പൊന്നിന് ഡിമാന്റ് കൂടുന്നു… സ്വർണവില പവന് 1,31,160 രൂപ!! ചരിത്രത്തിലാദ്യമായി വെള്ളി വില കി. ഗ്രാമിന് നാല് ലക്ഷത്തിന് അടുത്ത്

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ കുതിപ്പ്. പവന്റെ വില 8,640 രൂപ കൂടി 1,31,160 രൂപയായി. അതുപോലെ ഗ്രാമിന്റെ വിലയാകട്ടെ 1080 രൂപ വർധിച്ച് 16,395 രൂപയിലുമാണ് ഇന്നു വ്യാപാരം തുടരുന്നത്.
ആഗോള- ആഭ്യന്തര വിപണികളിലും വൻ കുതിപ്പാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 9,954 രൂപയാണ് കൂടിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 5,591 ഡോളറിലെത്തുകയും ചെയ്തു. ഈയാഴ്ച മാത്രം 10 ശതമാനത്തിലധികം വർധനവാണ് രേഖപ്പെടുത്തിയത്. സമാനമായ വർധന വെള്ളിയുടെ വിലയിലുമുണ്ടായി. ചരിത്രത്തിലാദ്യമായി വെള്ളിയുടെ വില കിലോഗ്രാമിന് നാല് ലക്ഷം രൂപയുടെ അടുത്തെത്തി. 18 കാരറ്റ് സ്വർണം പവന് 1,07720 രൂപയും ഗ്രാമിന് 13,465 രൂപയുമായി. അതുപോലെ 14 കാരറ്റ് സ്വർണം പവന് 83,880 രൂപയും ഗ്രാമിന് 10,485 രൂപയുമായി.
അതേസമയം ഡോളറിന്റെ മൂല്യം നാല് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചു. ഡോളറും സ്വർണ വിലയും തമ്മിലുള്ള വിപരീത അനുപാതം സ്വർണത്തിന് ഗുണകരമായി. ഡോളർ ദുർബലമാകുമ്പോൾ സ്വാഭാവികമായും സ്വർണ്ണവില വർധിക്കുന്ന പ്രവണതയാണിവിടെ പ്രതിഫലിക്കുന്നത്. ഇതോടെ സ്വർണവിലയിൽ വൻ കുതിച്ചുകയറ്റമാണ് സംസ്ഥാനത്ത് ദൃശ്യമാകുന്നത്.
അതോടൊപ്പം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ വിപണിയിൽ വലിയ ചലനമുണ്ടാക്കി. ഭാവിയിൽ ഡോളറിന്റെ മൂല്യം കുറച്ചു നിർത്താൻ വൈറ്റ് ഹൗസിനുള്ളിൽ ധാരണയുണ്ടെന്ന സൂചനകൾ പുറത്തുവന്നത് ഡോളർ വിറ്റഴിക്കലിന് കാരണമായി. പുതിയ ഫെഡറൽ റിസർവ് മേധാവിയെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം ചുമതലയേൽക്കുന്നതോടെ പലിശനിരക്ക് കുറയുമെന്നുമുള്ള ട്രംപിന്റെ പ്രവചനവും വിപണിയെ സ്വാധീനിച്ചു.
കേന്ദ്ര ബാങ്കുകളും വ്യക്തിഗത നിക്ഷേപകരും ഡോളറിതര ആസ്തികളിലും സ്വർണം പോലുള്ള ഭൗതിക ആസ്തികളിലും നിക്ഷേപം കൂട്ടുമെന്നാണ് വിലയിരുത്തൽ. 2026-ഓടെ സ്വർണ്ണവില ഔൺസിന് 6,000 ഡോളർ വരെ ഉയർന്നേക്കാമെന്ന് ഡോയ്ചെ ബാങ്ക് പ്രവചിക്കുന്നു. സമീപഭാവിയിൽ സ്വർണ്ണത്തിന് 5,240 ഡോളർ എന്ന നിലവാരത്തിൽ ചെറിയ പ്രതിരോധം നേരിട്ടേക്കാം. ഡോളറിന്റെ മൂല്യത്തകർച്ചയും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും നിലനിൽക്കുന്നിടത്തോളം സ്വർണത്തിന്റെ മുന്നേറ്റം തുടരാനാണ് സാധ്യത. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിനുള്ള സ്വീകാര്യത വർധിക്കുന്നതിനാൽ സമീപകാലയളവിൽ വില ഇനിയും ഉയർന്നേക്കാം.






