടും പലിശയും തീർത്ത് സഞ്ജു വീട്ടിയിട്ടുണ്ട്. ഇതോടെ ഏഴു മത്സരങ്ങളിൽനിന്ന് 293 റൺസ് സമ്പാദ്യവുമായി റൺവേട്ടക്കാരുടെ പട്ടികയിൽ ശുഭ്മൻ ഗില്ലിനെ മറികടന്ന് സഞ്ജു മൂന്നാമതെത്തുകയും ചെയ്തു.
ഐപിഎല്ലിൽ ഈ സീസണിൽ ഒരിക്കൽ കൂടി സഞ്ജു സാംസൺ കത്തിക്കയറിയപ്പോൾ മുംബൈക്കെതിരേ മികച്ച സ്കോറുയർത്തി ചെന്നൈ സൂപ്പർ കിങ്സ്. നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 207 റൺസെടുത്തു. ആദ്യം തന്നെ നായകനെ നഷ്ടപ്പെട്ട് തകർച്ച നേരിട്ട ചെന്നൈയ്ക്ക് സഞ്ജു സാംസണിന്റെ ബാറ്റിങ്ങാണ് രക്ഷയായത്. സഞ്ജു 54 പന്തിൽ നിന്ന് 101 റൺസെടുത്തു. ഈ സീസൺ ഐപിഎല്ലിലെ സഞ്ജുവിന്റെ രണ്ടാം സെഞ്ചുറിയാണിത്. പരുക്കേറ്റ മഹേന്ദ്ര സിങ് ധോനി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും വ്യാഴാഴ്ച കളിക്കാനിറങ്ങിയിരുന്നില്ല.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയുടേത് തകർപ്പൻ തുടക്കമായിരുന്നു. സഞ്ജു സാംസണും നായകൻ ഋതുരാജ് ഗെയ്ക്വാദും അടിച്ചുകളിച്ചതോടെ സ്കോർ കുതിച്ചു. എന്നാൽ 14 പന്തിൽ നിന്ന് 22 റൺസെടുത്ത് തിലകിനി ക്യാച്ച് നൽകി ഗെയ്ക്വാദ് പുറത്തായി. പിന്നാലെ സഞ്ജു വെടിക്കെട്ടോടെ കളം നിറയുന്നതാണ് കണ്ടത്. ഹാർദിക് പാണ്ഡ്യ എറിഞ്ഞ നാലാം ഓവറിൽ 19 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. പിന്നെത്തിയ സർഫറാസ് ഖാൻ(14) വേഗം പുറത്തായെങ്കിലും സഞ്ജു ഒരു സൈഡിൽ നിലയുറപ്പിച്ച് ബാറ്റേന്തി. അതോടെ ആറോവറിൽ ടീം 73 റൺസിലെത്തി.
ഒരുവശത്ത് വിക്കറ്റുകൾ വീഴുമ്പോഴും സഞ്ജു സാംസൺ മറുവശത്ത് വെടിക്കെട്ട് തീർത്തു. ഏറെക്കുറെ ഒറ്റയ്ക്കാണ് സഞ്ജു ടീമിനെ മുന്നോട്ടുകൊണ്ടുപോയത്. ശിവം ദുബെ വെറും അഞ്ച് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ ഡെവാൾഡ് ബ്രവിസിനൊപ്പം സഞ്ജു ചെന്നൈ സ്കോർ നൂറുകടത്തി. ഇതോടെ പത്തോവറിൽ 111-3 എന്ന നിലയിലായിരുന്നു ടീം. പിന്നാലെ സഞ്ജുവിന്റെ ഫിഫ്റ്റിയെത്തി. 26 പന്തിൽ നിന്നാണ് താരം അർധസെഞ്ചുറി തികച്ചത്. 11 പന്തിൽ നിന്ന് 21 റൺസെടുത്ത് ബ്രവിസും പിന്നാലെ കൂടാരം കയറി.
അഞ്ചാം വിക്കറ്റിൽ കാർത്തിക് ശർമയുമൊത്ത് മലയാളി താരം ടീമിനെ മുന്നോട്ട് നയിച്ചു. സിക്സറും ഫോറുകളുമായി മുംബൈ ബൗളർമാരെ സഞ്ജു തകർത്തടിച്ചു. 15 ഓവറിൽ 149-4 എന്ന നിലയിലായിരുന്നു ചെന്നൈ. 16-ാം ഓവറിൽ ഒരു സിക്സറും രണ്ട് ഫോറുമടക്കം 15 റൺസാണ് സഞ്ജു അടിച്ചെടുത്തത്. പിന്നാലെ കാർത്തിക് 18 റൺസെടുത്തും ജാമി ഓവർട്ടൺ 15 റൺസെടുത്തും മടങ്ങി. അവസാന ഓവറുകളിൽ സഞ്ജു തകർത്തടിച്ചതോടെ സ്കോർ 200 കടന്നു. അവസാന ഓവറിൽ രണ്ടു സിക്സറും ഒരു ഫോറുമടക്കം 16 റൺസെടുത്ത് താരം സെഞ്ചുറി പൂർത്തിയാക്കി.






