ഇറാന്റെ പരമോന്നത നേതാവാകാൻ നേതൃത്വം എന്നോട് ആവശ്യപ്പെട്ടു, ഞാൻ പറഞ്ഞു ‘നോ… നന്ദി’- വിചിത്രവാദമുയർത്തി ട്രംപ്, യുദ്ധം ലക്ഷ്യത്തോട് അടുത്തെത്തി, അവർ വെടിനിർത്തൽ ആഗ്രഹിക്കുന്നു…സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയം- അമേരിക്ക

വാഷിങ്ടൺ: മാധ്യമങ്ങൾക്കു മുന്നിൽ വിചിത്ര വാദമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ അടുത്ത പരമോന്നത നേതാവാകാൻ അവിടുത്തെ നേതൃത്വം തന്നോട് അനൗദ്യോഗികമായി ആവശ്യപ്പെട്ടെന്നാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. വാഷിങ്ടൺ ഡിസിയിൽ നടന്ന ഒരു ചടങ്ങിലായിരുന്നു ഈ അസാധാരണ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ, ഈ ആവശ്യം താൻ നിരസിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നേതൃത്വം തന്നെ സമീപിച്ചത് ഇറാന്റെ ഭരണനേതൃത്വത്തിൽ ഉണ്ടായ വിടവ് നികത്താനായാണ്. ഇറാന്റെ പരമോന്നത നേതാവായിരുന്ന അയത്തുള്ള അലി ഖമനേയി കഴിഞ്ഞ മാസം യുഎസും ഇസ്രയേലും സംയുക്തമായി നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ഇറാനിൽ വലിയൊരു ഭരണശൂന്യത നിലനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമനേയിയെ പിന്നീട് പിൻഗാമിയായി തെരഞ്ഞെടുത്തുവെങ്കിലും യുദ്ധം ആരംഭിച്ച ശേഷം അദ്ദേഹം പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. മാത്രമല്ല അദ്ദേഹം ആക്രമണങ്ങളിൽ പരുക്കേറ്റ് ചികിത്സയിലാണെന്ന് റിപ്പോർട്ടുകളും നേരത്തെമുതൽ പുറത്തുവരുന്നുണ്ട്. ഇതിനിടയിലാണ് ഇറാന്റെ ക്ഷണത്തെക്കുറിച്ചുള്ള ട്രംപിന്റെ പുതിയ അവകാശവാദം.
കൂടാതെ ഇറാനിലെ യുദ്ധം ലക്ഷ്യത്തിന് അടുത്തെത്തിയെന്നും ട്രംപ് പറഞ്ഞു. സമാധാന ചർച്ച നടക്കുന്നുവെന്ന് സമ്മതിക്കാൻ ഇറാൻ നേതാക്കൾക്ക് ഭയമാണ്. ഇറാനുമായി രഹസ്യ ചർച്ചകൾ പുരോഗമിക്കുകയാണ്, അവർ മനസാൽ വെടിനിർത്തലിന് ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.
അതേസമയം അമേരിക്കയുമായി യാതൊരു ചർച്ചയും നടക്കുന്നില്ലെന്ന് വ്യക്തമാക്കി ഇറാൻ ഇക്കാര്യം ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ട്. ട്രംപ് തന്നോട് തന്നെയാണോ ചർച്ച നടത്തുന്നതെന്ന് ഇറാന്റെ സൈനിക വക്താവ് ഇബ്രാഹിം സോൽഫാഖാരി പരിഹസിച്ചു. അമേരിക്കയുടെ വെടിനിർത്തൽ ഉപാധികൾ ഇറാൻ കഴിഞ്ഞദിവസം തള്ളിയിരുന്നു. വെടിനിർത്തലിനുള്ള ട്രംപിന്റെ 15 ഉപാധികൾ തള്ളി യുദ്ധം അവസാനിപ്പിക്കുന്നതിന് ഇറാൻ അഞ്ച് നിബന്ധനകളാണ് മുന്നോട്ടുവെച്ചത്. ഹോർമുസിലെ ഇറാന്റെ പരമാധികാരം അംഗീകരിക്കണം, ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണം, വീണ്ടും യുദ്ധം തുടങ്ങില്ലെന്ന് ഉറപ്പു നൽകണം, യുദ്ധത്തെ തുടർന്നുണ്ടായ നഷ്ടങ്ങൾക്കു കൃത്യമായ നഷ്ടപരിഹാരം നൽകണം, ഇറാനിൽ വീണ്ടും യുദ്ധം തുടങ്ങില്ലെന്നത് ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയാണ് ഇറാൻ മുന്നോട്ടുവെച്ച നിബന്ധനകൾ. എന്നാൽ ഇറാന്റെ ഈ നിബന്ധനകൾ അമേരിക്ക അംഗീകരിക്കാൻ സാധ്യതയില്ലെന്ന് നിരീക്ഷകർ പറയുന്നു.






