നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന ലോറി 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു, ഡ്രൈവറെ രക്ഷപെടുത്തി, ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന ക്ലീനർ മുസ്തഫയെ പുറത്തെത്തിക്കാൻ ശ്രമം തുടരുന്നു, സ്കൂബ സംഘം സ്ഥലത്ത്

മലപ്പുറം: ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്കാണ് ലോറി മറിഞ്ഞത്. ലോറിക്കകത്ത് ഒരാൾ കുടുങ്ങി കിടക്കുകയാണ്. തിരൂരിൽ നിന്ന് സ്‌കൂബ ടീം ഉൾപ്പെടെ സംഭവ സ്ഥലത്തെത്തി ഇയാളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. പാചക പൊടികൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുമായി പോവുകയായിരുന്ന മിനി ലോറി ആണ് മറിഞ്ഞത്.
മാലിന്യവും പ്ലാസ്റ്റികും നിറഞ്ഞതും ആഴമുള്ളതുമായ പഴയ ക്വാറിയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്‌കരമാണെന്നും നാട്ടുകാർ പറഞ്ഞു. ഏകദേശം 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്കാണ് ലോറി മറിഞ്ഞത്. രക്ഷപ്പെട്ട ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റി. ഇത് സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാർ പറയുന്നു. സംഭവസ്ഥലത്തേക്ക് ക്രെയിൻ എത്തിച്ച് ലോറി ഉയർത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. ക്ലീനർ മുസ്തഫ എന്നയാളാണ് കുടുങ്ങിയതെന്ന് നാട്ടുകാർ അറിയിച്ചു.
പ്രദേശത്ത് ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ തിരക്ക് ഒഴിവാക്കിപ്പോകാനാണ് ലോറി ക്വാറിയുടെ ഭാഗത്തുകൂടി സഞ്ചരിച്ചത്. പ്രദേശത്ത് വാഹനമോടിച്ച് പരിചയമില്ലാത്തതിനാൽ ലോറി വെള്ളത്തിലേക്ക് മറിയുകയായിരുന്നു. ലോറി ഉയർത്താനുള്ള ശ്രമം രണ്ട് തവണ പരാജയപ്പെട്ടെങ്കിലും തുടരുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിനു പിന്നാലെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്. ലോറി പൂർണമായും കുളത്തിൽ മുങ്ങിയ നിലയിലായിരുന്നു.






