മുല്ലപ്പെരിയാറിൽ ബേബി ഡാമിനു സമീപത്തെ മരം മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയത് മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിന്റെ താത്പര്യം ഇല്ലാതാക്കാൻ സർക്കാർ ഗൂഢാലോചന നടത്തി. സുപ്രീംകോടതിയിലെ കേസ് സംസ്ഥാനം തോറ്റുകൊടുക്കുന്നുവെന്നും വാർത്താസമ്മേളനത്തിൽ സതീശൻ ആരോപിച്ചു.
മുലപ്പെരിയാറിൽ തമിഴ്നാട്ടിലെയും കേരളത്തിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തിയത് അറിഞ്ഞില്ലെന്നാണ് മന്ത്രിമാർ പറയുന്നത്. ഇത് സുപ്രീംകോടതിയിലെ സർക്കാർ വാദം പൊളിക്കും. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ലെന്നും ഈ ഡാം ഡികമ്മീഷൻ ചെയ്ത് പുതിയ ഡാം നിർമിക്കാൻ അനുമതി നൽകണമെന്നാണ് കേരളത്തിന്റെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
മരംമുറി ഉത്തരവ് ഇതുവരെ റദ്ദാക്കിയില്ല. വനംമന്ത്രിയടക്കമുള്ളവർ ഉത്തരവാദിത്തം പറയണമെന്ന് സതീശൻ ആവശ്യപ്പെട്ടു. ദുരന്തനിവാരണത്തിന് ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.