പൊട്ടിച്ചിരികൾ കൂട്ടക്കരച്ചിലിൽ അവസാനിച്ചു; വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കാൻ ശ്രമിച്ച മൂന്ന് പെൺകുട്ടികൾക്ക് ദാരുണാന്ത്യം

മാലകൊണ്ട: സെൽഫിയെടുക്കുന്നതിനിടെ നടന്ന ദാരുണ അപകടത്തിൽ മൂന്ന് കൗമാരക്കാരികൾക്ക് ജീവൻ നഷ്ടമായി. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലുള്ള മൂലഗമ്മി വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്. വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ദുരന്തം.
ഹുകുംപേട്ടയ്ക്കടുത്തുള്ള ജംബുവലസ ഗ്രാമത്തിൽ നിന്നുള്ള ത്രിഷ (17), രത്നകുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പെൺകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. നാലുപേരും വിനോദയാത്രയ്ക്കായാണ് വെള്ളച്ചാട്ടത്തിലെത്തിയത്. മുകളിലെ വഴുക്കുള്ള പാറയിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ ഒരാൾ കാൽ വഴുതി താഴേക്ക് വീണു. രക്ഷിക്കാൻ ശ്രമിച്ചപ്പോൾ മറ്റ് രണ്ട് പേരും നിയന്ത്രണം നഷ്ടപ്പെടുത്തി വെള്ളത്തിലേക്ക് വീണുവെന്നാണ് പ്രാഥമിക വിവരം.
കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഒരാളെ രക്ഷപ്പെടുത്താൻ കഴിഞ്ഞെങ്കിലും, വെള്ളത്തിൽ ഒഴുകിപ്പോയ മൂന്ന് പേരെ രക്ഷിക്കാനായില്ല. തുടർന്ന് പൊലീസ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.






