Breaking NewsLead NewsNEWSWorld

ഇറാൻ തകർത്തത് അമേരിക്കയുടെ നട്ടെല്ല്!! 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽമുടക്കിൽ ഇറാൻ തെറുപ്പിച്ചത് അമേരിക്കയുടെ പതിനായിരം കോടിയോളം വിലവരുന്ന റഡാർ സംവിധാനം!! ‘അവർ യുഎസിന്റെ കണ്ണുകൾ ചൂഴ്ന്നെടുത്തു, അതിന്റെ നഷ്‌ടം വലുതാണ്’- മുൻ പെന്റഗൺ ഉപദേഷ്ടാവ്

ടെഹ്റാൻ: ഖത്തറിലെ അൽ -ഖോറിൽ യുഎസ്. സ്പേസ് ഫോഴ്സിന്റെ അത്യാധുനിക എൻ/എഫ്പിഎസ്-132 (ബ്ലോക്ക് 5) ബാലിസ്റ്റിക് മിസൈൽ ഏർലി വാണിങ് റഡാർ സംവിധാനം ഇറാൻ തകർത്തത് 27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ മുതൽ മുടക്കിൽ നിർമിച്ച വിലകുറഞ്ഞ ഡ്രോൺ ഉപയോഗിച്ചെന്ന് റിപ്പോർട്ട്. ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കുന്ന വൺ സൈഡ് ഡ്രോണാണ് റഡാർ ആക്രമിക്കാൻ ഇറാൻ ഉപയോഗിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

ഇറാൻ ‘ഷഹീദ്’ ഡ്രോണുകളോ, മിസൈലുകളോ ഉപയോഗിച്ചാണ് പ്രതിരോധ നിരയെ ഭേദിച്ച് ആക്രമണം നടത്തിയതെന്നാണ് വിദഗ്ധർ പറയുന്നത്. ചെലവുകുറഞ്ഞ ഇത്തരം ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് പതിച്ച് സ്വയം നശിക്കും വിധത്തിൽ രൂപകൽപ്പന ചെയ്തവയാണ്. 30,000 ഡോളർ മുതൽ 50,000 ഡോളർ വരെയാണ് (27.47 ലക്ഷം മുതൽ 45.79 ലക്ഷം വരെ) ഇതിന് ചെലവുവരുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇത്തരത്തിൽ ആയിരക്കണക്കിന് ഡ്രോണുകൾ ഇറാൻ നിർമ്മിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവയെ പ്രതിരോധിക്കാൻ യുഎസിന് കോടിക്കണക്കിന് രൂപ ചെലവഴിക്കേണ്ടി വരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Signature-ad

അതേസമയം പ്ലാനറ്റ് ലാബ്‌സിൽ നിന്നുള്ള ഉപഗ്രഹ ചിത്രങ്ങൾ റഡാർ നിലയത്തിനുണ്ടായ നാശനഷ്ടങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. അൽ ഉദൈദ് എയർ ബേസിന് വടക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ കഴിഞ്ഞ ശനിയാഴ്ചയോടെയാണ് ആക്രമണം നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ‘അവർ കണ്ണുകൾ ചൂഴ്ന്നെടുത്തു’വെന്നാണ് റഡാർ തകർത്തതിനെക്കുറിച്ച് മുൻ പെന്റഗൺ ഉപദേഷ്ടാവായ, വിരമിച്ച യുഎസ് ആർമി കേണൽ ഡഗ്ലസ് മക്ഗ്രൈൻ പറഞ്ഞത്. അതിന്റെ അനന്തഫലം വലുതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞ.

ആക്രമണത്തിൽ 110 കോടി ഡോളർ (ഏകദേശം പതിനായിരം കോടിയോളം രൂപ) വിലമതിക്കുന്ന യുഎസ് റഡാറാണ് ഇറാൻ തകർത്തില്ലാതാക്കിയത്. കൃത്യതയോടെയുള്ള മിസൈൽ ആക്രമണത്തിലൂടെയാണ് റഡാർ തകർത്തതെന്നാണ് ഐആർജിസി പറയുന്നു. ആക്രമണം നടന്ന സ്ഥലത്ത് തകർന്നുവീണ അവശിഷ്ടങ്ങളും തീപിടുത്തമുണ്ടായതിന്റെ അടയാളങ്ങളും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.

മിസൈൽ മുന്നറിയിപ്പിന് പുറമെ, പുതിയ സാറ്റലൈറ്റുകളെയും ബഹിരാകാശ അവശിഷ്ടങ്ങളെയും നിരീക്ഷിക്കുന്ന സ്പേസ് സർവൈലൻസ് നെറ്റ്‌വർക്കിന്റെ ഭാഗമായും ഈ റഡാർ പ്രവർത്തിച്ചിരുന്നു. യുഎസ് സെൻട്രൽ കമാൻഡിന്റെ പ്രധാന കേന്ദ്രമായ അൽ ഉദൈദ് എയർ ബേസിന് തൊട്ടടുത്തുള്ള ഈ തന്ത്രപ്രധാന കേന്ദ്രം തകർത്തതുവഴി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രതിരോധ കവചത്തെ ദുർബലപ്പെടുത്തുകയാണ് ഇറാൻ ലക്ഷ്യമിട്ടത്. മിസൈൽ പ്രതിരോധത്തിന്റെ ആദ്യഘട്ടമായ സെൻസർ പാളിയെ തന്നെ ആക്രമിച്ചതുവഴി യുഎസ് സൈനിക നീക്കങ്ങളുടെ വേഗത കുറയ്ക്കാൻ ഇറാന് സാധിച്ചുവെന്നാണ് വിലയിരുത്തൽ.

മാത്രമല്ല മേഖലയിലെ മിസൈൽ പ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ല് എന്നാണ് സൈനിക വിദഗ്ധർ ഈ റഡാറിനെ വിശേഷിപ്പിക്കുന്നത്. അയൽരാജ്യങ്ങളുടെ ഉൾപ്രദേശങ്ങളിൽനിന്ന് തൊടുത്തുവിടുന്ന ബാലിസ്റ്റിക് മിസൈലുകളെ പോലും വിക്ഷേപണസമയത്തുതന്നെ തിരിച്ചറിയാൻ കഴിയുന്ന 5,000 കിലോമീറ്റർ പരിധിയാണ് ഇതിനുള്ളത്. ലോകത്ത് ഇത്തരത്തിലുള്ള ആറ് റഡാറുകൾ മാത്രമാണ് നിലവിലുള്ളത്. മൂന്ന് വശങ്ങളിലായി ഘടിപ്പിച്ചിട്ടുള്ള ഇലക്ട്രോണിക്കലി സ്റ്റിയേർഡ് ഫേസ്ഡ്-അറേ ഫേസുകൾ വഴി 360 ഡിഗ്രിയിൽ നിരീക്ഷണം നടത്താൻ ഇതിന് സാധിക്കും.

ബാലിസ്റ്റിക് മിസൈലുകളെയും ബഹിരാകാശ വസ്തുക്കളെയും നിരന്തരം നിരീക്ഷിക്കുന്ന ഈ സംവിധാനം മിസൈൽ വേധ സംവിധാനങ്ങളായ താഡ്, പേട്രിയറ്റ് എന്നിവയ്ക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ നിർണ്ണായകമായിരുന്നു. റഡാർ പ്രവർത്തന രഹിതമായതോടെ പേർഷ്യൻ ഗൾഫ് മേഖലയിലുടനീളമുള്ള മിസൈൽ പ്രതിരോധത്തിനായുള്ള പ്രതികരണ സമയം ഗണ്യമായി കൂടുമെന്നാണ് വിദ​ഗ്ദർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: