ഖമേനിയുടെ പ്രത്യയശാസ്ത്രം വേണ്ട; പ്രക്ഷോഭത്തിനു പിന്നില്‍ കറന്‍സി തകര്‍ച്ചയെക്കാള്‍ ആഴത്തിലുള്ള കാരണങ്ങള്‍; കൃഷി മുതല്‍ ‘റസിസ്റ്റന്‍സ് ഇക്കോണമി’ വരെ പൊളിഞ്ഞു; ദാരിദ്ര്യം എന്ന രാഷ്ട്രീയ തീരുമാനവും തിരിച്ചറിഞ്ഞു; അനുസരണയെന്ന ‘യുക്തി’യല്ല, വേണ്ടത് അന്തസുള്ള ജീവിതമെന്നും ജനം
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തീരുമാനങ്ങളെ നിര്‍ണയിക്കുന്നത് ബദലുകളുടെ അഭാവമല്ല, മറിച്ച് മുന്‍ഗണനകളുടെ കാര്‍ക്കശ്യമാണ്. സാമ്പത്തിക സമൃദ്ധിയേക്കാള്‍ എപ്പോഴും അവര്‍ മുന്‍ഗണന നല്‍കുന്നതു തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അഖണ്ഡതയ്ക്കും പ്രാദേശിക സ്വാധീനത്തിനുമാണ്.

ടെഹ്‌റാന്‍: ഇറാനില്‍ നടക്കുന്നത് ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ പ്രത്യശാസ്ത്രപരമായ മോഹങ്ങള്‍ക്കുവേണ്ടി തങ്ങളുടെ സാമ്പത്തികവും മാനുഷികവുമായി ജീവിതം ബലികഴിക്കാന്‍ തയാറല്ലാത്ത ജനത്തിന്റെ മുന്നേറ്റം. കഴിഞ്ഞ ആഴ്ചകളില്‍ ദശലക്ഷക്കണക്കിന് ആളുകളാണ് ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. രാജ്യവ്യാപകമായി വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ നടന്ന അടിച്ചമര്‍ത്തലുകളില്‍ കുറഞ്ഞത് 12,000 പേരെങ്കിലും വെടിയേറ്റു മരിച്ചു എന്നാണ് കണക്കാക്കുന്നത്. ഇറാന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്.
റിയാലിന്റെ (ഇറാനിയന്‍ കറന്‍സി) മൂല്യത്തകര്‍ച്ചയാണ് പ്രതിഷേധങ്ങള്‍ക്ക് തീകൊളുത്തിയതെങ്കിലും, സമരത്തിന് വിനിമയ നിരക്കിലെ വ്യതിയാനത്തേക്കാള്‍ ആഴത്തിലുള്ള കാരണങ്ങളുണ്ട്. പതിറ്റാണ്ടുകളായി തുടരുന്ന ദാരിദ്ര്യത്തില്‍ മടുത്ത സമൂഹത്തിന്റെ പ്രതിഫലനമാണിതെന്നു വിലയിരുത്തുന്നവരുണ്ട്. ദശലക്ഷക്കണക്കിന് ആളുകളെ ദുരിതത്തിലാക്കുന്ന ഈ ദാരിദ്ര്യം വെറുമൊരു ഭരണപരമായ പിഴവോ കെടുകാര്യസ്ഥതയോ മാത്രമല്ല. അത് ബോധപൂര്‍വമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ഫലമാണ്: കൃത്യമായി കണക്കുകൂട്ടിയ നീക്കമാണിത്.
സാമ്പത്തിക തകര്‍ച്ചയ്ക്ക് ഖമേനിയും അനുകൂലികളും ഉപരോധങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. പാശ്ചാത്യ വിദഗ്ധര്‍ അഴിമതിയും പ്രാപ്തിയില്ലായ്മയുമാണു ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഭരണകൂടത്തിന്റെ യഥാര്‍ഥ യുക്തിയെ ഈ രണ്ടു വാദങ്ങളും കാണാതെ പോകുന്നു.
ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തീരുമാനങ്ങളെ നിര്‍ണയിക്കുന്നത് ബദലുകളുടെ അഭാവമല്ല, മറിച്ച് മുന്‍ഗണനകളുടെ കാര്‍ക്കശ്യമാണ്. സാമ്പത്തിക സമൃദ്ധിയേക്കാള്‍ എപ്പോഴും അവര്‍ മുന്‍ഗണന നല്‍കുന്നതു തങ്ങളുടെ പ്രത്യയശാസ്ത്രപരമായ അഖണ്ഡതയ്ക്കും പ്രാദേശിക സ്വാധീനത്തിനുമാണ്.
വിദേശ സ്വാധീനത്തെയും ‘സാംസ്‌കാരിക അധിനിവേശത്തെയും’ കുറിച്ചുള്ള ഭയമാണ് ഇറാന്റെ വീക്ഷണം. ഭൗതിക സമൃദ്ധിയും ആഗോള വിപണികളുമായുള്ള ആഴത്തിലുള്ള ബന്ധവും വിശ്വാസത്തെ തകര്‍ക്കുകയും പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന ബലഹീനതകളാണെന്നാണ് പരമോന്നത നേതാവ് അലി ഖമേനി ആവര്‍ത്തിച്ച് പറയുന്നത്. അദ്ദേഹം മുന്നോട്ട് വെക്കുന്ന ‘പ്രതിരോധ സമ്പദ്വ്യവസ്ഥ’ (റസിസ്റ്റന്‍സ് ഇക്കോണമി) ഉപരോധങ്ങളില്‍നിന്ന് രക്ഷപ്പെടാനല്ല, മറിച്ച് അവയെ അതിജീവിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. അത് വളര്‍ച്ചയല്ല, മറിച്ച് തകരാതെ പിടിച്ചുനില്‍ക്കലാണു വാഗ്ദാനം ചെയ്യുന്നത്.
ഈ നയം കൃഷിയിലും പ്രതിഫലിക്കുന്നു. സ്വയംപര്യാപ്തത എന്ന വിപ്ലവകരമായ ആശയത്തിന് വേണ്ടി ജലസേചനം അമിതമായി ഉപയോഗിച്ചത് ഭൂഗര്‍ഭജല സ്രോതസുകളെ നശിപ്പിക്കുകയും ഗ്രാമീണ ജീവിതത്തെ തകര്‍ക്കുകയും ചെയ്തു. സബ്‌സിഡികളുടെയും ഇറക്കുമതി നിയന്ത്രണങ്ങളുടെയും സങ്കീര്‍ണമായ വലയം സ്വതന്ത്ര സംരംഭങ്ങളെ തകര്‍ക്കുമ്പോള്‍, ഭരണകൂടത്തോട് അടുപ്പമുള്ളവര്‍ക്ക് അതു വന്‍ ലാഭമുണ്ടാക്കിക്കൊടുത്തു. രാഷ്ട്രീയ നിയന്ത്രണം നിലനിര്‍ത്താന്‍ ഇത്തരം വികലമായ നയങ്ങള്‍ അവര്‍ ബോധപൂര്‍വം തുടരുന്നു.
ജലക്ഷാമം ഈ വൈരുദ്ധ്യത്തെ തുറന്നുകാട്ടുന്നു. രാജ്യം ‘ജല പാപ്പരത്തത്തിലേക്ക്’ (വാട്ടര്‍ ബാങ്ക്‌റപ്‌സി) നീങ്ങുകയാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും, തന്ത്രപരമായ പിഴവുകള്‍ തിരുത്തുന്നതിന് പകരം വലിയ പദ്ധതികള്‍ നടപ്പാക്കി സമയം നീട്ടിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരമൊരു വ്യവസ്ഥിതിയില്‍, ജനങ്ങളുടെ ജീവിതനിലവാരം ഉയരുന്നത് പ്രസക്തമല്ല. സാമ്പത്തിക പ്രയാസങ്ങള്‍ പരിഷ്‌കാരങ്ങള്‍ക്ക് വഴിമാറുന്നില്ല, കാരണം പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയാല്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെ നിലനിര്‍ത്തുന്ന രാഷ്ട്രീയ ചട്ടക്കൂട് തകരുമെന്ന് അവര്‍ ഭയപ്പെടുന്നു.
ഇന്ന് തെരുവുകളില്‍ ഈ യുക്തി ചോദ്യം ചെയ്യപ്പെടുകയാണ്. പ്രതിഷേധക്കാര്‍ വെറും വിലക്കയറ്റത്തെയോ തൊഴിലില്ലായ്മയെയോ മാത്രമല്ല എതിര്‍ക്കുന്നത്; തങ്ങളുടെ കഷ്ടപ്പാടുകള്‍ ഒരു വലിയ ലക്ഷ്യത്തിന് വേണ്ടിയാണെന്ന ഭരണകൂടത്തിന്റെ വാദത്തെയാണ് അവര്‍ തള്ളിക്കളയുന്നത്. ഭൗതിക നേട്ടത്തേക്കാള്‍ ത്യാഗത്തിന് തയാറാകുന്ന യുവാക്കളെ ഖമേനി പ്രകീര്‍ത്തിക്കുമ്പോള്‍, ഇറാാനിയന്‍ നഗരങ്ങളിലെ മുദ്രാവാക്യങ്ങള്‍ ആവശ്യപ്പെടുന്നത് മറ്റൊന്നാണ്: അനുസരണയേക്കാള്‍ അന്തസും, അടിയറവ് പറയുന്നതിനേക്കാള്‍ പങ്കാളിത്തവും, ബലികഴിക്കപ്പെടാത്ത ഒരു ഭാവി കെട്ടിപ്പടുക്കാനുള്ള അവസരവും.
ഈ പ്രക്ഷോഭത്തെ വിദേശ ഗൂഢാലോചനയായി ചിത്രീകരിച്ച് ഭരണകൂടം തള്ളിക്കളയുകയാണ്. എന്നാല്‍, രണ്ട് വിഭിന്നമായ ദേശീയ കാഴ്ചപ്പാടുകള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനെ മറച്ചുവെക്കാന്‍ ഈ വാദങ്ങള്‍ക്ക് കഴിയില്ല. ഒരു പക്ഷത്ത് പ്രത്യയശാസ്ത്രത്തിന് വേണ്ടി തങ്ങളുടെ ക്ഷേമവും അവസരങ്ങളും യുവത്വവും ബലികഴിക്കാന്‍ തയ്യാറുള്ള ഒരു സമൂഹം വേണമെന്ന് ഭരണകൂടം ആഗ്രഹിക്കുന്നു. മറുഭാഗത്ത്, തോക്കുകളെയും ലാത്തികളെയും നേരിട്ട് കൊണ്ട്, തങ്ങളുടെ ജീവിതം ഈ ഭരണകൂടത്തിന്റെ കാഴ്ചപ്പാടിന് വേണ്ടി വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന് ജനങ്ങള്‍ വിളിച്ചുപറയുന്നു. തങ്ങളെ വെറും ആയുധങ്ങളായി മാത്രം കാണുന്നതിനെ എതിര്‍ക്കുന്ന ഒരു പുതിയ തലമുറയ്ക്ക് മുന്നില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനോ അതിന്റെ നേതാവിനോ ഉത്തരമില്ല.
The collapse of the rial may have ignited the protests, but this wave of defiance runs far deeper than exchange-rate volatility. It reflects a society exhausted by decades of strategic deprivation.The poverty pushing millions to the brink is not simply the result of policy error or mismanagement. It is the by-product of a conscious political choice: a calculated trade-off. Tehran and its defenders routinely blame sanctions. Western analysts point to corruption or incompetence. Both explanations miss the governing logic at work.






