
ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ ഇന്ത്യ- ചൈന യഥാർത്ഥ നിയന്ത്രണരേഖയിൽ (എൽഎസി) ചൈന നടത്തിയ അപ്രതീക്ഷിത നീക്കം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) അധിഷ്ഠിത പ്രവചന ടൂളുകൾ ഉപയോഗിച്ച് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യ എ.ഐ ഇംപാക്റ്റ് ഉച്ചകോടി 2026-ൽ സംസാരിക്കവെ സ്ട്രാറ്റജിക് ഫോഴ്‌സ് കമാൻഡ് ചീഫ് ലഫ്റ്റനൻ്റ് ജനറൽ ദിനേഷ് സിങ് റാണയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ആധുനിക യുദ്ധമുറകളിലും ദേശീയ സുരക്ഷാ ആസൂത്രണത്തിലും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് വരുത്തുന്ന വിപ്ലവകരമായ മാറ്റങ്ങളെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അരുണാചലിലെ തർക്ക മേഖലയിൽ ചൈനീസ് സൈനിക നീക്കത്തിൻ്റെ ആദ്യ സൂചനകൾ കണ്ടെത്താൻ പ്രാദേശികമായി വികസിപ്പിച്ചെടുത്ത ചെലവ് കുറഞ്ഞ ഒരു എ.ഐ സംവിധാനം സഹായിച്ചതായി ലഫ്റ്റനൻ്റ് ജനറൽ റാണ പറഞ്ഞു. ഈ സംവിധാനത്തിലൂടെ ചൈനീസ് സൈന്യത്തിൻ്റെ നീക്കങ്ങൾ കൃത്യമായി പ്രവചിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സൈനികരുടെ വിന്യാസം മെച്ചപ്പെടുത്തുന്നതിനും തന്ത്രപരമായ തീരുമാനങ്ങൾ എടുക്കുന്നതിനും ഈ സാങ്കേതികവിദ്യ ഇന്ത്യക്ക് വലിയ മുൻതൂക്കം നൽകി.
ഇങ്ങനെയൊരു നീക്കം ചൈന മുമ്പ് നടത്തിയിട്ടില്ല. അതിനാൽ തന്നെ അത്തരം സാധ്യതകൾ സൈന്യം മുന്നിൽ കണ്ടുമില്ല.എന്നിരുന്നാലും കൃത്യസമയത്ത് ലഭിച്ച എ.ഐ വിവരങ്ങൾ സൈന്യത്തെ കൃത്യമായി വിന്യസിക്കാനും ഒഴിപ്പിക്കൽ നടപടികൾ ആസൂത്രണം ചെയ്യാനും സഹായിച്ചു. ഇതിൻ്റെ ഫലമായി ഇന്ത്യൻ ഭാഗത്ത് യാതൊരുവിധ ആൾനാശവും സംഭവിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എ.ഐ ഇപ്പോൾ കേവലം ഒരു ഭാവി സങ്കൽപമല്ലെന്നും ആഗോള ശക്തികളുടെ പോരാട്ടത്തിൽ അത് നിർണ്ണായകമായ ഒരു ഘടകമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎസും ചൈനയും പുറത്തുള്ള വൻശക്തികൾ എഐ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്തുന്നുണ്ടെന്നും ഇത് ലോകക്രമത്തെ മാറ്റുന്ന ഒരു എ.ഐ റേസായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആയുധങ്ങൾ, ലക്ഷ്യങ്ങൾ തിരിച്ചറിയൽ, സൈബർ പ്രതിരോധം, വ്യാജ വാർത്തകളെ നേരിടൽ തുടങ്ങിയ വിവിധ മേഖലകളിൽ എ.ഐ ഉപയോഗിക്കുന്നുണ്ട്. സോഫ്റ്റ് വെയറിന് അപ്പുറം സൈനിക സിദ്ധാന്തങ്ങളിലും കമാൻഡ് ഘടനകളിലും ഇത് വലിയ സ്വാധീനം ചെലുത്തുന്നു.
എ.ഐയുടെ വളർച്ച ആർട്ടിഫിഷ്യൽ സൂപ്പർ ഇൻ്റലിജൻസ് തലത്തിലേക്ക് മാറുന്നത് വലിയ അവസരങ്ങൾക്കൊപ്പം വെല്ലുവിളികളും ഉയർത്തുന്നുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആണവായുധങ്ങൾ പോലെ തന്നെ തന്ത്രപരമായ ഘടകങ്ങൾക്കായി എഐയും ഉപയോഗിക്കാവുന്നതാണ്. എന്നാൽ ഡിജിറ്റൽ സ്വഭാവമുള്ളതിനാൽ ഇതിനെ നിയന്ത്രിക്കുന്നത് ആണവ സാങ്കേതികവിദ്യയേക്കാൾ ബുദ്ധിമുട്ടായിരിക്കുമെന്നും ജനറൽ ദിനേഷ് സിങ് റാണ വിശദീകരിച്ചു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ട് ഡ്രോൺ കൂടുതലുള്ള ചെലവ് കുറഞ്ഞ എ.ഐ സംവിധാനങ്ങൾ ഇന്ത്യ വികസിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്ക് സമഗ്രമായ ഒരു എ.ഐ സുരക്ഷാ നയം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.






