പോറ്റിയുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണ്? സ്വർണക്കൊള്ളയിൽ പിണറായിയുടെ മൊഴിയെടുക്കണം!! എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ട്, അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് അപ്പോൾ തന്നെ ചോർത്തി നൽകി, കടകംപള്ളിയെ ചോദ്യം ചെയ്തത് പുറംലോകമറിഞ്ഞത് നാല് ദിവസം കഴിഞ്ഞ്- വിഡി സതീശൻ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിക്ക് ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണമെന്ന് വിഡി സതീശൻ. അതുപോലെ എസ്ഐടിയിൽ സിപിമ്മിന്റെ ഏജന്റുമാരുണ്ടെന്ന് അദേഹം ആരോപിച്ചു. അതു മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ആ നിമിഷം ചോർത്തി നൽകി. എന്നാൽ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് പുറംലോകം അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിൻ്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷൻ്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു. ഹൈക്കോടതി നിർദേശത്തെ എതിർക്കുന്നില്ലെന്നും അദേഹം പറഞ്ഞു.
ഇടതുമുന്നണിയിൽ ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ല. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണെന്ന് ഉദേശമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. നല്ല കമ്യൂണിസ്റ്റുകാർ യുഡിഎഫിനൊപ്പമാണ്. സച്ചിദാനന്ദൻ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്കാരിക പ്രവർത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.
അതുപോലെം മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ സഹായത്തിനായി ലിസ്റ്റ് തയ്യാറാക്കിയതിൽ അപാകതയുണ്ടെന്ന് വിഡി സതീശൻ ആരോപിച്ചു. കെട്ടിട ഉടമകൾക്കും വ്യാപാരികൾക്കും നഷ്ടപരിഹാരം നൽകിയിട്ടില്ല. തുടർ ചികിത്സയ്ക്ക് സഹായമില്ല. ഞങ്ങൾ എല്ലാവരും സിഎംഡിആർഎഫിൽ പണം കൊടുത്തിട്ടുണ്ട്. കൊടുക്കരുത് എന്നാരോടും പറഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പു കാലത്ത് കള്ള പ്രചാരണം നടത്തുകയാണെന്ന് വിഡി സതീശൻ കൂട്ടിച്ചേർത്തു.






