‘ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല‘ – കെ. സുധാകരൻ

ന്യൂഡൽഹി: സ്ഥാനാർഥിനിർണയവുമായി ബന്ധപ്പെട്ട് അനിശ്ചിതത്വം നിലനിൽക്കേ നിർണായകപ്രതികരണവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കെ. സുധാകരൻ. നമ്മക്ക് നിലയും വിലയുമൊന്നുമില്ലെന്നും തന്നെ ആരും ചർച്ചയ്ക്ക് വിളിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോർട്ട് . ഡൽഹിയിലെത്തിയ ശേഷമുള്ള സുധാകരന്റെ ആദ്യ പ്രതികരണമാണിത്.
ഒരു ചർച്ചക്കും ആരും എന്നെ വിളിച്ചിട്ടില്ല. നമ്മക്ക് നിലയും വിലയുമൊന്നുമില്ല – കെ. സുധാകരൻ പ്രതികരിച്ചു. നിലയും വിലയുമില്ലെന്ന് പറഞ്ഞുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന് ചോദിച്ചപ്പോൾ ചിരിച്ചുകൊണ്ടാണ് സുധാകരൻ മറുപടി പറഞ്ഞത്. തന്നെ വിളിച്ചിട്ടില്ലെന്നും ആരെങ്കിലും വിളിക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. സ്ഥാനാർഥി നിർണയത്തിൽ അതൃപ്തിയുണ്ടോ എന്ന ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.
അതേസമയം സുധാകരൻ ഇന്ന് പാർലമെന്റിൽ പോകും. അതിനുശേഷം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമോ എന്നതിൽ വ്യക്തത വന്നിട്ടില്ല.
മത്സരിക്കുന്ന കാര്യം പാർട്ടി തീരുമാനിക്കുമെന്നാണ് സുധാകരൻ നേരത്തേ വ്യക്തമാക്കിയത്. സുധാകരനോട് ചൊവ്വാഴ്ച ഡൽഹിയിലെത്താൻ നിർദേശിച്ചിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം അനുനയനീക്കങ്ങൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്. തിങ്കളാഴ്ച രാഹുൽഗാന്ധിയുമായി കൂടിക്കാഴ്ചക്കെത്താൻ മുമ്പ് നിർദേശിച്ചിരുന്നുവെങ്കിലും പോകേണ്ടെന്ന തീരുമാനത്തിലായിരുന്നു സുധാകരൻ. എന്തെങ്കിലും തരത്തിലുള്ള ഉറപ്പ് ഹൈക്കമാൻഡിൽനിന്ന് ലഭിച്ചാൽ മാത്രമേ ഡൽഹിയിലേക്കുള്ളൂവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.






