Breaking NewsLead NewsNEWSWorld

ഭീഷണിപ്പെടുത്തി കാര്യം നടത്തുന്ന മുൻ തന്ത്രം പുറത്തെടുത്ത് ട്രംപ്!! ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം…വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നത്, ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിൽ അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കും’

വാഷിങ്ടൺ: ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഹോർമുസ് കടലിടുക്കിനെ മോചിപ്പിക്കാൻ സഖ്യകക്ഷികളോടു സഹായം അഭ്യർത്തിച്ചും ഭീഷണി തുടർന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹായം ആവർത്തിച്ച ട്രംപ് നാറ്റോ സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അമേരിക്കയെ സഖ്യകക്ഷികൾ സഹായിച്ചില്ലെങ്കിൽ നാറ്റോയുടെ ഭാവി മോശമായിരിക്കുമെന്ന ഭീഷണിയും ട്രംപ് മുഴക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ ഭീഷണി.

റഷ്യയുമായുള്ള യുദ്ധത്തിൽ അമേരിക്ക യുക്രൈനെ സഹായിച്ചതുപോലെ, ഹോർമുസ് കടലിടുക്കിൽ യൂറോപ്പ് സഹായിക്കുമെന്ന് താൻ പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ‘പ്രതികരണമില്ലാതിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ നാറ്റോയുടെ ഭാവിക്കത് വളരെ മോശമായിരിക്കും’ ട്രംപ് പറഞ്ഞു. വർഷങ്ങളായി നാറ്റോ സഖ്യം അമേരിക്കയുടെ ഔദാര്യത്തിലാണ് വളരുന്നതെന്നും ട്രംപ് അഭിമുഖത്തിൽ പറഞ്ഞു.

Signature-ad

അതുപോലെ ചൈന ഇറക്കുമതി ചെയ്യുന്ന 90 ശതമാനം എണ്ണയും ഹോർമുസ് വഴിയാണ് ലഭിക്കുന്നതെന്ന് പറഞ്ഞ ട്രംപ് അവരുടെ സഹായം താൻ പ്രതീക്ഷിക്കുന്നുണ്ടെന്നും അറിയിച്ചു. ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പ്രസിഡന്റുമായുള്ള തന്റെ കൂടിക്കാഴ്ച വൈകാൻ സാധ്യതയുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘ഉച്ചകോടിക്ക് മുമ്പ് ഞങ്ങൾക്കത് അറിയണം’ ട്രംപ് പറഞ്ഞു. ചൈനയും പല യൂറോപ്യൻ രാജ്യങ്ങളും ഗൾഫിൽ നിന്നുള്ള എണ്ണയുടെ ഒഴുക്കിനെ അമേരിക്കയേക്കാൾ കൂടുതൽ ആശ്രയിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് സഹായം ലഭിക്കുന്നതിനായി അമേരിക്ക ഏഴോളം രാജ്യങ്ങളുമായി ചർച്ച നടത്തുകയാണെന്ന് എയർ ഫോഴ്‌സ് വണ്ണിൽ മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. എന്നാൽ ഏതെല്ലാം രാജ്യങ്ങളാണിതെന്ന് ട്രംപ് പറഞ്ഞില്ല. ചൈനയുടെ പേര് മാത്രമാണ് അദ്ദേഹം ആവർത്തിച്ചത്.

സഖ്യകക്ഷികളോട് ട്രംപ് സഹായം ആവശ്യപ്പെട്ടതിന് പിന്നാലെ ഹോർമുസിലേക്ക് കപ്പൽ അയക്കില്ലെന്ന് ഓസ്‌ട്രേലിയ തിങ്കളാഴ്ച അറിയിച്ചു. യുഎഇയ്ക്ക് പ്രതിരോധത്തിനായി വിമാനങ്ങൾ നൽകുന്നുണ്ടെന്ന് പറഞ്ഞ ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് മന്ത്രി ഹോർമുസിലേക്ക് കപ്പൽ അയക്കില്ലെന്ന് അറിയിച്ചു. ഓസ്‌ട്രേലിയ അമേരിക്കയുടെ പ്രതിരോധ സഖകക്ഷിയാണ്. മറ്റൊരു സഖ്യകക്ഷിയായ ജപ്പാനും നിലവിൽ തങ്ങൾക്ക് കപ്പൽ അയക്കാനുള്ള പദ്ധതിയില്ലെന്ന് വ്യക്തമാക്കി.

അതേസമയം കഴിഞ്ഞ മൂന്ന് ദിവസമായി ഹോർമൂസിൽ ആക്രമണ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും കടുത്ത ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് യുകെ മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അറിയിച്ചു. സംഘർഷം ആരംഭിച്ച ശേഷം മേഖലയിൽ 20 ഓളം കപ്പലുകൾ ആക്രമിക്കപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: