ഒരു ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത കളിക്കാരനും, ഒരു മണ്ണാങ്കട്ടയും അറിയാത്ത ചെയർമാനും!! എങ്ങനെ ഈ ടീം ഓടും? … ഇന്ന് ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല… ഇന്ത്യയോടേറ്റ ദയനീയ പരാജയത്തിൽ പൊട്ടിത്തെറിച്ച് ഷൊയ്ബ് അക്തർ

ഇസ്ലാമാബാദ്: കൊട്ടിഘോഷിച്ച് ഇറങ്ങിയിട്ട് ടി 20 ലോകകപ്പിൽ ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ പൊട്ടിത്തെറിച്ച് പാക് മുൻ താരം ഷൊയ്ബ് അക്തർ. പാക്കിസ്ഥാൻ ടീമിനെയും പാക് ക്രിക്കറ്റ് ബോർഡിനെയും രൂക്ഷമായ ഭാഷയിലാണ് അക്തർ കുറ്റപ്പെടുത്തിയത് . ‘പാക് ടീം മത്സരത്തിൽ എവിടെയും ഉണ്ടായിരുന്നില്ല. ഷഹീൻ 125 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു. ഇത് ആധുനിക ക്രിക്കറ്റിന്റെ ആവശ്യകതയല്ല. സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള പ്രതിഭകളല്ല ഈ ടീമിലുള്ളതെന്നും അക്തർ പറഞ്ഞു.
‘കഴിഞ്ഞ 15-20 വർഷമായി, പാക്കിസ്ഥാൻ ക്രിക്കറ്റിൽ പ്രതിഭകളെ സംബന്ധിച്ച് ഒരു നിക്ഷേപവും ഉണ്ടായിട്ടില്ല. ദുഃഖകരമായ യാഥാർത്ഥ്യം എന്തെന്നാൽ, ഒരു ഘട്ടത്തിൽ ഞങ്ങൾ ഇന്ത്യയുമായി മൈതാനത്ത് പോരാടിയിരുന്നു. എന്നാൽ ഇന്നത്തെ ഇന്ത്യയെ പാക്കിസ്ഥാൻ തോൽപ്പിക്കുമെന്ന് നമുക്ക് സ്വപ്നം കാണാൻ പോലും കഴിയില്ല.’ ഷൊയ്ബ് അക്തർ പറഞ്ഞു.
അതുപോലെ പാക് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്വിയേയും അക്തർ കളിയാക്കി. ഒന്നും അറിയാത്ത ഒരാളാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി (മൊഹ്സിൻ നഖ്വി) ഇരിക്കുന്നത്. എന്തുചെയ്യാൻ കഴിയും? എങ്ങനെ ഈ ടീം ഓടും? ഒരു കളിയും ജയിപ്പിക്കാൻ കഴിയാത്ത ഒരു കളിക്കാരനെ (ബാബർ അസം) സൂപ്പർസ്റ്റാറായി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ കുറ്റകൃത്യം കഴിവില്ലാത്ത ആളുകളെ ജോലി ഏൽപ്പിക്കുക എന്നതാണ്.’ അക്തർ പറഞ്ഞു.






