തുടക്കം അടിയോടെ…, വെടിക്കെട്ടിന്റെ പൂരപ്പറമ്പാക്കി അഭിഷേകും പാണ്ഡ്യയും… ആറാമനായപ്പോൾ തകർത്തുവാരി തിലക്!! സൂര്യയും ഇഷാനും ചേർന്നതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം

ചെന്നൈ: സഞ്ജു ഇറങ്ങിയതോടെ അർധ സെഞ്ചുറിയും സെഞ്ചുറിയും കുറിച്ചില്ലെന്ന് ആവലാതി പറയാൻ വരട്ടെ… ആ 24 കൊടുത്ത ഇംപാക്ട് എന്തെന്നറിയാൻ തൊട്ടടുത്ത സ്കോറുകൾ ഒന്നു നോക്കിയാൽ മതി… അഭിഷേക് 30 ബോളിൽ 55, ഇഷാൻ 24 ബോളിൽ 38, സൂര്യ 13 ബോളിൽ 33, പാണ്ഡ്യ 23 ബോളിൽ 50*, തിലക് 16 ബോളിൽ 44*…
ആദ്യ മത്സരങ്ങളിൽ ടോപ് ഓർഡർ ബാറ്റർമാർ പരാജയപ്പെട്ടപ്പോഴാണ് ഇത്തവണ മികച്ച തുടക്കം സഞ്ജുവും അഭിഷേകും നൽകിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് 256 നഷ്ടത്തിൽ റൺസെടുത്തു. ഇതോടെ സിംബാബ്‌വെയ്ക്ക് 257 റൺസ് വിജയലക്ഷ്യം.
ബാറ്റിങ്ങിന് ഇറങ്ങിയ എല്ലാവരും മികച്ച സംഭാവന നൽകിയ മത്സരമായിരുന്നു ഇത്. ശരിക്കും പറഞ്ഞാൽ ഡക്കില്ലാതെ ബാറ്റ്സ്മാൻമാർ കളം നിറഞ്ഞ മത്സരം. മുൻ മത്സരങ്ങൾ നോക്കിയാൽ ആകെ ഒരു മത്സരത്തിൽ മാത്രമാണ് ഇന്ത്യൻ ടോട്ടൽ 200 കടന്നത്. നമീബിയയ്ക്കെതിരെ 209. സൂപ്പർ എട്ടിൽ സിംബാബ്‍വെയ്‌ക്കെതിരായ മത്സരത്തിൽ 300 റൺസെടുത്തില്ലെങ്കിലും ഈ ലോകകപ്പിലെ ഏറ്റവും ഉയർന്ന ടോട്ടൽ ഉയർത്തിയാണ് ഇന്ത്യ ഒന്നാം ഇന്നിങ്സ് പൂർത്തായാക്കിയത്.
ആരാധകരുടെ തെറിവിളിക്കും ടീം മാനേജ്മെന്റിന്റെ ഏറെ തലപുകച്ചിലിനുമൊടുവിലാണ് സഞ്ജു– അഭിഷേക് സഖ്യം വീണ്ടും ഓപ്പണിങ്ങിന് ഇറങ്ങിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവറിൽ തന്നെ സിക്സറടിച്ച് ചെപ്പോക്ക് സ്റ്റേഡിയത്തെ കോരിത്തരിപ്പിച്ച് തുടങ്ങിയ സഞ്ജുവിന് പക്ഷേ പതിവ് പോലെ നീണ്ട ഇന്നിങ്സ് കളിക്കാനായില്ല. 15 പന്തിൽ 24 റൺസെടുത്ത സഞ്ജുവിനെ നാലാം ഓവറിൽ ബ്ലസിങ് മൂസറബനി, റയാൽ ബേളിന്റെ കൈകളിൽ എത്തിച്ചാണ് ഔട്ടാക്കിയത്. ആകെ 2 സിക്സും ഒരു ഫോറുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്നു പിറന്നത്.
പിന്നീടെത്തിയ ഇഷാനെ കൂട്ടുപിടിച്ച് അഭിഷേക്, ഫോമിലേക്ക് തിരിച്ചെത്തിയതോടെ ഇന്ത്യൻ സ്കോർ കുതിച്ചു. പവർപ്ലേ അവസാനിക്കുമ്പോൾ 1ന് 80 എന്ന നിലയിലായിരുന്നു ഇന്ത്യ. രണ്ടാം വിക്കറ്റിൽ അഭിഷേക്– ഇഷാൻ സഖ്യം 72 റൺസും കൂട്ടിച്ചേർത്തു. 11–ാം ഓവറിൽ ഇഷാനെ പുറത്താക്കി ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് കൂട്ടുകെട്ട് പൊളിച്ചത്. 24 പന്തിൽ ഒരു സിക്സിന്റെയും നാല് ഫോറിന്റെ അകമ്പടിയോടെ ഇഷാൻ 38 റൺസെടുത്തത്. ഇതിനു പിന്നാലെ അഭിഷേക് അർധസെഞ്ചുറി തികച്ചു. 26 പന്തിലാണ് അഭിഷേക്, ട്വന്റി20 കരിയറിലെ തന്റെ ഏറ്റവും വേഗം കുറഞ്ഞ രണ്ടാമത്തെ ഫിഫ്റ്റിയടിക്കുകയും ചെയ്തു. 2024ൽ സിംബാബ്‌വെയ്ക്കെതിരെ 33 പന്തിൽ നേടിയ തന്റെ കന്നി അർധസെഞ്ചുറിയാണ് അഭിഷേകിന്റെ ഏറ്റവും വേഗം കുറഞ്ഞ ഫിഫ്റ്റി. ഇതിനു ശേഷം അധികം വൈകാതെ അഭിഷേകും പുറത്തായി. നാല് സിക്സും നാല് ഫോറുമടങ്ങുന്നതാണ് അഭിഷേകിന്റെ ഇന്നിങ്സ്.






