Breaking NewsCrimeKeralaLead NewsNEWSNewsthen Specialpolitics

സൈബര്‍ അധിക്ഷേപം, ചാറ്റ് പുറത്താക്കല്‍; രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാനെതിരേ കേസ്; ‘ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും രണ്ടാം കേസില്‍ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെ’ന്നും ഫെന്നി; കസ്റ്റഡി അപേക്ഷ നല്‍കാതെ പോലീസ്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നല്‍കിയ അതിജീവിതയ്ക്ക് നേരെ സൈബര്‍ അധിക്ഷേപം നടത്തിയ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരെ കേസ്. സൈബര്‍ പൊലീസാണ് ഫെനിക്കെതിരെ കേസെടുത്തിരിക്കുന്നത്. പരാതിക്കാരിയുടെ ചാറ്റുകള്‍ ഉള്‍പ്പെടെ പരസ്യമാക്കിയ നടപടിയിലാണ് കേസ്.

അതേസമയം ബലാല്‍സംഗക്കേസില്‍ അറസ്റ്റിലായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് റിമാന്‍ഡ്. പ്രതിഷേധങ്ങള്‍ക്കിടെ നടന്ന തെളിവെടുപ്പിനും ചോദ്യം ചെയ്യലിനും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ വീണ്ടും മജിസ്‌ട്രേറ്റിന് മുന്‍പില്‍ ഹാജരാക്കിയത്.

Signature-ad

അന്വേഷണത്തോട് പൂര്‍ണ്ണമായും നിസഹകരിക്കുന്ന രാഹുലിന് വേണ്ടി എസ്‌ഐടി വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കിയില്ല. മെഡിക്കല്‍ പരിശോധനകള്‍ക്ക് ആശുപത്രിയിലെത്തിച്ചപ്പോള്‍ പ്രതിഷേധമുണ്ടായില്ലെങ്കിലും ജയിലില്‍ പ്രവേശിക്കുമ്പോള്‍ രാഹുലിനുനേരെ മുട്ടയേറുണ്ടായി. കേസില്‍ നിര്‍ണായക തെളിവാകുമെന്ന് പ്രതീക്ഷിക്കുന്ന ലാപ്‌ടോപ്പ് കണ്ടെത്താന്‍ എസ്‌ഐടിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

2024 ഏപ്രിലില്‍ ബലാല്‍സംഗത്തിന് ഇരയായ യുവതി രണ്ടുമാസം മുന്‍പും രാഹുലിനെ സ്വകാര്യമായി കാണണമെന്നാവശ്യപ്പെട്ടതായി ഫെന്നി നൈനാന്‍ ആരോപിച്ചു. എംഎല്‍എ ബോര്‍ഡ് വെച്ച വണ്ടി വേണ്ടെന്നും സ്വകാര്യ വാഹനത്തില്‍ റൈഡ് പോകാം എന്നും പറയുന്ന ചാറ്റുകള്‍ യുവതിയുടേതെന്ന പേരില്‍ ഫെന്നി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. രാഹുലിന്റെ ജാമ്യാപേക്ഷ തിരുവല്ല കോടതി നാളെ പരിഗണിക്കും.

പരാതിക്കാരിയെ അധിക്ഷേപിച്ചതിന് കേസെടുത്തതിന് പിന്നാലെ കൂടുതല്‍ ചോദ്യങ്ങളുമായി ഫെനി നൈനാന്‍. ചാറ്റ് പുറത്തുവിട്ടതിനാണ് കേസെടുത്തതെങ്കില്‍ മാധ്യമങ്ങള്‍ക്ക് എതിരെ കേസെടുക്കാത്തത് എന്തുകൊണ്ടെന്നാണ് ഫെനി ചോദിക്കുന്നത്. കേസെടുത്താലും ചോദിച്ച ചോദ്യങ്ങള്‍ നിലനില്‍ക്കുമെന്നും ഫെനി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. രണ്ടാമത്തെ കേസില്‍ ബലാത്സംഗം ചെയ്യാന്‍ പെണ്‍കുട്ടിയെ വാഹനത്തില്‍ ഹോംസ്റ്റേയില്‍ എത്തിച്ച് നല്‍കിയ തന്നെ എന്തുകൊണ്ട് പൊലീസ് അറസ്റ്റ് ചെയ്തില്ലെന്നാണ് ഫെനിയുടെ ചോദ്യം. 2024 ഏപ്രിലില്‍ ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയ പരാതിക്കാരി എന്തുകൊണ്ടാണ് വീണ്ടും രാഹുലിനെ കാണാന്‍ ആവശ്യപ്പെട്ടതെന്നും ഫെനിയുടെ കുറിപ്പിലുണ്ട്.

കേസിനെ നിയമപരമായി നേരിടുമെന്നും ഈ വിഷയത്തില്‍ നിയമലംഘനം നടത്തിയിട്ടില്ലെന്നും ഫെനി നൈനാന്‍ പറഞ്ഞു. പ്രതികാരബോധ്യത്തിന്റെ ഭാഗമായി എന്നെ വേട്ടയാടാന്‍ പറ്റുമെന്നും കോടതിയില്‍ സത്യം ബോധിപ്പിക്കുമെന്നും ഫെനി നൈനാന്‍ എഴുതി.

രാഹുലിനെ ന്യായീകരിച്ചായിരുന്നു ഫെനി നൈനാന്‍ കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത്. അതിജീവിതയെ അറിയാമെന്നും 2025 നവംബര്‍ വരെ സംസാരിച്ചിട്ടുണ്ട് എന്നും ഫെനി എഴുതി. യുവതി കെഎസ്യുവിന്റെ പരിപാടിക്ക് 5000 രൂപ തന്നിരുന്നു. എന്നാല്‍ അവരെ രാഹുല്‍ മാങ്കൂട്ടത്തില്‍ ബലാത്സംഗം ചെയ്തുവെന്നത് അതിശയം. രണ്ടാമത്തെ കേസില്‍ തന്നെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്തില്ല, കാരണം തെളിവില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ത്യന്‍ നിയമവ്യവസ്ഥയ്‌ക്കെതിരായ ഒരു കുറ്റവും ചെയ്തിട്ടില്ല. രാഹുല്‍ ധാര്‍മികമായി തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് വിധിക്കാന്‍ ഞാന്‍ ആളല്ല. സത്യം തെളിയുമെന്നും അന്ന് വേട്ടയാടിയവര്‍ മനസ്സുകൊണ്ട് എങ്കിലും മാപ്പ് പറയണമെന്നും ഫെനി കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: