മമ്മൂട്ടിയുടെ ബസൂക്കയല്ല ട്രേഡ് ബസൂക്ക; ഇത് ട്രംപിനെതിരെയുള്ള പ്രതിരോധം; സാമ്പത്തിക ആയുധം; പ്രയോഗിക്കാനൊരുങ്ങുന്നത് ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ യൂണിയന്‍

പാരിസ്: മമ്മൂട്ടി അഭിനയിച്ച ബസൂക്ക എന്ന സിനിമ ഓര്‍മയില്ലേ. ട്രേഡ് ബസൂക്ക എന്ന് കേട്ടപ്പോള്‍ പെട്ടന്ന് ആദ്യം ഓര്‍മവന്നത് മമ്മൂട്ടിയുടെ സിനിമയാണ്. പക്ഷേ ബസൂക്ക വേറെ ട്രേഡ് ബസൂക്ക വേറെ. അപ്പോള്‍ എന്താണ് ട്രേഡ് ബസൂക്ക…
അതൊരു സാമ്പത്തിയ ആയുധമാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാമ്പത്തി നയങ്ങള്‍ക്കെതിരെ ഉപയോഗിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ പുറത്തെടുക്കുന്ന സാമ്പത്തിക ആയുധപ്രതിരോധമാണ് ട്രേഡ് ബസൂക്ക എന്ന് ലളിതമായി പറയാം.
ഗ്രീന്‍ലാന്‍ഡിനെ പിന്തുണയ്ക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ തീരുവകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രേഡ് ബസൂക്കയടക്കമുള്ള പ്രതിരോധ നടപടികള്‍ നടപ്പിലാക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചിരിക്കുന്നത്. ട്രംപിനെതിരെ തങ്ങളുടെ പക്കലുള്ള ഏറ്റവും ശക്തമായ സാമ്പത്തിക ആയുധം പ്രയോഗിക്കാനാണ് യൂറോപ്യന്‍ യൂണിയന്റെ നീക്കം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കുമെന്ന ട്രംപിന്റെ ഭീഷണികള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ട്രേഡ് ബസൂക്ക എന്നറിയപ്പെടുന്ന പ്രതിരോധ സംവിധാനം ഉപയോഗിക്കാന്‍ 27 രാജ്യങ്ങള്‍ അടങ്ങുന്ന കൂട്ടായ്മ ശ്രമിക്കുന്നത്.
ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വീഡന്‍, ഫ്രാന്‍സ്, ജര്‍മ്മനി, യുകെ, നെതര്‍ലാന്‍ഡ്സ്, ഫിന്‍ലാന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനം തീരുവ വര്‍ദ്ധിപ്പിച്ച ട്രംപിന്റെ നീക്കത്തിനെതിരെയാണ് യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിരോധം.
ട്രംപിന്റെ ഭീഷണിക്ക് നേരെ ‘ട്രേഡ് ബസൂക്ക’ പ്രയോഗിക്കേണ്ട സമയമായെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു. യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികളുടെ അടിയന്തര യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. ‘ട്രേഡ് ബസൂക്ക’ ഉപയോഗിക്കുന്നതിലൂടെ യൂറോപ്യന്‍ യൂണിയന്റെ വിപണിയിലേക്ക് അമേരിക്കന്‍ ഉത്പന്നങ്ങളുടെ പ്രവേശനം തടയുകയും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ ചെയ്യാം. അമേരിക്കയ്ക്ക് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്നതിനും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരും. കൂടാതെ യൂറോപ്പിന്റെ ഭാഗത്ത് നിന്ന് അമേരിക്കയ്ക്ക് റിട്ടാലിയേഷന്‍ താരിഫും ഉണ്ടായേക്കാം. ചൈന പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള യൂറോപ്പിന്റെ ഒരു വ്യാപാര പ്രതിരോധ നടപടിയാണ് ട്രേഡ് ബസൂക്ക എന്ന പേരിലറിയപ്പെടുന്നത്.






