ഇവൻ ഏതോ വേറെ ലെവൽ വീഡിയോ ഗെയിം ആണല്ലോ കളിക്കുന്നത് എന്നാണ് അന്ന് ഞങ്ങൾ ചിന്തിച്ചത്… ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?- ദ്രാവിഡ്, ” അങ്ങനെയൊന്നുമില്ല സാർ, ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും- വൈഭവ്!! അവൻ പറഞ്ഞപോലെ ചെയ്തു…ഐപിഎല്ലിലെ വൈഭവിന്റെ അരങ്ങേറ്റം വിവരിച്ച് സഞ്ജു

സഞ്ജു സാംസൺ ഐപിഎൽ അരങ്ങേറ്റത്തിന് മുമ്പ് യുവതാരം വൈഭവ് സൂര്യവംശി നടത്തിയ ധൈര്യമായ സംഭാഷണം വെളിപ്പെടുത്തി വേദിയിൽ ചിരി പടർത്തിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. പരിശീലകൻ രാഹുൽ ദ്രാവിഡയുമായുള്ള ആ സംഭാഷണത്തിന് പിന്നാലെ തന്നെ ആദ്യ പന്തിൽ സിക്സറടിച്ചാണ് ആരാധകരെ ഞെട്ടിച്ചതെന്ന് സാംസൺ പറഞ്ഞു. കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് 1.1 കോടി രൂപയ്ക്ക് ടീമിലെത്തിച്ച സൂര്യവംശി 2025-ൽ ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരായ മത്സരത്തിലൂടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരുന്നു. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽ തന്നെ ഇന്ത്യയുടെ ഓൾറൗണ്ടറായ ശാർദുൽ താക്കൂറിനെ സിക്സറടിച്ച് താരം ശ്രദ്ധ നേടി. ബോർഡ് ഓഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ വാർഷിക നമൻ അവാർഡ് ചടങ്ങിൽ സംസാരിക്കുമ്പോഴാണ് സാംസൺ ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.
നമൻ അവാർഡ് ഷോയ്ക്കിടെ രാജസ്ഥാൻ റോയൽസിനായി ഐപിഎൽ അരങ്ങേറ്റം കുറിച്ചപ്പോഴുള്ള തന്റെ മാനസികാവസ്ഥയെക്കുറിച്ച് അവതാരകൻ വൈഭവ് സൂര്യവംശിയോട് ചോദിക്കുകയുണ്ടായി. തന്റെ ശൈലിയെക്കുറിച്ച് വൈഭവ് പറഞ്ഞു തുടങ്ങിയത് ഇങ്ങനെയാണ്: “അവർ എന്നോട് ആക്രമിച്ചു കളിക്കാൻ പറഞ്ഞാൽ, ഞാൻ ആക്രമിച്ചു കളിക്കും.”
ഈ സമയത്ത് സഞ്ജു സാംസൺ ഇടപെട്ടുകൊണ്ടാണ് വൈഭവിന്റെ അരങ്ങേറ്റ കഥ വെളിപ്പെടുത്തിയത്. “സോറി, ഞാനൊന്ന് ഇടപെട്ടോട്ടെ? ആ മീറ്റിംഗിൽ ഞാനും ഉണ്ടായിരുന്നു, അതുകൊണ്ട് ഇതിന്റെ പിന്നിലെ യഥാർത്ഥ കഥ ഞാൻ പറയാം.” രാഹുൽ ദ്രാവിഡ് തന്നെ വിളിച്ചു പറഞ്ഞ കാര്യത്തെക്കുറിച്ച് സഞ്ജു വിവരിച്ചു: “നമുക്ക് ഈ പയ്യനോട് ഒന്ന് സംസാരിക്കണം. ബാറ്റിംഗിനെ എങ്ങനെ സമീപിക്കണം എന്നതിനെക്കുറിച്ച് അവന് ചില നിർദ്ദേശങ്ങൾ നൽകേണ്ടതുണ്ട്.”തുടർന്ന് നടന്ന ചർച്ചയിൽ രാഹുൽ ദ്രാവിഡ് വൈഭവിനോട് ചോദിച്ചു: “ബാറ്റിംഗിനെക്കുറിച്ച് നിന്റെ പ്ലാൻ എന്താണ്?”
വളരെ ലാഘവത്തോടെയായിരുന്നു വൈഭവിന്റെ മറുപടിയെന്ന് സഞ്ജു ഓർക്കുന്നു: “പ്രത്യേകിച്ച് ഒന്നുമില്ല സാർ, ഞാൻ അവിടെ പോയി അങ്ങ് കളിക്കും.”രാഹുൽ ദ്രാവിഡ് വീണ്ടും ചോദിച്ചു: “ശരിക്കും നിന്റെ ഗെയിം പ്ലാൻ എന്താണ്?” അതിന് വൈഭവ് നൽകിയ മറുപടി ഇതായിരുന്നു: “ആദ്യത്തെ പന്ത് എനിക്കാണ് കിട്ടുന്നതെങ്കിൽ, ആ ആദ്യ പന്ത് തന്നെ ഞാൻ അടിക്കും.” കളിക്കളത്തിൽ ഇറങ്ങിയപ്പോൾ വൈഭവ് ചെയ്തതും അതുതന്നെയായിരുന്നു! ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞു: “അവൻ പറഞ്ഞത് പോലെ തന്നെ ചെയ്തു. സ്വന്തം വീഡിയോ ഗെയിം കളിക്കുന്നതുപോലെയാണ് അവൻ്റെ ബാറ്റിംഗ്,” സാംസൺ ചേർത്തു.
പിന്നീട് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസ്ക്കെതിരെ 38 പന്തിൽ 101 ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചുറിയനായും സൂര്യവംശി മാറി. അതേസമയം 2026 സീസണിൽ രാജസ്ഥാൻ റോയൽസ് ഐപിഎൽ കിരീടം നേടിക്കൊടുക്കുകയാണ് തൻ്റെ ലക്ഷ്യമെന്ന് 14-കാരൻ വ്യക്തമാക്കി. “ടീമിന് ട്രോഫി നേടുക എന്നതാണ് പ്രധാന ലക്ഷ്യം. ടീമിന് വിജയമുണ്ടെങ്കിൽ അത് ഫ്രാഞ്ചൈസിക്കും എൻ്റെയും പ്രകടനത്തിനും വലിയ നേട്ടമാകും”- സൂര്യവംശി പറഞ്ഞു.






