ശ്വാന വീരന്മാർ കുരച്ചു കൊള്ളുക: സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും:എം എ ബേബിയെ പരിസഹിക്കുന്നവർക്ക് മന്ത്രി ആർ ബിന്ദുവിന്റെ മറുപടി; എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജൻ: ബേബിയെ അഭിനന്ദിച്ച് ചെറിയാൻ ഫിലിപ്പും

തൃശൂർ : ഒരു പാത്രം കഴുകി വെച്ചതിന്റെ പേരിൽ സഖാവ് ബേബിയെ കൂട്ടം ചേർന്ന് ആക്രമിക്കാൻ എതിരാളികൾ ശ്രമിച്ചാൽ സിപിഎമ്മുകാർ നോക്കിയിരിക്കില്ല. ഒന്നിന് പുറകെ ഒന്നായി ബേബിക്കുവേണ്ടി നേതാക്കളും സാധാരണക്കാരും പാത്ര പരിഹാസത്തിനെതിരെ രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. മന്ത്രി വി ശിവൻകുട്ടിക്കും ബേബിയുടെ ഭാര്യ ബെറ്റിക്കും പിന്നാലെ മന്ത്രി ആര് ബിന്ദു ഫേയ്സ്ബുക്കിലൂടെ പരിഹസിക്കുന്നവർക്ക് ശക്തമായ ഭാഷയിൽ തന്നെ മറുപടി കൊടുത്തു.
ഇത് വർഷങ്ങളായുള്ള നിഷ്ഠയാണെന്നും, ഏറെ അഭിമാനകരവും മാതൃകാപരവുമെന്നും മന്ത്രി പ്രതികരിച്ചു.
താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. ഏറെ അഭിമാനകരവും മാതൃകാപരവുമാണ് എം എ ബേബിയുടെ നിശ്‌ചയം. തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലെന്നും എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അതെന്നും മന്ത്രി ബിന്ദു ഫെയ്സ്ബുക്കിൽ പ്രതികരിച്ചു.
മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം:
അതേ. ..ഇത് ഞങ്ങളുടെ പാർട്ടിയുടെ ജനറൽ സെക്രട്ടറി സ എം എ ബേബി. .. കൊടുങ്ങല്ലൂർ ഏരിയയിൽ ഗൃഹസന്ദർശന പരിപാടിയ്ക്കിടയിൽ അഴീക്കോട്ടെ ഒരു വീട്ടിൽ നിന്ന് സ്നേഹപൂർവ്വം ഒരുക്കി നൽകിയ ഭക്ഷണം കഴിച്ച ശേഷം താൻ ആഹാരം കഴിച്ച പാത്രം കഴുകി വെക്കുകയാണ് സഖാവ്. .. താൻ കഴിച്ച പാത്രം മറ്റാരെയും കൊണ്ട് കഴുകിക്കയില്ല എന്നത് അദ്ദേഹത്തിന്റെ നിഷ്ഠയാണ്. … ഏറെ അഭിമാനകരവും മാതൃകാപരവുമായ നിശ്‌ചയം. ..അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. … എത്രയോ വർഷങ്ങളായി തുടരുന്ന ചര്യയാണ് അത്. …
തൊണ്ണൂറുകളിൽ, നാലഞ്ച് വർഷം സഖാവിന്റെ വീട്ടിലെ നിത്യ സന്ദർശക ആയിരുന്ന കാലത്തേ കണ്ടിട്ടുള്ളതാണ് അത്. …ഞങ്ങളുടെ വീട്ടിൽ വന്നാലും ഭക്ഷണം കഴിച്ചാൽ സ്വയം പാത്രം കഴുകുകയും അങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് പറഞ്ഞുതരികയും ചെയ്യും. ..
അതിനെയാണ് ചില ബി ജെ പി/ ആർ എസ്സ് എസ്സ് പ്രൊഫൈലുകൾ പരിഹസിക്കുന്നത്. …ഒരിക്കലും ഭക്ഷ്യവസ്തുവോ ഭക്ഷണമോ സ്വയം ഉണ്ടാക്കുകയോ കഴിച്ച പാത്രം പോലും കഴുകി വെക്കുകയോ ചെയ്യാത്ത മേലാളപൊങ്ങച്ചങ്ങളുടെ ജീർണ്ണിച്ച ആശയങ്ങൾ ഉള്ളിൽ പേറുന്നവരുടെ സ്ഥായീഭാവമാണ് സർവ്വപുച്‌ഛം.
ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും. ….
Proud of you, dear comrade. .… മന്ത്രി ആർ ബിന്ദു
എം എ ബേബിയെ പിന്തുണച്ച് ഇടത് നേതാക്കളും മന്ത്രിമാരും മന്ത്രിമാരും ഉൾപ്പെടെ ഒട്ടേറെപ്പേർ രംഗതത്ത് വന്നിട്ടുണ്ട്. എം എ ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചിരുന്നു . ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു.
എം എ ബേബിയും എല്ലാ സിപിഎം നേതാക്കളും സ്വന്തം പാത്രം കഴുകുന്നവർ ആണെന്ന് എം വി ജയരാജനും പ്രതികരിച്ചു.
ചെറുപ്പം മുതലെ കഴിച്ച പാത്രം കഴുകിവയ്ക്കുക എന്നത് തന്റെ ശീലമാണെന്നും താന്‍ അത് ഇന്നും പാലിച്ച് വരുന്നുവെന്നും എം എ ബേബി പ്രതികരിച്ചു.
പാത്രം കഴുകൽ പരിഹാസ വിവാദത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട പ്രതികരണം സിപിഎം ചേരിയിൽ നിന്ന് കോൺഗ്രസിലേക്ക് മാറിയ ചെറിയാൻ ഫിലിപ്പിന്റേതാണ്.
എം എ ബേബിയുടെ കാലഹരണപ്പെട്ട സൈദ്ധാന്തിക പിടിവാശികളോട് വിയോജിപ്പുണ്ടെങ്കിലും വ്യക്തിപരമായ ചില ശീലങ്ങൾ മാതൃകാപരമാണ് എന്നാണ് ചെറിയാൻ ഫിലിപ്പ് പ്രശംസിക്കുന്നത്.
വീട്ടിലായാലും പാർട്ടി ഓഫീസിലായാലും ബേബി താൻ ഭക്ഷണം കഴിച്ച പാത്രം കഴുകി വയ്ക്കാറുണ്ട് എന്ന് ചെറിയാൻ ഫിലിപ്പ് ഓർക്കുന്നു.
ബേബിയുടെ വീട്ടിൽ ഞാൻ ചെല്ലുമ്പോൾ എല്ലാം അദ്ദേഹം ഭക്ഷണം വിളമ്പിത്തരുകയും ഞാൻ കഴിച്ച പാത്രം കഴുകി വയ്ക്കുകയും ചെയ്തിരുന്നു. പാത്രത്തിൽ എടുക്കുന്ന ഭക്ഷ്യവസ്തുക്കൾ ഒന്നും ഉപേക്ഷിക്കുകയോ പാഴാക്കുകയോ ചെയ്യാറില്ല.
സദ്യക്ക് പോയാൽ ഇലയിലെ ഭക്ഷണം വടിച്ചെടുക്കുകയും വിരലുകൾ നക്കി തുടയ്ക്കുകയും ചെയ്യുന്നത് ഞാൻ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
ബേബിയുടെ പേരിന്റെ ഇനിഷ്യലിൽ അമ്മ മറിയത്തിന്റെ പേരുണ്ട്. മകൻ അശോകന്റെ പേരിനൊപ്പം ബേബി ഭാര്യ ബെറ്റിയുടെ പേര് കൂടി ചേർത്തിട്ടുണ്ട്. പുരുഷാധിപത്യ സമൂഹത്തിൽ മാതൃത്വത്തിന് നൽകുന്ന വലിയ അംഗീകാരമാണ് അതെന്ന് ചെറിയാൻ ഫിലിപ്പ് അഭിനന്ദിച്ചു.
ബേബിയുടെ മകൻ അശോകന്റെ വിവാഹത്തിന് വരണമാല്യം എടുത്തു നൽകിയത് ഗായകൻ യേശുദാസാണെന്നും പിതാവിന്റെ കർമ്മം യേശുദാസിനെ ഏൽപ്പിച്ചത് ശരിയായില്ല എന്ന് അന്നുതന്നെ താൻ ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നതായും ചെറിയാൻ ഫിലിപ്പ് ഓർമിപ്പിച്ചു.
:






