കോവളത്ത് ആളൊഴിഞ്ഞ പറമ്പിൽ തലയോട്ടികളും അസ്ഥികളും; തലയോട്ടികളിൽ ‘വാസു’ എന്നും ‘അസ്ന’ എന്നും എഴുത്ത്; സംഭവത്തിൽ ദുരൂഹത

കോവളം (തിരുവനന്തപുരം): ആളൊഴിഞ്ഞ പുരയിടത്തിൽ തലയോട്ടികൾ കണ്ടെത്തിയ മനുഷ്യൻ്റെ അസ്ഥികൾ കണ്ടെത്തി. തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ പടിഞ്ഞാറെ പൂങ്കുളത്ത് ആനക്കുഴി റോഡിന് അരികിലെ പുരയിടത്തിലുളള പ്ലാവിൻ ചുവട്ടിൽ പ്ലാസ്റ്റിക് കവറിനുളളിലും തലയോട്ടികളും കാലിൻ്റെയും വാരിയെല്ലുകളും അടക്കമുളളതാണ് അസ്ഥികളുമാണ്. സംഭവത്തിൽ ദുരുഹതയുളളതിനെ തുടർന്ന് തിരുവല്ലം പോലീസിൻ്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി.
തൈക്കാട് സ്വദേശി അബ്ദുള്ളയുടെ പൂങ്കുളത്തിലുളള പുരയിടത്തിലാണ് അസ്ഥികൾ കണ്ടത്. വ്യാഴാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. മുഴുവനായുളള ഒരു തലയോട്ടിൻ്റെ പിന്നിലായി ‘വാസു’ എന്ന പേര് എഴുതിയിട്ടുണ്ട്. രണ്ടായി മുറിഞ്ഞ നിലയിലുണ്ടായിരുന്ന തലയോട്ടിൻ്റെ ഉളളിലായി ‘അസ്ന’ എന്ന പേര് എഴുതിയിരുന്നു. പ്ലാസ്റ്റിക് കവറിനുളളിലും സമീപത്തുള്ള മറ്റ് 25 അസ്ഥികളും പോലീസ് കണ്ടെടുത്തു.
എട്ടു സെൻറോളമുളള പുരയിടത്തിൻ്റെ ചുമതല സമീപവാസിയായ രാധാകൃഷ്ണനെയാണ് ഉടമയായ അബ്ദുള്ള ഏൽപ്പിച്ചിട്ടുളളത്. പുരയിടത്തിലുളള പ്ലാവിൽനിന്ന് ചക്കയിടുന്നതിന് രാധാകൃഷ്ണൻ എത്തിയപ്പോഴാണ് കരിയിലക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന തലയോട്ടികളും പഴക്കം ചെന്ന കവറിനുളളിലുണ്ടായിരുന്ന മറ്റ് അസ്ഥികളും കാണുന്നത്. തുടർന്ന് കല്ലിയൂർ ഗ്രാമപഞ്ചായത്തംഗമായ ബീനയെ വിവരമറിയിച്ചു. ഇവർ തിരുവല്ലം പോലീസിൽ നൽകിയ വിവരത്തെ തുടർന്ന് എസ്.എച്ച്.ഒ. ജെ. പ്രദീപിൻ്റെ നേത്യത്വത്തിൽ എസ്ഐമാരായ മഹേഷ്, വിനോദ് കുമാർ, മോഹൻ, ഇ.എസ്.ഐ. അനു എന്നിവരുൾപ്പെട്ട പോലീസ് സംഘമെത്തി പരിശോധന നടത്തി.
ഫോറൻസിക് വിഭാഗം സയൻറിഫിക് ഓഫീസർ ആഷിൻ, ഫിംഗർപ്രിൻ്റ് ബ്യൂറോയിൽ നിന്നെത്തിയ ഷമി എന്നിവരുൾപ്പെട്ടവരുടെ അസ്ഥികളും രണ്ടായി പൊട്ടിയ നിലയിലുളള തലയോട്ടിയും മുഴുവനായുളള തലയോട്ടിയും പരിശോധിച്ചു. തറയിൽ ഉണ്ടായിരുന്ന തലയോട്ടികളിൽ മാംസം ഉണങ്ങിപ്പോയതിൻ്റെ അവശിഷ്ടങ്ങളും ഉണ്ടായിരുന്നു. നേരിയ ദുർഗന്ധവുമുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം ശക്തമാക്കുമെന്ന് തിരുവല്ലം എസ്.എച്ച്.ഒ. അറിയിച്ചു. സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച അസ്ഥികൂടങ്ങളുടെ ഭാഗങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമാർട്ടത്തിന് അയച്ചു. അസ്ഥികൂടങ്ങളുടെ പഴക്കം സൂചിപ്പിക്കുന്ന ഫോറൻസിക് ലാബിലെ പരിശോധനക്കുശേഷമേ അറിയാവൂ എന്ന് എസ്.എച്ച്.ഒ. പറഞ്ഞു.
വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയ തലയോട്ടികളിൽ വാസു, അസ്ന തുടങ്ങിയ പേരുകൾ എഴുതിയിരുന്നതുമായി ബന്ധപ്പെട്ട് പോലീസ് വിശദമായി പരിശോധിക്കും. വളരെ പഴക്കമുളള പ്ലാസ്റ്റിക് കവറിനുളളിലാണ് അസ്ഥികൂടങ്ങളും തലയോട്ടികളും കണ്ടിരുന്നത്. കണ്ടെടുത്ത തലയോട്ടികൾ പുരുഷൻ്റെയാണോ സ്ത്രീയുടെയാണോ എന്ന് ഫോറൻസിക് പരിശോധക്ക് ശേഷമേ പറയാനാകൂ.
അതേസമയം, എം.ബി.ബി.എസ്. ഒന്നും രണ്ടും വർഷം പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി ഇത്തരത്തിൽ അസ്ഥികൂടങ്ങൾ നൽകാറുണ്ട്. ഇവർ തങ്ങൾക്ക് ലഭിക്കുന്ന അസ്ഥികൂടങ്ങളുടെ ഭാഗങ്ങളിൽ ചിലപ്പോൾ പേരെഴുതാം. പഠനത്തിനുശേഷം വിദ്യാർത്ഥികൾ ഉപേക്ഷിച്ചതാകാനുള്ള സാധ്യതയും ചൂണ്ടിക്കാണിക്കപ്പെടുന്നു






