മോജ്തബയുടെ തലയ്ക്ക് വിലയിട്ട് അമേരിക്ക; ഇറാനിലേക്ക് യുഎസ്എസ് ട്രിപ്പോളിയും; ദോഹയില്‍ വ്യാപക ഒഴിപ്പിക്കല്‍; കരയുദ്ധത്തിന് നീക്കം? നാവികരുടെ മൃതദേഹം കൊച്ചിവഴി ഇറാനിലേക്ക് കൊണ്ടുപോയി

ന്യൂയോര്‍ക്ക്: ഇറാനിലെ പരമോന്നത നേതാവ് മുജ്തബ ഖമനയി അടക്കം നേതാക്കളെക്കുറിച്ച് വിവരം കൈമാറുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് അമേരിക്ക. 10 മില്യണ്‍ ഡോളര്‍ പ്രതിഫലമാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റ് പ്രഖ്യാപിച്ചത്. മുജ്തബയെക്കൂടാതെ ഇറാന് സുരക്ഷാമേധാവി അലി ലാരിജാനി, പരമോന്നത നേതാവിന്റെ ഉപദേശകര്‍, ആഭ്യന്തര മന്ത്രി എന്നിവരും പട്ടികയിലുണ്ട്. വിവരം അറിയിക്കാനുള്ള ഫോണ്‍ നമ്പരുകളും യുഎസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് ആക്രമണത്തില്‍ തകര്‍ന്ന ഇറാനിയന്‍ യുദ്ധക്കപ്പലായ ദേനയിലെ നാവികരുടെ ഭൗതികശരീരം കൊച്ചി വഴി ഇറാനിലേക്ക് കൊണ്ടുപോയി. 84 ഇറാന് നാവികരുടെ ഭൗതികശരീരമാണ് ഇറാനിലേക്ക് കൊണ്ടുപോയത്. ശ്രീലങ്കയിലാണ് ഇവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്നത്. അതേസമയം കൊച്ചിയില്‍ നങ്കൂരമിട്ടിരിക്കുന്ന മറ്റൊരു ഇറാന് യുദ്ധക്കപ്പലായ ലാവനിലെ 183 നാവികരും വിമാനമാര്‍ഗം മടങ്ങി. അര്‍മേനിയ വഴി സംഘം ഇറാനിലേക്ക് പോകും എന്നാണ് വിവരം.
എന്നാല്‍ യുദ്ധക്കപ്പലായ ലാവന് കൊച്ചിയില്‍ തുടരുകയാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ വിദേശകാര്യമന്ത്രാലയമോ, പ്രതിരോധ മന്ത്രാലയമോ സ്ഥിരീകരിച്ചിട്ടില്ല. ഫെബ്രുവരിയില്‍ വിശാഖപട്ടണത്ത് നടന്ന രാജ്യാന്തര ഫ്ലീറ്റ് റിവ്യൂവിലും മിലന് നാവികാഭ്യാസത്തിലും പങ്കെടുത്ത ഇറാനിയന്‍ നാവിക സംഘത്തിന്റെ ഭാഗമായിരുന്നു ലാവന് എന്ന പടക്കപ്പല്‍. ഇറാനുമേല്‍ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയ ഫെബ്രുവരി 28നാണ് മൂന്ന് കപ്പലുകള്‍ക്ക് ഇന്ത്യയില്‍ അടുക്കാന്‍ അനുമതി നല്‍കണമെന്ന് ഇറാന് അഭ്യര്‍ഥിച്ചത്. മാര്‍ച്ച് ഒന്നിന് ഇന്ത്യ അനുമതി നല്കി. എന്നാല്‍ തകരാറിലായ ഐആര്‍ഐഎസ് ലാവന് മാത്രമാണ് കൊച്ചിയിലെത്തിയത്.
അതേസമയം, ഗള്‍ഫ് രാജ്യങ്ങളിലെ യുഎസ് സൈനികത്താവളങ്ങളിലും ഇസ്രയേലിലും ഇറാന് കനത്ത ആക്രമണം തുടരുന്നതിനിടെ അമേരിക്കന്‍ കപ്പലായ യുഎസ്എസ് ട്രിപൊളി ഇറാനിലേക്ക് തിരിച്ചു. 2500 ലേറെ യുഎസ് സൈനികര്‍ക്കാണ് ഇറാനിലേക്ക് തിരിക്കാന്‍ നിര്‍ദേശം നല്‍കിയത്. ഇന്‍ഡോ പസഫിക് കമാന്‍ഡിലെ 31- മറീന്‍ എക്സ്പഡേഷനറി യൂണിറ്റിനാണ് ചുമതല. ഹോര്‍മുസില്‍ പ്രതിസന്ധി കനത്തതോടെയാണ് യുഎസ് ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ അഭ്യര്‍ഥന പ്രകാരമാണ് യുഎസ്എസ് ട്രിപൊളിയെ അയയ്ക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത് ഉത്തരവിട്ടതെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കുന്നു.
അയ്യായിരത്തോളം നാവികരും നിരവധിക്കപ്പലുകളുമാണ് ഇതോടൊപ്പം സാധാരണഗതിയില്‍ ഉണ്ടാവുക. ഇതില്‍ പകുതിപ്പേര്‍ക്കാണ് ഇറാനിലേക്ക് പോകാന്‍ നിര്‍ദേശം ലഭിച്ചത്. എഫ്35 ലൈറ്റനിങ് -2, ബെല്ബോയിങ് , വി22 ഒസ്പ്രേ വിമാനം എന്നിവയടക്കമാണ് ഈ യൂണിറ്റിലുള്ളത്. നിരവധി പടക്കപ്പലുകളും രണ്ട് ട്രാന്‍സ്പോര്‍ട്ട് ഡോക്ക്ഷിപ്പും യുദ്ധക്കോപ്പുകളും യുഎസ്എസ് ട്രിപൊളി പോലെയുള്ള കപ്പലുകളിലുണ്ടാകും. എന്നാല്‍ മധ്യപൂര്‍വദേശത്തെ യുഎസ് സൈനിക സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്താനും സ്ഥിതി വഷളായാല്‍ വേണ്ട നടപടി സ്വീകരിക്കാനുമാണ് കപ്പല്‍ അയയ്ക്കുന്നതെന്നാണ് യുഎസ് അധികൃതര്‍ വിശദീകരിക്കുന്നത്.
വേണ്ടി വന്നാല്‍ വ്യോമാക്രമണം നടത്താനും വ്യോമത്താവളത്തിന്റെ സഹായമില്ലാതെ തന്നെ ആക്രമണങ്ങള്‍ ഏകോപിപ്പിക്കാനുമുള്ള സൗകര്യങ്ങള്‍ യുഎസ്എസ് ട്രിപൊളിയിലുണ്ട്. കപ്പലെത്തുന്നതോടെ പേര്‍ഷ്യന്‍ ഗള്‍ഫിലും അറബിക്കടലിലും പരിസരങ്ങളിലും യുഎസ് സൈന്യത്തിന് നീക്കങ്ങള്‍ കൂടുതല്‍ എളുപ്പമാകുമെന്നാണ് കരുതുന്നത്.
അതേസമയം, ദോഹയിലെ വിവിധയിടങ്ങളിലുള്ളവരെ ഒഴിപ്പിക്കുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറ് യുഎസ് സര്‍വകലാശാലകളുടെ ക്യാംപസുകളിലെ ആളുകളെയാണ് ഒഴിപ്പിച്ചതെന്നാണ് സൂചന. ദോഹ എജ്യുക്കേഷന്‍ സിറ്റിയിലാണ് ക്യാംപസ് സ്ഥിതി ചെയ്തിരുന്നത്. യുഎസ് ബന്ധമുള്ള ബാങ്കുകള്‍, സ്ഥാപനങ്ങള്‍ എന്നിവ ആക്രമിക്കുമെന്ന് ഇറാന് നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ഒഴിപ്പിക്കലെന്നാണ് സൂചന.
#BreakingNews, #IranWar, #MojtabaKhamenei, #USSpecialForces, #USS Tripoli, #KochiNews, #IndianNavy, #MiddleEastConflict, #USStatteDepartment, #WarUpdate, #IranLeaders, #AliLarijani, #DohaEvacuation, #HormuzCrisis, #GlobalNews, #DefenceNews, #MalayalamNews, #KeralaNews, #WorldPolitics, #NavyNews, #IranVsUSA, #InternationalAffairs, #DailyhuntMalayalam, #TrendingNow, #NewsAlert






