നഴ്സുമാരുടെ സമരം തുടരുന്നു, ആശുപത്രി പ്രവർത്തനങ്ങൾ അവതാളത്തിൽ!! നഴ്സുമാരുടെ ജോലിയും ചെയ്യുന്നത് ഡോക്ടർമാർതന്നെ, ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും വാർഡിൽ കിടക്കുന്ന രോഗികളെയും ഡിസ്ചാർജ് ചെയ്യേണ്ട അവസ്ഥ, ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോഴിക്കോട്: ശമ്പളവർധന ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരം അനശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ, മിക്ക ആശുപത്രികളുടെയും പ്രവർത്തനം ഏറക്കുറെ നിലച്ചു. പല ആശുപത്രികളും വാർഡുകളിലുള്ള രോഗികളേയും ശസ്ത്രക്രിയ കഴിഞ്ഞ് ഐസി യുവിൽ കിടക്കുന്ന രോഗികളേയും ഡിസ്ചാർജ് ചെയ്തു. കിടത്തിച്ചികിത്സയ്ക്കായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല. അടിയന്തര ചികിത്സാവിഭാഗങ്ങൾ മാത്രമാണ് മിക്ക ആശുപത്രികളിലും പ്രവർത്തിക്കുന്നത്. അവിടെയും ഏതാനും നഴ്സുമാർമാത്രമാണ് ഡ്യൂട്ടിക്കുള്ളത്. ആശുപത്രികളിൽ ഒ.പി. തടസ്സമില്ലാതെ പ്രവർത്തിച്ചെങ്കിലും ചികിത്സയ്‌ക്കെത്തിയവർ കുറവായിരുന്നു. നഴ്സുമാർ ചെയ്തിരുന്ന ചില സേവനങ്ങൾ ഡോക്ടർമാർതന്നെ ചെയ്യേണ്ട സാഹചര്യമാണ്.
അതുപോലെ മിക്ക ആശുപത്രികളിലും ശസ്ത്രക്രിയകൾ മാറ്റിവെച്ചു. ഐ.സി.യു. സേവനത്തെപ്പോലും സമരം ബാധിച്ചതായി മേയ്ത്ര ആശുപത്രി അധികൃതർ പറഞ്ഞു. ശസ്ത്രക്രിയ കഴിഞ്ഞും മറ്റും ഐ.സി.യു.വിലുണ്ടായിരുന്ന രോഗികളിൽ ഗുരുതര പ്രശ്‌നങ്ങളില്ലാത്തവരെയും ഡിസ്ചാർജ് ചെയ്തു. വിരലിലെണ്ണാവുന്ന നഴ്സുമാർമാത്രമാണ് ജോലിക്ക് ഹാജരായത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഐ.സി.യു. ഉൾപ്പെടെയുള്ള അവശ്യസേവനങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. കാഷ്വാലിറ്റി പ്രവർത്തനം തടസ്സപ്പെട്ടനിലയിലാണ്. ഡോക്ടർമാരും ഏതാനും നഴ്‌സിങ് സ്റ്റുഡന്റ്സും മാത്രമാണ് ഇവിടെയുള്ളത്.
നിലവിൽ എമർജൻസി വിഭാഗത്തിലെത്തുന്ന രോഗികളെപ്പോലും പ്രവേശിപ്പിക്കാനാവാത്ത സ്ഥിതിയാണെന്ന് ആസ്റ്റർ മിംസ് അധികൃതർ പറഞ്ഞു. അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചത്. ഒ.പി. തടസ്സമില്ലാതെ നടന്നു. ഗുരുതരപ്രശ്‌നങ്ങളില്ലാത്ത രോഗികളെയെല്ലാം ഡിസ്ചാർജ് ചെയ്തു. കീമോതെറാപ്പി ഉൾപ്പെടെ മുടങ്ങിയിരിക്കുകയാണെന്നും അധികൃതർ പറഞ്ഞു. 450 പേരെ കിടത്തിച്ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയിൽ ഇപ്പോൾ 70 പേർ മാത്രമാണുള്ളത്. ഇഖ്റ ആശുപത്രിയിലും എമർജൻസി, ക്രിട്ടിക്കൽ കെയർ, ലേബർ റൂം തുടങ്ങിയ അടിയന്തരവിഭാഗങ്ങൾ മാത്രമാണ് പ്രവർത്തിച്ചതെന്ന് അധികൃതർ പറഞ്ഞു. പുതുതായി രോഗികളെ പ്രവേശിപ്പിക്കുന്നില്ല.
അതേസമയം സ്റ്റാർകെയർ ആശുപത്രിയിൽ ചൊവ്വാഴ്ച മുതലാണ് നഴ്സുമാർ സമരം തുടങ്ങിയത്. കുറച്ചുപേർ സമരത്തിൽ പങ്കെടുത്തെങ്കിലും ബാക്കിയുള്ളവർ ഡ്യൂട്ടിക്കെത്തിയതിനാൽ എല്ലാ വിഭാഗങ്ങളും പ്രവർത്തിച്ചു. എന്നാൽ, ബുധനാഴ്ചമുതൽ അടിയന്തര വിഭാഗങ്ങളിലൊഴികെ സേവനം ഉണ്ടായിരിക്കില്ലെന്ന് നഴ്സുമാർ മാനേജ്മെന്റിനെ അറിയിച്ചിട്ടുണ്ട്. ഫാത്തിമ ആശുപത്രിയിൽ മൂന്നിലൊന്ന് നഴ്സുമാർ ജോലിക്ക് ഹാജരായി. അടിയന്തരവിഭാഗങ്ങൾ പ്രവർത്തിച്ചു. മലബാർ ആശുപത്രിയിലും ഐ.സി.യു. ഉൾപ്പെടെ അടിയന്തര സേവനങ്ങളുണ്ടായി.
അവസാന ആശ്രയം എന്നനിലയിലാണ് സമരരംഗത്തേക്കിറങ്ങിയതെന്നും രോഗികളെ മാറ്റാനും ഡിസ്ചാർജ് ചെയ്യാനും ആവശ്യത്തിന് സമയം നൽകിയശേഷമാണ് സമരം തുടങ്ങിയതെന്നും നഴ്സുമാർ പറഞ്ഞു. ഇപ്പോൾ പൂർണമായും സമരത്തിലാണ്. സമരത്തെ അനുകൂലിക്കാത്തവരും മാനേജ്മെന്റ് ഡെയ്ലിവേജസിലും മറ്റും നിയമിച്ചവരുമാണ് ഇപ്പോൾ ഡ്യൂട്ടിചെയ്യുന്നത്. നഴ്സിങ് സ്റ്റുഡന്റ്സിനെപ്പോലും ഇത്തരത്തിൽ നിയമിക്കുന്ന പ്രവണത തെറ്റാണെന്നും ഇവർ പറഞ്ഞു.






