ഗ്യാസ് ഇല്ലെങ്കില്‍ ഷൂട്ടിംഗ് മുടങ്ങും! 24 മണിക്കൂറും അടുപ്പെരിയേണ്ട ലൊക്കേഷനുകളിലെ പാചകം രണ്ടു ദിവസത്തേക്കു മാത്രം സാധ്യമെന്ന് നിര്‍മാതാക്കള്‍; 19 സിനിമകള്‍ നിര്‍ത്തേണ്ടിവരും; പ്രതിദിന നഷ്ടം കോടികള്‍

കൊച്ചി: വാണിജ്യ എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ ഷൂട്ടിങ്ങിനെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഭക്ഷണ വിതരണം തടസ്സപ്പെടുന്ന സാഹചര്യം. മിക്കയിടങ്ങളിലും രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഫെഫ്കയും (FEFKA) പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി.
ഗ്യാസിന് പകരമായി വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ലെന്ന് ഫെഫ്കയുടെ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി സോഹന്‍ സിനു ലാല്‍ പറഞ്ഞു. ടൈല്‍ ഇട്ട കെട്ടിടങ്ങളിലും പുക അയല്‍പക്കങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. നൂറ്റമ്പതോളം പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കേണ്ട ലൊക്കേഷനുകളില്‍ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ടെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ ഷൂട്ടിങ് പൂര്‍ണമായും നിര്‍ത്തേണ്ടി വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രതിദിനം വലിയ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഒന്നിച്ച് എത്തിച്ച് ചിത്രീകരണം തുടരുന്നതിനിടയില്‍ ഇത്തരമൊരു തടസ്സം വരുന്നത് സിനിമയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രസിഡന്റ് ബി. രാകേഷ് പറഞ്ഞു.
ഗ്യാസ് ലാഭിക്കുന്നതിനായി സെറ്റുകളിലെ ഭക്ഷണ മെനുവില്‍ മാറ്റം വരുത്താന്‍ ചില ലൊക്കേഷനുകള്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് ഫെഫ്ക പാചക തൊഴിലാളി യൂണിയന്‍ സെക്രട്ടറി ജാഫര്‍ കാഞ്ഞിരപ്പള്ളി പറഞ്ഞു. എന്നാല്‍, ഗ്യാസ് വിതരണം സാധാരണ നിലയിലായില്ലെങ്കില്‍ ഈ ക്രമീകരണങ്ങളും പരാജയപ്പെടുമെന്ന് സിനിമാ മേഖലയിലെ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ഹോട്ടല്‍ മുതല്‍ സകല സംവിധാനങ്ങളെയും എല്‍പിജി ക്ഷാമം ബാധിക്കുന്നുണ്ട്. വാതക ശ്മശാനങ്ങളില്‍ സംസ്‌കാരച്ചടങ്ങുകള്‍ മുടങ്ങി. പലരും ഇപ്പോള്‍ പഴയ രീതിയില്‍ വിറക് ഉപയോഗിച്ചാണു മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നത്. ജയിലുകളിലെ ഭക്ഷണവും കടുത്ത പ്രതിസന്ധിയിലാണ്. തടവുകാര്‍ക്കു പുറമേ, ജയില്‍ ചപ്പാത്തിയെന്ന പേരില്‍ പ്രസിദ്ധമായ വിലകുറഞ്ഞ ചപ്പാത്തി നിര്‍മാണവും ഏറെക്കുറെ നിലച്ചു.
#MalayalamNews, #KeralaNews, #LPGShortageKerala, #KochiNews, #Vartha, #DailyhuntMalayalam, #FlashNews, #KeralaUpdates, #CinemaCrisis #EnergyCrisis, #LPGShortage, #Inflation, #CommercialLPG, #JailChappathi, #CremationCrisis, #PublicIssue, #EconomicImpact, #FuelCrisis






