Breaking NewsKeralaLead NewsNEWS

അയോഗ്യത റദ്ദാക്കപ്പെടില്ല!! തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു, കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും… മരവിപ്പിച്ചത് അന്തിമ വിധി വരും വരെ

തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ ആന്റണി രാജുവിനെതിരായ ശിക്ഷാ വിധി മരവിപ്പിച്ചു. നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധിയാണ് തിരുവനന്തപുരം സെഷൻസ് കോടതി മരവിപ്പിച്ചത്. അന്തിമ വിധി വരും വരെ താത്ക്കാലികമായാണ് ശിക്ഷ മരവിപ്പിച്ചിരിക്കുന്നത്. അതേസമയം അതേസമയം കുറ്റക്കാരനായി കണ്ടെത്തിയ വിധി നിലനിൽക്കും. ആന്റണി രാജു സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് നടപടി.

നേരത്തെ മൂന്ന് വർഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആന്റണി രാജു തിരുവനന്തപുരം സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയത്. തന്റെ വാദങ്ങൾ പൂർണമായും കേൾക്കാതെയായിരുന്നു കോടതി കുറ്റക്കാരനാക്കി കണ്ടെത്തി ശിക്ഷ വിധിച്ചതെന്നായിരുന്നു ആന്റണി രാജു കോടതിയിൽ ഉയർത്തിയ വാദം. ആദ്യഘട്ടത്തിൽ മൂന്ന് പേരെയായിരുന്നു കേസിൽ പ്രതി ചേർത്തിരുന്നത്. അക്കാര്യങ്ങളൊന്നും കോടതി പരിഗണിച്ചില്ലെന്നും ആന്റണി രാജു ചൂണ്ടിക്കാട്ടി. ആ അപ്പീൽ ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ശിക്ഷാ വിധി താത്ക്കാലികമായി മരവിപ്പിച്ചത്.

Signature-ad

അതേസമയം ശിക്ഷാ വിധി മരവിപ്പിച്ചതുകൊണ്ട് ആന്റണി രാജുവിന്റെ അയോഗ്യത റദ്ദാക്കപ്പെടില്ല. കോടതിയുടെ അന്തിമ വിധിക്ക് ശേഷം മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുകയുള്ളൂ. ലഹരിക്കേസിൽ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ കഴിഞ്ഞ മൂന്നാം തീയതിയായിരുന്നു ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലർക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങൾക്കൊടുവിലായിരുന്നു കോടതി ആന്റണി രാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇതേ ദിവസം തന്നെ ആന്റണി രാജുവിനുള്ള ശിക്ഷയും കോടതി വിധിച്ചിരുന്നു. മൂന്ന് വർഷം തടവിന് പുറമേ പതിനായിരം രൂപ പിഴയും കോടതി വിധിച്ചിരുന്നു.

1990 ഏപ്രിൽ നാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിയായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരൻ ആൻഡ്രൂ സാൽവദോർ സർവലിയാണ് പിടിയിലായത്. ഈ കേസിൽ പ്രധാന തൊണ്ടിമുതലായിരുന്നു സർവലിയുടെ അടിവസ്ത്രം. പ്രശസ്ത അഭിഭാഷകയായ സെലിൻ വിൽഫ്രഡായിരുന്നു പ്രതിയ്ക്ക് വേണ്ടി അന്ന് ഹാജരായത്.

ഈ സമയം സെലിന്റെ ജൂനിയർ അഭിഭാഷകനായിരുന്നു ആന്റണി രാജു. എന്നാൽ ഈ കേസ് തോൽക്കുകയും സർവലിക്ക് തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ വി ശങ്കരനാരായണൻ 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴ വിധിക്കുകയും ചെയ്തു. എന്നാൽ, തൊട്ടുപിന്നാലെ ഹൈക്കോടതിയിൽ അപ്പീൽ ഫയൽചെയ്തു.

തൊണ്ടിമുതലിൽ കൃത്രിമത്വം നടത്തിയാൽ മേൽക്കോടതിയിൽ അപ്പീലിൽ ഗുണം ചെയ്യുമെന്ന് കണ്ടെത്തിയതിന് പിന്നാലെ ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തുകയായിരുന്നു. കുഞ്ഞിരാമ മേനോൻ ആയിരുന്നു അന്ന് പ്രതിക്കുവേണ്ടി വക്കാലത്തെടുത്തത്. കേസിലെ പ്രധാന തൊണ്ടിമുതലായി പോലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന വാദമായിരുന്നു അന്ന് പ്രതിഭാഗം ഉയർത്തിയത്. തുടർന്ന് തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് ധരിക്കാൻ കഴിയില്ലെന്ന് കോടതി നേരിട്ട് ഉറപ്പാക്കുകയും ഹൈക്കോടതി പ്രതിയെ വെറുതേ വിടുകയും ചെയ്തു. തുടർന്ന് ഓസ്ട്രേലിയയിലേക്ക് കടന്ന ആൻഡ്രൂ അവിടെ കൊലക്കേസിൽപ്പെടുകയും തടവിൽ വെച്ച് സഹതടവുകാരനോട് കേരളത്തിലെ കേസിനെക്കുറിച്ച് പറയുകയുമായിരുന്നു. തുടർന്ന് ഇന്റർപോൾ സിബിഐയ്ക്ക് വിവരം കൈമാറുകയും സിബിഐ കേരളാ പോലീസിന് കത്ത് നൽകുകയുമായിരുന്നു. പിന്നാലെയാണ് ആന്റണി രാജുവിനെതിരേ കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: