Breaking NewsKeralaLead NewsNEWSpolitics

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി; റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത്

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.

വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ എന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.

Back to top button
error: