‘അവര്‍ക്കു വേണ്ടിയിരുന്നത് ബിസിനസ്, എനിക്കു വേണ്ടിയിരുന്നത്….’; ഡിപി വേള്‍ഡ് സിഇഒ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായത്തിന്റെ കൂടുതല്‍ കത്തുകള്‍ പുറത്ത്; എപ്സ്റ്റീന് ലക്ഷ്യമിട്ടത് പശ്ചിമേഷ്യയില്‍ കരുത്തുറ്റ ബന്ധങ്ങളെന്ന് റിപ്പോര്‍ട്ട്

ദുബായ്: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തിനു പിന്നാലെ കത്തിടപാടുകള്‍ പുറത്തുവന്നതോടെ ദുബായ് തുറമുഖ ഭീമനായ ഡിപി വേള്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് രാജിവച്ചത് കഴിഞ്ഞയാഴ്ചയാണ്. എന്നാല്‍, രാജിക്കത്തില്‍ ഒതുങ്ങുന്നതല്ല പശ്ചിമേഷ്യയിലെ എപ്സ്റ്റീന് ബന്ധങ്ങളെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കുപ്രസിദ്ധ സാമ്പത്തിക ഇടപാടുകാരന് ജെഫ്രി എപ്സ്റ്റീന് മേഖലയിലുടനീളം രാഷ്ട്രീയ പ്രമുഖരുടെയും ബിസിനസ് നേതാക്കളുടെയും ശക്തമായ ശൃംഖല കെട്ടിപ്പടുക്കാന്‍ ശ്രമിച്ചുവെന്ന് കാണിക്കുന്ന യുഎസ് നീതിന്യായ വകുപ്പിന്റെ രേഖകളാണ് പുറത്തുവന്നത്.
സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായം ചീഫ് എക്സിക്യൂട്ടീവ്, ചെയര്മാന് സ്ഥാനങ്ങള്‍ രാജിവെച്ചതായി ഡിപി വേള്‍ഡ് വെള്ളിയാഴ്ച അറിയിച്ചു. എപ്സ്റ്റീന് ഫയലുകളില്‍ ബിന്‍ സുലായമിന്റെ പേര് പ്രത്യക്ഷപ്പെിരുന്നു.
അവരുടെ കത്തിടപാടുകളില്‍, എപ്സ്റ്റീന് വഴി പരിചയപ്പെട്ട സ്ത്രീകളുമായുള്ള ലൈംഗിക ബന്ധങ്ങളെക്കുറിച്ച് ബിന്‍ സുലായം ചര്‍ച്ച ചെയ്തിരുന്നു. 2007 നവംബര്‍ 9-ന് അയച്ച ഒരു ഇമെയിലില്‍, ന്യൂയോര്‍ക്കില്‍ വെച്ച് താന്‍ അത്തരമൊരു സ്ത്രീയെ കണ്ടുമുട്ടിയതായി ബിന്‍ സുലായം എപ്സ്റ്റീനോട് പറഞ്ഞു. അവിടെ ഒരു തെറ്റിദ്ധാരണ ഉണ്ടായെന്നും, ‘അവര്‍ക്ക് ചില ബിസിനസ് കാര്യങ്ങളാണ് (BUSINESS!) വേണ്ടിയിരുന്നത്, എന്നാല്‍ എനിക്ക് കുറച്ച് ലൈംഗികത (PUSSYNESS!) മാത്രമായിരുന്നു വേണ്ടിയിരുന്നത്’ എന്നും അദ്ദേഹം എഴുതി. ബിന്‍ സുലായം വഹിച്ചിരുന്ന പല പദവികളിലൊന്നായ ദുബായ് പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്റെ പുതിയ ചെയര്‍മാനെ നിയമിച്ചുകൊണ്ട് ദുബായ് ഭരണാധികാരി വെള്ളിയാഴ്ച ഉത്തരവിറക്കുകയും ചെയ്തു.
തന്റെ വിടവാങ്ങലിനെക്കുറിച്ചുള്ള പ്രതികരണത്തിന് ബിന്‍ സുലായം മറുപടി നല്‍കിയില്ല. ഡിപി വേള്‍ഡ് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഒന്നിച്ച് പാചകം ചെയ്യുന്നു
ഒരു ഇമെയില്‍ സന്ദേശത്തില്‍ ബിന്‍ സുലായത്തെ തമാശക്കാരനും വിശ്വസ്തനും ഭക്ഷണപ്രിയനുമായാണ് എപ്സ്റ്റീന് വിശേഷിപ്പിച്ചത്. മുസ്ലീമായ ബിന്‍ സുലായം മദ്യപിക്കാറില്ലെന്നും അഞ്ചുനേരം നിസ്കരിക്കാറുണ്ടെന്നും എപ്സ്റ്റീന് പറയുന്നു. ഇരുവരും ചേര്‍ന്ന് വിശ്രമവേളയില്‍ ഭക്ഷണം പാകം ചെയ്യുന്ന ഒരു ചിത്രം രേഖകളിലുണ്ട്.
എപ്സ്റ്റീന് ഫയലുകളില്‍ പേര് വരുന്നത് കുറ്റകൃത്യത്തിന് തെളിവല്ല. എന്നാല്‍ ബിന്‍ സുലായമിന്റെ പേര് വന്നതോടെ ഡിപി വേള്‍ഡിന്റെ സാമ്പത്തിക നിക്ഷേപകരില്‍ നിന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നു. യുകെ ഏജന്‍സിയായ ബിഐഐയും കാനഡയിലെ പെന്ഷന് ഫണ്ടും ഡിപി വേള്‍ഡുമായുള്ള പുതിയ നിക്ഷേപങ്ങള്‍ നിര്‍ത്തിവെച്ചു. ബിന്‍ സുലായത്തിന്റെ രാജിക്ക് പിന്നാലെ നിക്ഷേപകര്‍ ഈ നീക്കത്തെ സ്വാഗതം ചെയ്തു.
സൗഹൃദ ശൃംഖല
2017-21 കാലഘട്ടത്തിലെ ഖത്തര്‍ ഉപരോധ സമയത്ത് ഖത്തറി ബിസിനസ് നേതാക്കള്‍ക്കും രാഷ്ട്രീയ പ്രമുഖര്‍ക്കും എപ്സ്റ്റീന് ഉപദേശങ്ങള്‍ നല്കാന് ശ്രമിച്ചിരുന്നു. അന്നത്തെ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി (ഇപ്പോഴത്തെ പ്രധാനമന്ത്രി) അനുഭവപരിചയമില്ലാത്ത ആളാണെന്ന് എപ്സ്റ്റീന് വിമര്‍ശിച്ചിരുന്നു. ട്രംപ് ഭരണകൂടവുമായി അടുക്കാന്‍ ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും എപ്സ്റ്റീന് ഖത്തറിനോട് നിര്‍ദ്ദേശിച്ചിരുന്നു.
സൗദി അരാംകോയുടെ ഐപിഒ (IPO) സംബന്ധിച്ചും എപ്സ്റ്റീന് ചര്‍ച്ചകള്‍ നടത്തിയിരുന്നു. പരമ്പരാഗത ഐപിഒയ്ക്ക് പകരം ചൈനയ്ക്ക് 100 ബില്യണ്‍ ഡോളറിന്റെ ഓഹരികള്‍ വില്‍ക്കാനായിരുന്നു അദ്ദേഹത്തിന്റെ ഒരു നിര്‍ദ്ദേശം. കൂടാതെ, ഈജിപ്ത് മുന്‍ പ്രസിഡന്റ് ഹോസ്നി മുബാറക്കിന്റെ മകന് ഗമാല്‍ മുബാറക്കിന്റെ കുടുംബം 2011-ല്‍ എപ്സ്റ്റീന്റെ സഹായം തേടിയതായും രേഖകള്‍ കാണിക്കുന്നു.
#DPWorld, #SultanAhmedBinSulayem, #JeffreyEpstein, #DubaiNews, #BreakingNews, #MiddleEastPolitics, #BusinessScandal, #EpsteinFiles, #Qatar, #SaudiAramco, #DailyhuntMalayalam, #InternationalNews






