പോലീസ് സ്റ്റേഷനിലിട്ട് റൂൾത്തടിക്ക് ഉരുട്ടി, ഇരുകരണത്തും അടി, എസ്ഐയുടെ ക്രൂരമർദനത്തിൽ നട്ടെല്ലിന് പരുക്കുപറ്റി മാസങ്ങളോളം ആശുപത്രി കിടക്കയിൽ, ഒടുവിൽ പറയുന്നു താൻ 12 വർഷം പ്രണയിച്ച് കൂടെകൂട്ടിയവളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു കെട്ടിത്തൂക്കിയത് മറ്റൊരാളാണെന്ന്… ടിഞ്ചു മൈക്കിൾ കൊലക്കേസിൽ ടിജിൻ ഇന്ന് സ്വതന്ത്രൻ

പത്തനംതിട്ട: കുടുംബവും കൂട്ടുകാരും നാട്ടുകാരുമെല്ലാം കൊലപാതകിയായി കണ്ട ഒരു കാലം, പോലീസ് സ്റ്റേഷനിൽവെച്ച് എസ്ഐയുടെ വക റൂൾത്തടിക്ക് ഉരുട്ടൽ, ഇരുകരണത്തും അടി, ക്രൂര മർദനത്തിൽ നട്ടെല്ലിനു പരുക്ക്. പീഡനത്തിന്റെയും വേദനകളുടെയും വർഷങ്ങൾക്കിപ്പുറം കോട്ടാങ്ങൽ കണയങ്കൽ വീട്ടിൽ ടിജിൻ ജോസഫ് കാത്തിരിക്കുന്ന ആശ്വാസവിധിയെത്തി…ടിഞ്ചു മൈക്കിൾ കൊലക്കേസിൽ യഥാർഥ പ്രതി മറ്റൊരാൾ.
കോട്ടാങ്ങൽ സ്വദേശിനിയായ 26-കാരിയായ ടിഞ്ചു 2019 ഡിസംബർ 15-ന് കൊല്ലപ്പെട്ടത്. സുഹൃത്തായ ടിജിൻ്റെ വീട്ടിലാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇതോടെ ടിഞ്ചു കൊലക്കേസിൽ സംശയമുന ആദ്യം നീണ്ടത് ഒപ്പം താമസിച്ചിരുന്ന ടിജിനിലേക്കാണ്. അതേസമയം ഇരുവരും 12 വർഷം പ്രണയത്തിലായിരുന്നു. എന്നാൽ, വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി രണ്ടുപേർക്കും വേറെ വിവാഹം കഴിക്കേണ്ടിവന്നു.
പിന്നീട് ടിഞ്ചു ഭർത്തൃവീട്ടിൽനിന്ന് ഇറങ്ങി കീഴ്‌വായ്പൂര് പോലീസ് സ്റ്റേഷനിലെത്തി. ടിജിനൊപ്പം പോകുകയാണെന്ന് അവിടെ എഴുതിവെച്ചു. അതിന് മുൻപുതന്നെ ടിജിനും ഭാര്യയും തമ്മിൽ അകന്നിരുന്നു. ഈ സമയം ഒന്നരവയസ് മാത്രമുള്ള കുഞ്ഞിനൊപ്പമായിരുന്നു ടിജിൻ താമസിച്ചിരുന്നത്.
ടിഞ്ചുവിനൊപ്പം താമസം തുടങ്ങി ആറുമാസം കഴിഞ്ഞപ്പോൾ, 2019 ഡിസംബർ 15-നാണ് ജീവിതം തകിടംമറിച്ച സംഭവമുണ്ടയത്. അന്ന് പിതാവ് ജോസഫ്, കൊച്ചുമകനുമായി പൊൻകുന്നത്തെ ബന്ധുവീട്ടിലേക്ക് രാവിലെ പോയി. ഓട്ടോ ഡ്രൈവറായ ടിജിന് ഹരിപ്പാട്ടേക്ക് ഓട്ടം കിട്ടി. നാട്ടുകാരനും പരിചയക്കാരനുമായ നസീർ ആ സമയത്താണ് തടി നോക്കാനെത്തിയത്. ഇരുവരും തമ്മിൽ കണ്ടതുമാണ്. അന്ന് വൈകീട്ട് നാലുമണിയോടെ പിതാവ് വിളിച്ചുപറയുമ്പോഴാണ് ടിഞ്ചുവിന്റെ മരണ വാർത്ത ടിജിൻ അറിയുന്നത്. ഓടിപ്പിടച്ച് വീട്ടിലെത്തിയ ടിജിനെ മുറിയിലേക്കുപോലും കയറ്റിയില്ല.
ആ കേസിൽ തന്നെ കുടുക്കാൻ പെരുമ്പെട്ടി എസ്ഐ ആയിരുന്ന ഷെരീഫിന് തിടുക്കമായിരുന്നെന്ന് ടിജിൻ പറയുന്നു. ടിഞ്ചുവിന്റെ സംസ്കാരത്തിലും പങ്കെടുക്കാനായില്ല. ചോദ്യം ചെയ്യാനായി വരുത്തി സ്റ്റേഷനിലെ ക്രൂരമർദനത്തിൽ ടിജിന്റെ നട്ടെല്ലിനും മുഖത്തും പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ഒരാഴ്ച ചികിത്സയിൽ കഴിഞ്ഞു. മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയതോടെ എസ്ഐ, ആശുപത്രിയിൽ എത്തി ചെലവിന് പണം വാഗ്ദാനം ചെയ്തു. ഡോക്ടർമാരും ജീവനക്കാരും ഇടപെട്ടാണ് എസ്ഐയെ അന്ന് ഇറക്കിവിട്ടത്. പരുക്കേറ്റ് ഏറെനാൾ നടുവിന് ബെൽറ്റിട്ട് കഴിയേണ്ടിവന്നു. ശാസ്ത്രീയ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതിനെത്തുടർന്ന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.
ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിലാണ് യഥാർഥ പ്രതി അന്നു തടിനോക്കാൻ അവിടെയെത്തിയ നസീറാണെന്ന് കണ്ടെത്തിയത്. ക്രൂരമായ ലൈംഗിക അതിക്രമങ്ങളും ശാരീരിക പീഡനവും നടന്നതിന്റെ ശാസ്ത്രീയ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവദിവസം വീടിന് സമീപത്ത് ഉണ്ടായിരുന്ന മൂന്നുപേരെയാണ് പോലീസ് തുടർച്ചയായി ചോദ്യംചെയ്തത്. ഇതിൽ പ്രദേശവാസിയായ നസീറും ഉണ്ടായിരുന്നു.
മൃതദേഹത്തിന്റെ നഖത്തിൽനിന്ന് ശേഖരിച്ച സാമ്പിളും നസീറിന്റെ രക്തസാമ്പിളും ഒന്നാണെന്ന് തെളിഞ്ഞതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ടിജിനും പിതാവും വീട്ടിൽനിന്ന് രാവിലെ പുറത്തുപോയശേഷം നസീർ, യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയാണ് പീഡിപ്പിച്ചത്. തുടർന്ന്, മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഇരുമ്പുഹുക്കിൽ കെട്ടിത്തൂക്കുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.






