ശബരിമല കൊള്ളയിൽ സർക്കാർ നടത്തിയത് തന്ത്രിയെ പൂട്ടി മന്ത്രിയെ രക്ഷിക്കാനുള്ള തന്ത്രം, സ്ഐടി പ്രവർത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരം!! പിഎസ് പ്രശാന്തിനെ രണ്ടുതവണ രഹസ്യമായി ചോദ്യംചെയ്ത് വിടുകയാണ് ചെയ്തത്, എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെ- രമേശ് ചെന്നിത്തല

പത്തനംതിട്ട: ശബരിമല സ്വർണ്ണ കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി മനഃപ്പൂർവം കുടുക്കുകയായിരുന്നെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്ത്രിയെ 41 ദിവസം ജയിലിൽ കിടത്തിയത് സംശയാസ്പദമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ നിർദ്ദേശപ്രകാരമാണ് എസ്ഐടി പ്രവർത്തിച്ചതെന്നും ചെന്നിത്തല പറഞ്ഞു.
യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ മുതിരാതെ എസ്ഐടി ശബരിമല തന്ത്രിയെ അറസ്റ്റ് ചെയ്തത് ഒരു തെളിവുമില്ലാതെയാണ്. തന്ത്രിക്ക് ജാമ്യം ലഭിക്കുന്നതിനെ എസ്ഐടി എതിർത്തു. എന്നാൽ അതിനു വിരുദ്ധമാണ് കൊല്ലം വിജിലൻസ് കോടതിയിലെ വിധിന്യായം. കൊള്ളയിൽ തന്ത്രിയെ ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കൊല്ലം വിജിലൻസ് കോടതി പറഞ്ഞു. ശബരിമല തന്ത്രി അയ്യപ്പന്റെ പിതാവിന്റെ സ്ഥാനത്തുള്ള വ്യക്തിയാണ്. തന്ത്രിയെ അറസ്റ്റ് ചെയ്യുന്ന കാര്യത്തിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായി. അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
അതുപോലെ ശബരിമല പെരുംകൊള്ളയ്ക്ക് പിന്നിലെ വൻ തോക്കുകളെ സംബന്ധിച്ച് ഹൈകോടതി സൂചന നൽകിയിട്ടും എസ്ഐടി അനങ്ങിയില്ലെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മാത്രമല്ല സിപിഎം നോമിനിയായിരുന്ന പിഎസ് പ്രശാന്ത് ഇക്കാര്യത്തിൽ ഗുരുതരമായ തെറ്റ് ചെയ്തു. എന്നാൽ അദ്ദേഹത്തെ രണ്ടുതവണ രഹസ്യമായി ചോദ്യംചെയ്ത് വിടുകയാണ് ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ഉണ്ടായ ഗുരുതരമായ തകർച്ച മൂലമാണ് എസ്ഐടി അന്വേഷണം തിരിച്ചുവിട്ടതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
ശബരിമല വിഷയത്തിൽ തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ രക്ഷപ്പെടുത്താൻ ഉള്ള നീക്കം ആണ് ഉണ്ടായതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. യുവതി പ്രവേശനത്തെ തന്ത്രി എതിർത്തിരുന്നു. ഈ പക കൂടിയാണ് തന്റെ അറസ്റ്റെന്ന് തന്ത്രി കോടതിയെ അറിയിച്ചു. ശബരിമലയെ ഉപയോഗിച്ചുകൊണ്ടുള്ള രാഷ്ട്രീയ കളിക്ക് ജനങ്ങൾ ചുട്ട മറുപടി നൽകുമെന്ന് അദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ ഗുരുതരമായ തട്ടിപ്പും വെട്ടിപ്പും നടന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇതുവരെ കണക്കുകൾ വ്യക്തമാക്കാൻ സാധിച്ചിട്ടില്ല. ശബരിമല വിഷയത്തിൽ സർക്കാരും മുഖ്യമന്ത്രിയും കളിക്കുന്ന രാഷ്ട്രീയ കളിക്ക് ജനങ്ങൾ മറുപടി നൽകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.






