Breaking NewsIndiaLead NewsNEWSpoliticsWorld

‘ഭീകരതയെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല; ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുമ്പോൾ വലിയ മാറ്റങ്ങൾക്ക് വഴിതുറക്കും’ – ഇസ്രയേൽ പാർലമെന്റിൽ മോദി

ജെറൂസലേം: ആഗോള അനിശ്ചിതത്വങ്ങൾക്കിടയിലും ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം തന്ത്രപരവും സുദൃഢവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇസ്രായേൽ പാർലമെന്റായ നെസെറ്റിനെ (Knesset) അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ ‘സീറോ ടോളറൻസ്’ നയമാണ് ഇന്ത്യയുടേതെന്നും ഒരു കാരണവശാലും ഭീകരതയെ ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2023 ഒക്ടോബർ 7-ന് ഹമാസ് നടത്തിയ ആക്രമണത്തെ ‘അതിക്രൂരം’ എന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി. 26/11 മുംബൈ ഭീകരാക്രമണത്തിന്റെ വേദന ഇന്ത്യ മറന്നിട്ടില്ലെന്നും ഇന്ത്യയുടെ അനുഭവങ്ങളുമായി ചേർത്ത് അദ്ദേഹം വിശദീകരിച്ചു. ആ പോരാട്ടത്തിൽ ഇസ്രായേൽ പൗരന്മാരും ഇരകളായിരുന്നു. ഭീകരതയെ നേരിടാൻ ഏകോപിതമായ ആഗോള നീക്കം അനിവാര്യമാണെന്നും മോദി ആഹ്വാനം ചെയ്തു.

Signature-ad

ഗാസയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാൻ യുഎൻ രക്ഷാസമിതി മുന്നോട്ടുവെച്ച സമാധാന പദ്ധതിയെ ഇന്ത്യ പിന്തുണയ്ക്കുന്നു. ഫലസ്തീൻ പ്രശ്‌നത്തിന് ഉൾപ്പെടെ പരിഹാരം കാണുന്ന നീതിപൂർവമായ സമാധാനമാണ് മേഖലയിൽ വേണ്ടത്. സംവാദങ്ങളിലൂടെയും മാനവികതയിലൂടെയും മാത്രമേ ശാശ്വത സമാധാനം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിരോധം, സാങ്കേതികവിദ്യ, കൃഷി, സൈബർ സുരക്ഷ എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും സഹകരണം ശക്തമാക്കും. ഇസ്രായേലുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനായുള്ള (FTA) ചർച്ചകൾ പുരോഗമിക്കുകയാണ്. ഇന്ത്യയുടെ വളരുന്ന സാമ്പത്തിക ശേഷിയും ഇസ്രായേലിന്റെ നൂതന സാങ്കേതിക വിദ്യയും ഒത്തുചേരുന്നത് വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുമെന്നും മോദി പറഞ്ഞു.

യഹൂദസമൂഹം ഇന്ത്യയിൽ യാതൊരു വിവേചനവുമില്ലാതെയാണ് ജീവിക്കുന്നതെന്നും ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്‌കാരിക ബന്ധത്തിന് തെളിവാണെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. ചടങ്ങിൽ ഇസ്രായേൽ പാർലമെന്റിന്റെ പരമോന്നത ബഹുമതിയായ ‘സ്പീക്കർ ഓഫ് ദി നെസെറ്റ് മെഡൽ’ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇസ്രയേൽ പാർലമെന്റിൽ പ്രസംഗിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: