ഒരേയൊരു രാജാവ് ഒരേയൊരു സീറ്റ്; മത്സരിക്കാന്‍ വേണ്ടത് ആ ഒറ്റ സീറ്റ്; അതു കിട്ടിയില്ലെങ്കില്‍ ക്യാംപെയ്നറായി നില്‍ക്കുമെന്ന് പി.വി.അന്‍വര്‍; ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ എവിടെയും മത്സരിക്കില്ലെന്നും പ്രഖ്യാപനം

നിലമ്പൂര്‍: ഏതാണ് പി.വി.അന്‍വര്‍ കൊതിക്കുന്ന ആ സീറ്റ് എന്നറിയാനുള്ള ആകാംക്ഷയിലാണ് വോട്ടര്‍മാര്‍. നിലമ്പൂരോ അതോ ബേപ്പൂരോ….
ഏതോ ഒരു സീറ്റിനു വേണ്ടിയാണ് കാത്തിരിക്കുന്നതെന്ന് അന്‍വര്‍ പറഞ്ഞിട്ടുണ്ടെങ്കിലും സീറ്റെതെന്ന് വ്യക്തമാക്കിയിട്ടില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ ഒറ്റ സീറ്റില്‍ മാത്രമാണ് മത്സരിക്കുകയെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍ പറഞ്ഞു താന്‍ ആവശ്യപ്പെട്ട സീറ്റ് കിട്ടിയില്ലെങ്കില്‍ മറ്റെവിടേയും മത്സരിക്കില്ല. നിലമ്പൂരിനേക്കാള്‍ തനിക്ക് സ്വാധീനമുളള പ്രദേശമാണ് ബേപ്പൂരെന്നും അന്‍വര്‍ പറയുമ്പോള്‍ അന്‍വറിന്റെ മോഹം ബേപ്പൂരാണെന്ന് തോന്നാം. അതൊന്ന്് ഉറപ്പിക്കാനായി ബേപ്പൂരില്‍ വരുമോ എന്ന ചോദ്യത്തിന് ബേപ്പൂരില്‍ ഇന്ത്യയിലേ ആര്‍ക്ക് വേണമെങ്കിലും വരാമല്ലോ, വേറെ പാസ്പോര്‍ട്ട് ഒന്നും വേണ്ടല്ലോ എന്നായിരുന്നു ആദ്യം അന്‍വറിന്റെ ഹ്യൂമര്‍ ടച്ചുള്ള ഉത്തരം.
പിണറായിയേയും മുഹമ്മദ് റിയാസിനേയും ക്യാന്‍സറുമായി താരതമ്യം ചെയ്ത് അന്‍വര്‍ ഡയലോഗടിച്ചിട്ടുണ്ട്.
കേരളത്തിന്റെ കാന്‍സറാണ് പിണറായിസം. അതിന്റെ സെക്കന്റ് സ്റ്റെപ്പാണ് മരുമോനിസം. പിണറായിസം എന്ന കാന്‍സറിന് ഈ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ട്രീറ്റ്മെന്റ് കൊടുത്തു. അടുത്ത ഒരു കാന്‍സര്‍ വളര്‍ന്നു വരികയാണ്. അതൊരു കുടുംബാധിപത്യ രാഷ്ട്രീയത്തിലൂടെയാണ്. അതിനെതിരെ ശക്തമായ നിലപാടുണ്ടാകും. ശക്തമായ ഇടപെല്‍ ഉണ്ടാകും അദ്ദേഹം പറഞ്ഞു.
ഭരണ വിരുദ്ധ വികാരം മാത്രമല്ല കുടുംബാധിപത്യ രാഷ്ട്രീയത്തിനെതിരെ നിലപാടെടുക്കുക സിപിഐഎമ്മാണ്, സഖാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരില്‍ ബന്ധങ്ങളുണ്ടെന്നും നിലമ്പൂരിനേക്കാളും ബന്ധമുള്ള സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു. ഞാന്‍ ഒരൊറ്റ സീറ്റിലേ മത്സരിക്കുകയുള്ളു. ഒരു സീറ്റില്‍ ഞാന്‍ മനസില്‍ കണ്ടിട്ടുണ്ട്. അതെന്നോട് ചോദിക്കുമ്പോള്‍ പറയും. ആ ഒരു സീറ്റില്‍ മാത്രമേ ഞാന്‍ മത്സരിക്കുകയുള്ളു. വേറൊരു സീറ്റിലും ഞാന്‍ മത്സരിക്കില്ല. സീറ്റ് ഏതാണെന്ന് പിന്നീട് പറയാം. അല്ലെങ്കില്‍ ഞാന്‍ ഒരു ക്യാംപെയ്നറായി തുടരും അദ്ദേഹം പറഞ്ഞു.
പിണറായിസം അവസാനിക്കണം ഈ ഗവണ്മെന്റ് മാറണം. ഞാന്‍ കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷമായിട്ട് ഈ പ്രചാരണവുമായി രംഗത്തുണ്ടെന്നും അന്‍വറിന്റെ വാക്കുകള്‍.






