
ടെൽ അവീവ്: ഇറാന്റെ ആയുധശേഷി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള യുദ്ധത്തിന് പദ്ധതിയിട്ട് ഇസ്രായേൽ. വരുന്ന മൂന്നാഴ്ചത്തെ യുദ്ധത്തിനായി വിശദമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ആക്രമണ ദൗത്യങ്ങൾ നീട്ടാനുള്ള പദ്ധതിയും തങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ഇസ്രയേൽസൈന്യം തിങ്കളാഴ്ച പറഞ്ഞു.
ഇസ്രയേലിനെതിരെ പ്രയോഗിക്കാനുള്ള ഇറാന്റെആയുധ ശേഷി ദുർബലമാക്കുകയാണ് യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഇസ്രയേൽസേനാ വക്താവ് ലെഫ്. കേണൽ നദവ് ഷൊഷാനി പറഞ്ഞു. ബാലിസ്റ്റിക് മിസൈലിനുവേണ്ട അടിസ്ഥാനസൗകര്യങ്ങൾ, ആണവസംവിധാനങ്ങൾ, മറ്റു സുരക്ഷാസൗകര്യങ്ങൾ എന്നിവയ്ക്കുനേരേ ആക്രമണം നടത്തുന്നത് ഇതിനായാണെന്നും പറഞ്ഞു. 1.10 ലക്ഷം കരുതൽസൈനികരെ ദൗത്യത്തിനുതയ്യാറാക്കിയിട്ടുണ്ടെന്നും ഇനിയും ആയിരക്കണക്കിനു ലക്ഷ്യങ്ങൾ ആക്രമിക്കാനുണ്ടെന്നും അറിയിച്ചു. അതിനിടെ, ഞായറാഴ്ചരാത്രി മിർകാസി, മഹല്ലത്, ഖൊമേയ്ൻ, അറാക് എന്നിവിടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തി. തിങ്കളാഴ്ച ടെഹ്റാൻ, ഷിറാസ്, തബ്റിസ് എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
ഇസ്രയേലിലെ ടെൽ അവീവ് ലക്ഷ്യമിട്ട് ഇറാൻ മിസൈൽ അയച്ചു. ജറുസലേമിനെ ലക്ഷ്യമിട്ട് അയച്ച മിസൈൽ ജൂതമതവും ക്രിസ്തുമതവും ഇസ്ലാംമതവും പാവനമായിക്കരുതുന്ന ടെംപിൾ മൗണ്ടിനടുത്തെത്തിയെന്ന് ഇസ്രയേൽ പോലീസ് പറഞ്ഞു. ആകാശത്തുവെച്ചു തകർത്ത മിസൈലിന്റെ അവശിഷ്ടം പുണ്യഭൂമിയുടെ പരിസരത്തു പതിച്ചെന്നും പറഞ്ഞു. അബുദാബിയിൽ യു.എസിന്റെ അൽ ദർഫ വ്യോമതാവളവും ബഹ്റൈനിലെ യു.എസ്. നാവികത്താവളവും വ്യോമതാവളവും ആക്രമിച്ചെന്നും പറഞ്ഞു.
അതിനിടെ, ചൈന സന്ദർശനത്തിന് ഒരുങ്ങിയിരുന്ന യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആ യാത്ര മാറ്റിവച്ചെന്ന വിവരവും പുറത്തുവന്നു. മാർച്ച് 31 മുതൽ ഏപ്രിൽ രണ്ടുവരെയയിരുന്നു ട്രംപിന്റെ ചൈന യാത്ര നിശ്ചയിച്ചിരുന്നത്. ഹോർമുസ് തുറക്കാൻ ചൈന സഹായിക്കുമെന്നാണ് കരുതുന്നതെന്നാണ് യുഎസ് വൃത്തങ്ങൾ ആവർത്തിക്കുന്നത്.
അതേസമയം, ഹോർമുസിലേക്ക് നാവികസേനയെ അയക്കില്ലെന്ന് ജപ്പാനും ഓസ്ട്രേലിയയും യൂറോപ്യൻരാജ്യങ്ങളായ ബ്രിട്ടൻ, ജർമനി, ഗ്രീസ്, ഇറ്റലി, ലക്സംബർഗ് എന്നിവയും വ്യക്തമാക്കി. ചെങ്കടലിലുള്ള യൂറോപ്യൻ യൂണിയന്റെ നാവികദൗത്യം ഹോർമുസിലേക്ക് നീട്ടുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് യൂറോപ്യൻ കമ്മിഷൻ ഉപാധ്യക്ഷ കായാ കള്ളസ് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ജർമനി, ഗ്രീസ്, ഇറ്റലി, ലക്സംബർഗ് എന്നീ രാജ്യങ്ങൾ എതിർപ്പറിയിച്ചത്.
യു.എ.ഇ.യെ ഇറാന്റെ ആക്രമണത്തിൽനിന്നു സംരക്ഷിക്കുന്നതിനായി നിരീക്ഷണവിമാനവും മിസൈലുകളും പശ്ചിമേഷ്യയിലേക്ക് അയച്ചേക്കുമെന്ന് ഓസ്ട്രേലിയയും പറഞ്ഞിട്ടുണ്ട്.





