Breaking NewsIndiaLead NewsNEWS

അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു, ഈ മനുഷ്യൻഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു… എനിക്ക് നയൻതാരയെ വേണം, എനിക്ക് കെട്ടിച്ചുതരുമോ?- വീണ്ടും വിവാദത്തിനു തിരികൊളുത്തി രാജ്യസഭാ എംപി സി.വി. ഷൺമുഖം

ചെന്നൈ: ഡിഎംകെ സർക്കാരിനെ വിമർശിക്കാൻ എഐഎഡിഎംകെ നേതാവ് പ്രമുഖ നടി നയൻതാരയുടെ പേര് ലൈംഗികച്ചുവയോടെ ഉപയോഗിച്ചെന്ന് വിമർശനം. രാജ്യസഭാ എംപിയായ സി.വി. ഷൺമുഖത്തിനെതിരേയാണ് ആരോപണം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ജനങ്ങളോട് അവരുടെ സ്വപ്‌നങ്ങൾ പങ്കുവെക്കാനും, അത് നിറവേറ്റാൻ സർക്കാർ ശ്രമിക്കുമെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. ഇതിനെ ചുവടുപിടിച്ചായിരുന്നു ഷൺമുഖം, നയൻതാരയുടെ പേര് വലിച്ചിഴച്ചത്. സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട പ്രതിഷേധ റാലിക്കിടെയായിരുന്നു ഷൺമുഖത്തിന്റെ പരാമർശമെന്നതും വിരോധാഭാസം.

‘അബ്ദുൾ കലാം നമ്മോട് സ്വപ്നം കാണാൻ പറഞ്ഞു. എന്നാൽ, ഈ മനുഷ്യൻ (എം.കെ. സ്റ്റാലിൻ) ഒരു പടികൂടി കടന്ന് ‘നിങ്ങൾ സ്വപ്നം കാണൂ, ഞാൻ അത് നിറവേറ്റിത്തരാം’ എന്ന് പറയുന്നു. എനിക്ക് നയൻതാരയെ വേണം, അദ്ദേഹം എന്റെ സ്വപ്നം നിറവേറ്റുമോ? നയൻതാരയെ എനിക്ക് വിവാഹം കഴിച്ചുതരൂ എന്ന് ഞാൻ പറഞ്ഞാൽ അദ്ദേഹം അത് ചെയ്തുതരുമോ?’ എന്നായിരുന്നു ഷൺമുഖത്തിൻ്റെ പരാമർശം. സംസ്ഥാനത്തിന്റെ വികസനത്തിന് രൂപരേഖ തയ്യാറാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഉങ്കൾ കനവൈ സൊല്ലുങ്കൾ’ എന്ന പദ്ധതിയെ ആണ് ഷണ്മുഖം പരിഹസിച്ചത്.

Signature-ad

അതേസമയം സി.വി. ഷണ്മുഖം ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്നത് ആദ്യമായല്ല. 2025 ഒക്ടോബറിൽ വിഴുപ്പുറത്ത് നടന്ന ബൂത്ത് ഏജന്റുമാരുടെ യോഗത്തിലും സമാന രീതിയിൽ ലൈം​ഗിക പരാമർശം നടത്തിയിരുന്നു. ‘പൊങ്കൽ കഴിയും, വൈകാതെതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. ഇനി മൂന്നോ നാലോ മാസം മാത്രമേ ബാക്കിയുള്ളൂ. സൗജന്യ മിക്സി, ഗ്രൈൻഡർ, ആട്, പശു എന്നിങ്ങനെ ഒട്ടേറെ പ്രഖ്യാപനങ്ങൾ വരും. എന്തിന്, ഓരോരുത്തർക്കും ഓരോ ഭാര്യയെവീതം നൽകുമെന്ന് പോലും അവർ പറഞ്ഞേക്കാം! നിങ്ങൾ വോട്ട് ചെയ്യുകയാണെങ്കിൽ അവർ അതൊക്കെ സൗജന്യമായി തരും’ എന്നായിരുന്നു അന്ന് പറഞ്ഞത്.

അതുപോലെ മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനായതുകൊണ്ടാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് ഇങ്ങനെയുള്ള വാഗ്ദാനങ്ങൾ നൽകാൻ കഴിയുന്നതെന്നും അദ്ദേഹം അന്ന് പരിഹസിച്ചിരുന്നു. അതേസമയം ഷണ്മുഖത്തിന്റെ പ്രസംഗത്തിനെതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ഗീത ജീവൻ രംഗത്തെത്തി. ഷണ്മുഖം സ്ത്രീകളെ അവഹേളിക്കുകയാണെന്ന് അവർ പറഞ്ഞു. എഐഎഡിഎംകെ എന്ന പാർട്ടിക്ക് സ്ത്രീകളോടുള്ള കാഴ്ചപ്പാടിനെ അവർ കുറ്റപ്പെടുത്തുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: