കൊല്ലത്തെ യുഡിഎഫ് ചിത്രം തെളിയുന്നു!! കൊട്ടാരക്കര പിടിച്ചെടുക്കാൻ അയിഷാ പോറ്റി, കുണ്ടറയിൽ പി.സി. വിഷ്ണുനാഥ്, കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷ്, ചവറയിൽ ഷിബു ബേബി ജോൺ, പുനലൂര് തിരിച്ചെടുത്ത് ചടയമംഗലം ലീഗിന് നൽകാൻ ധാരണ

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളിൽ സ്ഥാനാർഥിനിർണയം സംബന്ധിച്ച ചർച്ചകൾ അന്തിമഘട്ടത്തിലേക്ക് കടക്കുന്നതായി സൂചന. സ്ഥാനാർഥി നിർണയം സംബന്ധിച്ചു കഴിഞ്ഞദിവസം ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഇന്ദിരാഭവനിൽ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് സ്ഥാനാർഥികളെപ്പറ്റി ഏകദേശ ധാരണയുണ്ടായെങ്കിലും ആർഎസ്പിയും മുസ്‌ലിം ലീഗും കോൺഗ്രസും തമ്മിൽ സീറ്റുകൾ വെച്ചുമാറുന്ന കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയില്ല,
കൊട്ടാരക്കരയിൽ സിപിഎം വിട്ടുവന്ന പി. അയിഷാപോറ്റി തന്നെയാകും സ്ഥാനാർഥിയാകുക. കുണ്ടറയിൽ പി.സി. വിഷ്ണുനാഥും കരുനാഗപ്പള്ളിയിൽ സി.ആർ. മഹേഷും തുടരും. അതേസമയം കുന്നത്തൂർ, ഇരവിപുരം, ചവറ എന്നിവിടങ്ങളിലാണ് ആർഎസ്പി മത്സരിക്കുന്നത്. അതുപോലെ കൊല്ലം സീറ്റ് തങ്ങൾക്ക് വിട്ടുകിട്ടണമെന്ന ആവശ്യം ആർഎസ്പി ഉന്നയിച്ചിട്ടുണ്ട്. സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചിട്ടുമുണ്ട്. ചവറയിൽ ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണാകും സ്ഥാനാർഥി. ഇരവിപുരത്ത് പുതുമുഖത്തെ മത്സരിപ്പിക്കുന്ന കാര്യവും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
അതേസമയം കഴിഞ്ഞതവണ മുസ്‌ലിം ലീഗ് മത്സരിച്ച പുനലൂരിലെ സീറ്റ് തിരിച്ചെടുക്കണമെന്നും അവിടെ തങ്ങളുടെ സ്ഥാനാർഥിയെ നിർത്തണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സീറ്റ് കോൺഗ്രസ് ഏറ്റെടുത്ത് പകരം ചടയമംഗലം മണ്ഡലം ലീഗിനു നൽകാനാണ് ധാരണ. എന്നാൽ അവിടെയും കോൺഗ്രസ് പ്രവർത്തകർക്ക് സീറ്റ് വിട്ടുനൽകുന്നതിനോട് കടുത്ത വിയോജിപ്പുണ്ട്. പത്തനാപുരം സീറ്റിൽ കോൺഗ്രസ് തന്നെയാകും ഇത്തവണയും മത്സരിക്കുക.
അതുപോലെ മുന്നണി ധാരണപ്രകാരം ഒരു സീറ്റ് ഫോർവേഡ് ബ്ലോക്കിനു വിട്ടുനൽകുന്ന കാര്യവും പരിഗണിക്കുന്നു. അന്തിമ ധാരണയായാൽ ചാത്തന്നൂരാകും ഫോർവേഡ് ബ്ലോക്കിനു ലഭിക്കുക. കോൺഗ്രസാണ് മത്സരിക്കുന്നതെങ്കിൽ പുതുമുഖ സ്ഥാനാർഥിയെയാകും ഇവിടെ രംഗത്തെത്തുക.






