Breaking NewsBusinessIndiaLead NewsNEWSWorld

ശ്രീലങ്കയ്ക്ക് അടിയന്തര സഹായവുമായ് ഇന്ത്യ; 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിലേയ്ക്ക്; ‘ചോദിച്ച ഉടനെ തന്നെയുള്ള അതിവേഗ പിന്തുണയ്ക്ക് നന്ദിയുണ്ട്‘- പ്രസിഡന്റ് അനുര കുമാര ദിസനായകെ

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഊർജ പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ. ശ്രീലങ്കയ്ക്ക് ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ നന്ദി അറിയിച്ചു. ഇന്ത്യയിൽ നിന്ന് 38,000 മെട്രിക് ടൺ ഇന്ധനം കൊളംബോയിൽ എത്തിയതായി അദ്ദേഹം എക്സിൽ കുറിച്ചു.

‘‘പശ്ചിമേഷ്യയിലെ സംഘർഷം കാരണം ശ്രീലങ്ക നേരിടുന്ന ഇന്ധന വിതരണ തടസങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ഇന്നലെ കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നു’’ – അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.

Signature-ad

കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മിഷന്റെ പ്രസ്താവന പ്രകാരം, പശ്ചിമേഷ്യയിൽ നിന്നും സിംഗപ്പൂരിൽ നിന്നും ഇന്ധനം വാങ്ങിയിരുന്ന ശ്രീലങ്കയ്ക്ക് നിലവിലെ യുദ്ധം കാരണം വിതരണത്തിൽ വലിയ തടസങ്ങൾ നേരിട്ടു. ഇസ്രയേൽ – ഇറാൻ സംഘർഷവും ഹോർമുസ് കടലിടുക്കിലെ ഉപരോധവും കാരണം ശ്രീലങ്കൻ ഐഒസിയുമായി കരാറുള്ള വിതരണക്കാർക്ക് ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്. ആകെ എത്തിയ 38,000 മെട്രിക് ടണ്ണിൽ 20,000 ടൺ ഡീസലും 18,000 ടൺ പെട്രോളുമാണുള്ളത്.

അമേരിക്ക – ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം മൂലമുണ്ടായ ഊർജ പ്രതിസന്ധിയെക്കുറിച്ച് ഈ ആഴ്ച ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീലങ്കൻ പ്രസിഡന്റുമായി സംസാരിച്ചിരുന്നു. ഇന്ത്യ-ശ്രീലങ്ക ഊർജ സഹകരണം ശക്തിപ്പെടുത്തുന്നതിനും പ്രാദേശിക സുരക്ഷ വർധിപ്പിക്കുന്നതിനുമുള്ള പ്രധാന നീക്കങ്ങൾ തങ്ങൾ അവലോകനം ചെയ്തതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അടുത്ത പങ്കാളികൾ എന്ന നിലയിൽ, പൊതുവായ വെല്ലുവിളികൾ നേരിടുന്നതിൽ ഒരുമിച്ചു പ്രവർത്തിക്കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിച്ചെന്നും മോദി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: