
പാലക്കാട്: ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പാലക്കാട് നഗരസഭ കൗണ്‍സിലര്‍ പ്രശോഭ് സി വത്സനെ കോൺഗ്രസ് പുറത്താക്കി. ആരോപണം ഉയർന്നയുടനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു, അതിന് പിന്നാലെയാണ് പുറത്താക്കല്‍. കെപിസിസി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് പുറത്താക്കല്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രശോഭിനെതിരായ ലൈംഗികാതിക്രമ പരാതി പാര്‍ട്ടിക്കും മുന്നണിക്കും ദോഷമുണ്ടാക്കിയെന്നാണ് കോൺഗ്രസ് നേതൃത്വ വിലയിരുത്തല്‍.
ധാര്‍മ്മികതയുണ്ടെങ്കില്‍ പ്രശോഭ് കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കണമെന്ന് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ പ്രതികരിച്ചു. എന്നാൽ ഈ വിഷയം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാകുമെന്ന് കരുതുന്നില്ലെന്നും തങ്കപ്പന്‍ പറഞ്ഞു.പാലക്കാട് നഗരസഭയിലെ ഇരുപത്തിനാലാം വാര്‍ഡ് കുന്നത്തൂർ മേട് കൗണ്‍സിലറാണ് പ്രശോഭ് സി വത്സന്‍. 11 വോട്ടിനാണ് ജയിച്ചത്.
ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡിപ്പിച്ചെന്ന് പരാതിയാണ് പ്രശേഭിനെതിരെയുള്ളത്. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും പരാതിക്കാരി പറഞ്ഞു. മുഖ്യമന്ത്രിക്കും പാലക്കാട് എസ്പിക്കുമാണ് യുവതി പരാതി നൽകിയത്.
പാലക്കാട് എംഎൽഎയും കോൺഗ്രസ് മുൻ നേതാവുമായ രാഹുൽ മാങ്കൂട്ടത്തിൻ്റെ അടുത്ത അനുയായിയാണ് പ്രശോഭ് വത്സൻ. മുമ്പ് കുന്നത്തൂർ മേട് നോർത്തിലെ ഫ്ലാറ്റിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്.






