Breaking NewsIndiaLead NewsNEWSpoliticsWorld

‘ഹോർമൂസ് പിടിച്ചടക്കാൻ ഇന്ത്യ യുഎസിനെ സഹായിക്കും: ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ് എന്നീ ഏഷ്യൻ രാജ്യങ്ങളും പിന്തുണ നൽകും‘- യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്

വാഷിങ്ടൺ: ലോകത്തിലെ നിർണ്ണായക ഇന്ധന നീക്കപാതയായ ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ യുഎസിനൊപ്പം ഇന്ത്യ നിൽക്കുമെന്ന് സൂചിപ്പിച്ച് യുഎസ് ഊർജ സെക്രട്ടറി ക്രിസ് റൈറ്റ്. ഹോർമുസ് കടലിടുക്ക് സൈനീക ബലത്തിലൂടെ പിടിച്ചെടുക്കാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണ തേടിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമായ ചില രാജ്യങ്ങളെക്കുറിച്ച് ട്രംപ് തന്നോട് പറഞ്ഞതായി റൈറ്റ് അവകാശപ്പെട്ടു. ഈ രാജ്യങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് ഇന്ത്യയുടെ കാര്യവും റൈറ്റ് സൂചിപ്പിച്ചത്.

‘ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ മറ്റ് രാജ്യങ്ങളെ സമീപിക്കുകയാണെന്ന് ശനിയാഴ്ച പ്രസിഡന്റ് ട്രംപ് പറഞ്ഞു. അദ്ദേഹം ചൈന, ജപ്പാൻ, യുകെ, ഫ്രാൻസ്, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുടെ പേരുകൾ പരാമർശിച്ചു. ചില രാജ്യങ്ങൾ യുഎസിനെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം എന്നോട് പറഞ്ഞു,‘ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു.

Signature-ad

ഹോർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ സഹായിക്കുന്ന രാജ്യങ്ങളുടെ പ്രത്യേക പേരുകൾ നൽകാമോ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, ക്രിസ് റൈറ്റ് ചോദ്യം ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യ ഉൾപ്പെടെ ചില രാജ്യങ്ങളുടെ പേര് പരാമർശിച്ചു. താൻ ആ രാജ്യങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും എന്നാൽ വിവരങ്ങൾ പുറത്തുവിടില്ലെന്നും റൈറ്റ് പറഞ്ഞു. ഏഷ്യൻ രാജ്യങ്ങളായ ജപ്പാൻ, കൊറിയ, ചൈന, തായ്‌ലൻഡ്, ഇന്ത്യ എന്നിവയുടെ മൊത്തം ഊർജ വിതരണത്തിന്റെ ഒരു പ്രധാന ഭാഗം ഹോർമുസ് കടലിടുക്കിലൂടെയാണ് വരുന്നതെന്നും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ ലോകം ഒന്നിക്കുമെന്നും യുഎസിന്റെ ആ ലക്ഷ്യം നേടാൻ മറ്റ് രാജ്യങ്ങളുടെ പിന്തുണയുണ്ടാകുമെന്നും റൈറ്റ് കൂട്ടിച്ചേർത്തു.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ രാജ്യങ്ങളുടെ ഒരു കൂട്ടായ്മ രൂപവത്കരിക്കാൻ ട്രംപ് ശ്രമിക്കുന്നതായും ഈ ആഴ്ച അവസാനം അത് പ്രഖ്യാപിക്കുമെന്നും ആക്സിയോസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഈ പ്രസ്താവനകൾ.

ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും യുഎസ്, ഇസ്രായേൽ കപ്പലുകൾക്ക് മാത്രമാണ് യാത്ര നിരോധിച്ചിട്ടുള്ളതെന്നും ഇറാൻ പറഞ്ഞിരുന്നു. ‘ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണ്. അത് നമ്മുടെ ശത്രുക്കളായ, നമ്മെയും നമ്മുടെ സഖ്യകക്ഷികളെയും ആക്രമിക്കുന്നവരുടെ കപ്പലുകൾക്കും ടാങ്കറുകൾക്കും മാത്രമായി അടച്ചിട്ടിരിക്കുകയാണ്. മറ്റുള്ളവർക്ക് കടന്നുപോകാം,‘ ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി ശനിയാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. അതിനുപിന്നാലെയാണ് ഹോർമൂസ് സൈനീകബലത്തിലൂടെ പിടിച്ചെടുക്കാൻ യുഎസിനൊപ്പം ലോകരാജ്യങ്ങൾ അണിചേരണമെന്ന ആഹ്വാനം ഡൊണാൾഡ് ട്രംപ് നടത്തിയത്.

Back to top button
error: