ശബരിമല സ്വർണ്ണക്കേസിൽ നടൻ ജയറാമിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു; പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കൃത്യമായ സ്വഭാവം അറിയാനെന്ന് ഐ.ഡി

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് നടൻ ജയറാമിനെചോദ്യം ചെയ്യും. അടുത്ത ചൊവ്വാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന് ഐ.ഡി. നോട്ടീസ് നൽകി. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഐ.ഡി. വിവരം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജയറാമിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരിക്കുന്നത്. നേരത്തെ ജയറാമിനെ സാക്ഷിയെന്ന നിലയിൽ എസ്ഐടി ചോദ്യംചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഐഡിയും ചോദ്യംചെയ്യലിനായി ജയറാമിനെ വിളിച്ചിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയേയും ചോദ്യംചെയ്യലിനായി ഐ.ഡി. വിളിപ്പിച്ചേക്കുമെന്നാണ് വിവരം.
“ജയറാമിന് ഞങ്ങൾ ഔപചാരിക സമൻസ് അയച്ചിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ കൃത്യമായ സ്വഭാവം മനസ്സിലാക്കാൻ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഈ സ്വത്തുക്കളുടെ നീക്കത്തെക്കുറിച്ചുള്ള അന്വേഷണത്തിന് സഹായകമായേക്കാവുന്ന കൂടുതൽ വിവരങ്ങൾ അദ്ദേഹത്തിന് നൽകാൻ കഴിയുമോ എന്ന് ഞങ്ങൾ അന്വേഷിക്കുന്നു,” ഇഡി വൃത്തങ്ങൾ പറഞ്ഞു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് നേരത്തെ ജയറാം മൊഴി നൽകിയിരുന്നു. ശബരിമലയിലെ പ്രധാനപ്പെട്ട ഒരാൾ എന്ന നിലയ്ക്കായിരുന്നു പരിചയം. മകരവിളക്ക് സമയത്താണ് പോറ്റിയെ പരിചയപ്പെട്ടത്. ശേഷം പോറ്റി പലവട്ടം ചെന്നൈയിലെ വീട്ടിൽ വന്നിട്ടുണ്ട്. ദ്വാരപാലകപാളികൾ തൻ്റെ വീട്ടിൽ കൊണ്ടുവന്നപ്പോഴാണ് പൂജ നടത്തിയത്. സ്മാർട്ട് ക്രിയേഷൻസിൽ സ്വർണപ്പാളികൾ വെച്ച് നടത്തിയ പൂജയിൽ പങ്കെടുത്തിട്ടുമുണ്ട്. പോറ്റി ക്ഷണിച്ചിട്ടാണ് പോയത്. സ്‌മാർട്ട് ക്രിയേഷൻസുമായോ സ്‌പോൺസർമാരുമായോ പരിചയമില്ലെങ്കിൽ എസ്ഐടിക്ക് മുമ്പിൽ ജയറാം മൊഴി നൽകിയെന്നായിരുന്നു വിവരം.
അതേസമയം, ശബരിമലയിലെ സ്വർണപാളികൾ പൂജിച്ചതുമായി ബന്ധപ്പെട്ട് ജയറാം നൽകിയ വിശദീകരണങ്ങളിൽ പൊരുത്തക്കേടുള്ളതായി റിപ്പോർട്ടുകളുണ്ടായിരുന്നു. അതേതുടർന്നാണ് എസ്ഐടി ജയറാമിൻ്റെ മൊഴിയെടുത്തത്. സ്മാർട്ട് ക്രിയേഷൻസിൽ പൂജ നടന്ന അതേദിവസമാണ് തൻ്റെ വീട്ടിലും പൂജ നടന്നത് എന്നായിരുന്നു നടൻ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, സ്മാർട്ട് ക്രിയേഷൻസിൽവെച്ച് നടന്ന, ജയറാം പങ്കെടുത്ത പൂജയിലുണ്ടായിരുന്നത് സ്വർണ കട്ടിളപ്പാളികളായിരുന്നു. ഇത് 2019 മാസത്തിലായിരുന്നു നടന്നത്. ജയറാമിൻ്റെ വീട്ടിൽ നടന്നത് ദ്വാരപാലകപാളികൾ വെച്ചുള്ള പൂജയായിരുന്നു. ഇത് നടന്നതാകട്ടെ സെപ്റ്റംബർ മാസത്തിലുമായിരുന്നു. രണ്ട് മാസങ്ങളിൽ നടന്ന പൂജകൾ എന്തിന് ഒരേദിവസം നടന്നു എന്ന് ജയറാം പറഞ്ഞു എന്നത് ചോദ്യങ്ങൾ ഉയർത്തിയിരുന്നു. ഇതെല്ലാം സംബന്ധിച്ച വിവരങ്ങൾ എസ്ഐടി ആരഞ്ഞുവെന്നാണ് വിവരം. അതിനു പിന്നാലെയാണ് ഐ.ഡിയുടെ ചോദ്യം ചെയ്യൽ.






