Breaking NewsLead NewsNEWSPravasiWorld

കനത്ത മഞ്ഞുവീഴ്ചയിലും കൊടുങ്കാറ്റിലും സ്തംഭിച്ച് യുഎസ് ; സ്കൂളുകളും സ്ഥാപനങ്ങളും അടച്ചു, വൈദ്യുതി മുടങ്ങി, പുറത്തിറങ്ങാൻ നിർവ്വാഹമില്ല; 5,000ൽ അധികം വിമാനങ്ങളും റദ്ദാക്കി

വാഷിംഗ്ടൺ: അമേരിക്കയിൽ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം ദുരിതമാക്കി കനത്ത മഞ്ഞുവീഴ്ച. തിങ്കളാഴ്ച അമേരിക്കയുടെ കിഴക്കൻ തീരത്തുണ്ടായ ശക്തമായ മഞ്ഞുവീഴ്ചയിലും മഞ്ഞുകാറ്റിനെയും തുടർന്ന് അയ്യായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി. തിങ്കളാഴ്ച മാത്രം അമേരിക്കയിലുടനീളം 5,675-ലധികം വിമാന സർവീസുകൾ റദ്ദാക്കിയതായി ഫ്ലൈറ്റ് അവേർ റിപ്പോർട്ട് ചെയ്തു. ​ഗാത​ഗത സംവിധാനങ്ങൾ താറുമാറാകുകയും സ്കൂളുകളും സ്ഥാപനങ്ങളും അടക്കുകയും ചെയ്തു. ഹിമപാത മുന്നറിയിപ്പിനെ തുടർന്ന് ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ കൊടുങ്കാറ്റാണിതെന്ന് കാലാവസ്ഥാ നിരീക്ഷകർ പറഞ്ഞു. മെട്രോപൊളിറ്റൻ വടക്കുകിഴക്കൻ ഭാഗങ്ങളിൽ 2 അടിയിൽ (60 സെന്റീമീറ്റർ) കൂടുതൽ മഞ്ഞ് വീഴ്ച്ചയുണ്ടായി. ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ യോഗം പോലും മാറ്റിവെച്ചു.

ഉദ്യോഗസ്ഥർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വൈദ്യുതി തടസ്സങ്ങൾ മൂലം ന​ഗരങ്ങൾ വലഞ്ഞു. ഈ ആഴ്ച അവസാനത്തോടെ ഈ മേഖലയിലേക്ക് കൂടുതൽ മഞ്ഞ് വീഴാൻ സാധ്യതയുള്ള മറ്റൊരു കൊടുങ്കാറ്റിനെ നിരീക്ഷിക്കുന്നുണ്ടെന്ന് നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂയോർക്കിലെ സെൻട്രൽ പാർക്കിൽ 19 ഇഞ്ചിലധികം മഞ്ഞ് വീണതായി നാഷണൽ വെതർ സർവീസ് അറിയിച്ചു. ന്യൂയോർക്കിൽ യാത്രകൾ അസാധ്യമായ സാഹചര്യമാണെന്ന് സംസ്ഥാന ഏജൻസി മുന്നറിയിപ്പ് നൽകി. കിഴക്കൻ തീരത്തെ ആറ് ലക്ഷത്തിലധികം വീടുകളിലും ബിസിനസ്സ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം തടസ്സപ്പെട്ടു. അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലൻഡിലാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച ഉണ്ടായത്. റോഡുകൾ അതീവ അപകടകരമാണെന്നും എല്ലാവരും വീടിനുള്ളിൽ തന്നെ കഴിയണമെന്നും അധികൃതർ നിർദ്ദേശിച്ചു. മസാച്യുസെറ്റ്‌സിൽ മാത്രം മൂന്ന് ലക്ഷത്തോളം പേർക്ക് വൈദ്യുതി നഷ്ടപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: