‘എൽഡിഎഫ് പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രം, വയനാട് ദുരിതബാധിതർക്ക് വീട് വച്ചുനൽകുന്നത് തെരഞ്ഞെടുപ്പുമായി ബന്ധമില്ല, ഭൂമി കണ്ടെത്തിക്കഴിഞ്ഞു, എത്രയും വേഗം വീട് നിർമിച്ച് നൽകും’- ചെന്നിത്തല

പത്തനംതിട്ട: എൽഡിഎഫ് സർക്കാർ ഇന്നു പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വെറും നാടകം മാത്രമാണെന്ന് കോൺഗ്രസ് പ്രചാരണ സമിതി ചെയർമാൻ രമേശ് ചെന്നിത്തല. ജനവിധിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെ, ആർക്കും മറുപടി പറയാൻ കഴിയില്ലെന്ന തെറ്റിദ്ധാരണയിലാണ് സർക്കാർ ഈ കള്ള റിപ്പോർട്ട് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ റിപ്പോർട്ടിന് കടലാസിന്റെ വിലപോലും കേരളത്തിലെ ജനങ്ങൾ നൽകില്ലെന്ന് അദ്ദേഹം പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈഫ് പദ്ധതിയിൽ പകുതിയും പൂർത്തിയാകാത്ത വീടുകളാണെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.
നാല് ലക്ഷം രൂപയ്ക്ക് പാവപ്പെട്ടവർക്ക് വീട് നിർമ്മിക്കാൻ കഴിയില്ലെന്നത് വാസ്തവം. ചൂരൽമലയിലെ ദുരന്തബാധിതർക്ക് വീട് നൽകുന്ന കാര്യത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിക്കുകയാണ്. എന്നാൽ കോൺഗ്രസ് പ്രഖ്യാപിച്ച വീടുകൾക്കായി ഭൂമി കണ്ടെത്തിക്കഴിഞ്ഞു. എത്രയും വേഗത്തിൽ ഈ വീടുകൾ നിർമ്മിച്ച് നൽകുമെന്നും ഇതിന് തെരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ
ഇടതുപക്ഷത്തിന്റെ പ്രകടനപത്രിക മലയോര മേഖലയിലെ കർഷകർക്ക് കനത്ത പ്രഹരമാണ്. വനാതിർത്തിയിൽ ബഫർ സോൺ നിശ്ചയിക്കുമെന്ന നിലപാട് വലിയ പ്രതിഷേധത്തിന് ഇടയാക്കിയപ്പോഴാണ് ഇപ്പോൾ തിരുത്തലുമായി സർക്കാർ രംഗത്തെത്തിയത്.
തമിഴ്നാട് സർക്കാർ സീറോ ബഫർ സോൺ പ്രഖ്യാപിച്ചപ്പോൾ കേരളം കർഷകരെ ദ്രോഹിക്കുകയായിരുന്നു. മാനിഫെസ്റ്റോ പുറത്തിറക്കുന്നതിന് മുൻപ് അത് ഒന്ന് വായിച്ചു നോക്കാൻ പോലും മുഖ്യമന്ത്രി തയ്യാറായില്ല എന്നത് ഗുരുതര വീഴ്ചയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
അതുപോലെ ശബരിമല സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേതെന്ന് അദ്ദേഹം ആരോപിച്ചു. പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കാൻ പാകത്തിൽ കുറ്റപത്രം വൈകിപ്പിച്ചത് സർക്കാരിന്റെ ഗൂഢലക്ഷ്യമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ സ്വർണ്ണ കൊള്ളയിലെ മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം വാക്കുനൽകി.
അതുപോലെ കേരളം ഒരു വനിതാ മുഖ്യമന്ത്രിയെ ആഗ്രഹിക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെ ചെന്നിത്തല സ്വാഗതം ചെയ്തു. കെ.ആർ ഗൗരിയമ്മയെയും സുശീല ഗോപാലിനെയും പോലുള്ള സമുന്നതരായ വനിതാ നേതാക്കളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് അകറ്റിയ ചരിത്രമാണ് സിപിഎമ്മിനുള്ളത്. ജെൻഡർ തുല്യതയുടെ കാലത്ത് ഭാവിയിൽ ഒരു വനിതാ മുഖ്യമന്ത്രിയെ കൊണ്ടുവരുന്നതിനെക്കുറിച്ച് കോൺഗ്രസ് ഗൗരവമായി ആലോചിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന ആത്മവിശ്വാസവും രമേശ് ചെന്നിത്തല ആത്മവിശ്വാസം പ്രകടിപ്പിച്ചു. വോട്ടർമാരുടെ സ്വകാര്യ വിവരങ്ങൾ ദുരുപയോഗം ചെയ്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മെസേജുകൾ അയക്കുന്നത് ഡേറ്റാ നിയമങ്ങളുടെ ലംഘനമാണെന്നും ഇതിനെതിരെ ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






