“ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളംകാലം അനുമതി ലഭിക്കില്ല… എൻആർഐ വ്യവസായി സാജൻ ആത്മഹത്യ പികെ ശ്യാമളയ്ക്ക് തിരിച്ചടിയാകും!! അണികളുടെ എതിർപ്പ് പാർട്ടി മുഖവിലയ്ക്കെടുത്തില്ല, ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറി, ടി.കെ. ഗോവിന്ദൻ പാർട്ടിവിട്ടു, സ്വതന്ത്രനായി മത്സരിക്കും, കോൺഗ്രസ് പിന്തുണയ്ക്കാൻ സാധ്യത

കണ്ണൂർ: അണികളുടേയും പാർട്ടിക്കുള്ളിലേയും എതിർപ്പിനെ മറികടന്ന് തളിപ്പറമ്പ് മണ്ഡലത്തിൽ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയ തീരുമാനം കണ്ണൂർ സിപിഎമ്മിൽ പൊട്ടിത്തെറിയിലേക്ക് നയിക്കുന്നു. കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് മുതിർന്ന നേതാവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ പാർട്ടി വിട്ടു. നിയമസഭാ തെരഞ്ഞെടുപ്പിൽ തളിപ്പറമ്പ് മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയായ പികെ ശ്യാമളക്കെതിരെ അദ്ദേഹം സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. പാർട്ടിയുടേത് ധാർമികത ഇല്ലാത്ത നടപടിയെന്നും അദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന വാർത്ത സമ്മേളനത്തിലാണ് ടി.കെ. ഗോവിന്ദൻ നിലപാട് വ്യക്തമാക്കിയത്. പാർട്ടിയുടെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. നിലവിൽ ഹാൻഡ്വീവ് ചെയർമാനാണ് ഗോവിന്ദൻ.
അതേസമയം നേരത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിനെതിരേ കമ്മിറ്റിയിൽ എതിർപ്പ് അറിയിച്ച ഗോവിന്ദൻ, ഇക്കഴിഞ്ഞ ദിവസങ്ങളിലെ യോഗങ്ങളിൽ പങ്കെടുത്തിരുന്നില്ലെന്നാണ് വിവരം. ഇതോടെയാണു ഗോവിന്ദന്റെ എതിർപ്പ് പരസ്യമായത്. അതേസമയം സിപിഎമ്മിലെ പൊട്ടിത്തെറിയെ കോൺഗ്രസ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. തളിപ്പറമ്പിൽ കഴിഞ്ഞ തവണ മത്സരിച്ച വിപി അബ്ദുൾ റഷീദിനെ ആദ്യം തീരുമാനിച്ചെങ്കിലും പുതിയ സാഹചര്യത്തിൽ ടി.കെ ഗോവിന്ദൻ മത്സരിച്ചാൽ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്താതെ അദ്ദേഹത്തെ പിന്തുണച്ചേക്കുമെന്നും സൂചനകളും പുറത്തുവരുന്നുണ്ട്.
അതേസമയം ഞായറാഴ്ചത്തെ ഔദ്യോഗിക സ്ഥാനാർഥി പ്രഖ്യാപനത്തിന് പിന്നാലെ ശ്യാമള മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രവാസി വ്യവസായി ആന്തൂരിലെ സാജന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ശ്യാമളയുടെ സ്ഥാനാർഥിത്വത്തെ വിവാദത്തിലാക്കിയത്. പാർട്ടി സെക്രട്ടറിയായതിനാൽ എം.വി ഗോവിന്ദൻ മത്സരിക്കാത്ത സാഹചര്യത്തിൽ ഭാര്യയെ പകരം സ്ഥാനാർഥിയാക്കി എന്ന ആക്ഷേപമാണ് പാർട്ടി അണികളിൽ നിന്ന് ഉയരുന്നത്. പാർട്ടിയുടെ കോട്ടയായ മണ്ഡലത്തിൽ ഇത്തരത്തിൽ വിവാദങ്ങളുണ്ടാകുന്നത് സിപിഎമ്മിനും തലവേദനയാവുകയാണിപ്പോൾ.
എൻആർഐ വ്യവസായി സാജൻ ആത്മഹത്യയും പികെ ശ്യാമളയും
2019 ജൂൺ 18-ന് കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലെ ബക്കളം പ്രദേശത്ത് നിക്ഷേപിച്ച 15-18 കോടി രൂപയുടെ കൺവെൻഷൻ സെന്റർ പ്രോജക്ടിന് അനുമതി ലഭിക്കാത്തതിന്റെ മാനസിക സമ്മർദ്ദത്താൽ നൈജീരിയ ആസ്ഥാനമായുള്ള എൻആർഐ വ്യവസായി സാജൻ ആത്മഹത്യ ചെയ്തത്. ഏറെ നാൾ പ്രവാസിയായിരുന്ന് പിന്നീട് നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ സാജൻ, തന്റെ സമ്പാദ്യം ഉപയോഗിച്ച് ‘പാർത്ഥ’ എന്ന പേരിലുള്ള അത്യാധുനിക കൺവെൻഷൻ സെന്റർ നിർമിച്ചിരുന്നു. എന്നാൽ, സിപിഎം നിയന്ത്രണത്തിലുള്ള ആന്തൂർ മുനിസിപ്പാലിറ്റി ഓക്യുപൻസി സർട്ടിഫിക്കറ്റ് നിഷേധിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്.
അന്നത്തെ മുനിസിപ്പാലിറ്റി ചെയർപേഴ്സണും എംവി ഗോവിന്ദന്റെ ഭാര്യയും ഇപ്പോഴത്തെ സിപിഎം നിയമസഭാ സ്ഥാർഥിയുമായ പി.കെ. ശ്യാമള സാജനോട് വൈരാഗ്യം പ്രകടിപ്പിച്ചിരുന്നതായി സാജന്റെ ഭാര്യ ബീന ആരോപിച്ചിരുന്നു. സാജൻ പ്രോജക്ടിന്റെ അനുമതി കുടുങ്ങിയപ്പോൾ മുൻ സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ സമീപിച്ചിരുന്നു. ഇതാണ് ശ്യാമളയെ ചൊടിപ്പിച്ചത്, “ഞാൻ ചെയർപേഴ്സണായിരിക്കുന്നിടത്തോളം അനുമതി ലഭിക്കില്ല” എന്ന് അവർ പറഞ്ഞതായി ബീന പറയുന്നു. തുടർന്ന് മുനിസിപ്പാലിറ്റി അധികൃതർ ആറ് നോട്ടീസുകൾ നൽകി, നിർമാണത്തിലെ ചെറിയ ലംഘനങ്ങൾ ചൂണ്ടിക്കാട്ടി ഹരാസ് ചെയ്തു. ഒരു ആറാമത്തെ നോട്ടീസ് കൈപറ്റിയതിനുശേഷമാണ് സാജൻ ആത്മഹത്യ ചെയ്തത്…
പിന്നീട് കേസുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ആന്തൂർ നഗരസഭാ അധ്യക്ഷ പികെ ശ്യാമളയെയും ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. നഗരസഭയിലെ ഫയലുകൾ പിടിച്ചെടുത്തു പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ കൺവെൻഷൻ സെന്ററിന്റെ അനുമതിയുമായി ബന്ധപ്പെട്ട മനോവിഷമമാണ് മരണ കാരണമെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. കൂടാതെ, സാജന്റെ ആത്മഹത്യയിലേക്ക് നയിച്ച ക്രിമിനൽ കുറ്റം ചെയ്തെന്ന് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ ശ്യാമളയടക്കമുള്ളവർക്കെതിരെ കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞില്ല. സാജന്റെ ആത്മഹത്യയിൽ പി കെ ശ്യാമളയ്ക്കെതിരെ തെളിവില്ലെന്ന കണ്ടെത്തലിൽ അന്വേഷണസംഘം എത്തുകയും ചെയ്തു.






