ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കി കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യൻ…കുറ്റപത്രം!! മൂവരേയും കൊന്നത് സെബാസ്റ്റ്യൻ തന്നെ, പക്ഷെ മൃതദേഹാവശിഷ്ടങ്ങൾ എവിടെ? ബിന്ദു കൊലക്കേസിനു പിന്നാലെ ഐഷ കൊലക്കേസും ക്രൈംബ്രാഞ്ചിന്…ജെയ്നമ്മ കേസിൽ സെബാസ്റ്റ്യനെ പിടിച്ചുകെട്ടാൻ നീക്കം, കുരുക്കായി ഡിഎൻഎ ഫലം

ചേർത്തല: മൂന്നു സ്ത്രീകൾ ദുരൂഹ സാഹചര്യത്തിൽ കാണാതായ സംഭവത്തിൽ കടക്കരപ്പള്ളി സ്വദേശിനി ബിന്ദുപദ്മനാഭൻ കൊലക്കേസിനു പിന്നാലെ ചേർത്തല സ്വദേശിനി ഐഷ (ഹയറുമ്മ) കൊലക്കേസും സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറുന്നു. നിലവിൽ ചേർത്തല പോലീസ് അന്വേഷിക്കുന്ന കേസിൽ മൃതദേഹമടക്കമുള്ള തെളിവ് കണ്ടെത്താനാകാത്ത സാഹചര്യത്തിലാണ് കേസ് കൈമാറുന്നത്. അതേസമയം ചേർത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎൻഎ പരിശോധനാഫലത്തിനു പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും കാണാതായ ജെയ്നമ്മയുടേതാണെന്നുറപ്പിക്കുന്ന ഡിഎൻഎ ഫലവും എത്തി.
2012-ൽ ഐഷയെ കാണാതായതായികാട്ടി ബന്ധുക്കൾ നൽകിയ പരാതിയിലാണ് ആദ്യം അന്വേഷണം തുടങ്ങിയത്. ഐഷ തന്റെ വീട്ടിൽവെച്ചാണു കൊല്ലപ്പെട്ടതെന്ന സെബാസ്റ്റ്യന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ടുമാസം മുൻപ് പോലീസ് കേസെടുത്തിരുന്നു. എന്നാൽ, മൃതദേഹമോ അവശിഷ്ടമോ കണ്ടെത്താനായില്ല. ഇതിനിടെ ബിന്ദു പദ്മനാഭനെ കൊലപ്പെടുത്തിയതും സെബാസ്റ്റ്യനാണെന്ന് ക്രൈംബ്രാഞ്ച് ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവൊന്നും കണ്ടെത്തിയിട്ടില്ല. കേസിൽ പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിരുന്നു.
എന്നാൽ കോട്ടയം ക്രൈംബ്രാഞ്ച് അന്വേഷിച്ച ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലക്കേസിൽ മുഖ്യപ്രതി സെബാസ്റ്റ്യനു നേരെയുള്ള കുരുക്കുമുറുകി. സെബാസ്റ്റ്യന്റെ വീട്ടിൽനിന്ന് കണ്ടെത്തിയ രക്തക്കറയിലെ ഡിഎൻഎ പരിശോധനാഫലത്തിനു പിന്നാലെ എല്ലിന്റെ അവശിഷ്ടങ്ങളും ജെയ്നമ്മയുടേതാണെന്നുറപ്പിക്കുന്ന ഡിഎൻഎ ഫലവും എത്തി. സെബാസ്റ്റ്യൻ പ്രതിയായ മൂന്നു കൊലക്കേസുകളിൽ ശാസ്ത്രീയ തെളിവു കണ്ടെത്താനായത് ജെയ്നമ്മ കേസിൽ മാത്രമാണ്.
2024 ഡിസംബറിൽ കാണാതായ ജെയ്നമ്മ അതേദിവസംതന്നെ കൊല്ലപ്പെട്ടതായാണു കണ്ടെത്തൽ. സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിൽ നടന്ന കൊലപാതകം പുറത്തറിഞ്ഞത് 2025 ജൂലായിലാണ്. തുടർന്ന്, സെബാസ്റ്റ്യൻ അറസ്റ്റിലായി. തുടർന്നുനടന്ന ചോദ്യംചെയ്യലിൽ ബിന്ദു പദ്മനാഭനും പിന്നീട്, ഐഷയും കൊല്ലപ്പെട്ടതായ വിവരവും പുറത്തുവന്നു. അതിനുശേഷം സെബാസ്റ്റ്യൻ ജയിലിൽനിന്ന് പുറത്തിറങ്ങിയിട്ടില്ല. മറ്റു ബന്ധങ്ങളില്ലാത്ത സ്ത്രീകളെ വശീകരിച്ച് ആഭരണങ്ങളും പണവും കൈക്കലാക്കിയശേഷം കൊല്ലുന്ന മനോവൈകൃതമുള്ള കുറ്റവാളിയാണ് സെബാസ്റ്റ്യനെന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രാഥമിക കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞു. ഇതോടെ ജെയ്നമ്മ കേസിന്റെ വിചാരണ വൈകാതെ തുടങ്ങും.






