Breaking NewsKeralaLead NewsNEWSNewsthen Specialpolitics
ഹൈക്കോടതിയോട് സുപ്രീം കോടതിയുടെ ചോദ്യം : നൂറു പള്ളികൾ ഉണ്ടെന്നു കരുതി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ കഴിയും?

ന്യൂഡൽഹി : വളരെ പ്രധാനപ്പെട്ടതും ചർച്ചയാകാൻ സാധ്യതയുള്ളതുമായ ഒരു ചോദ്യം കേരള ഹൈക്കോടതിയോട് ചോദിച്ച് സുപ്രീം കോടതി .നിലമ്പൂരിൽ പുതിയ മുസ്ലിം പള്ളിക്ക് അനുമതി നിഷേധിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെയാണ് സുപ്രീം കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്.
നൂറ് മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി പുതിയൊരു പള്ളിക്ക് അനുമതി നിഷേധിക്കാൻ എങ്ങനെ ആകുമെന്ന് സുപ്രീം കോടതി ചോദിച്ചു. കേരള ഹൈക്കോടതി ഉത്തരവിന് എതിരായ ഹർജി പരിഗണിക്കവെയാണ് ജസ്റ്റിസ് ജെ ബി പർഡിവാല അധ്യക്ഷനായ ബെഞ്ച് ഈ ചോദ്യം ചോദിച്ചത്. ഇത്തരത്തിൽ അനുമതി നിഷേധിക്കുന്നത് ശരിയാണോ എന്നും സുപ്രീം കോടതി ചോദിച്ചു.
നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ അനുമതി തേടി നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ സുപ്രധാന ചോദ്യം. കേരള ഹൈക്കോടതി വിധിക്ക് എതിരെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം എന്ന സംഘടന നൽകിയ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു.
മലപ്പുറം നിലമ്പൂരിൽ വാണിജ്യ കെട്ടിടം പള്ളിയാക്കി മാറ്റാൻ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം നൽകിയ അപേക്ഷ ജില്ലാ കളക്ടർ നിരസിച്ചിരുന്നു. കെട്ടിടം ഇരിക്കുന്ന പ്രദേശത്ത് അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സമാനമായ 36 മുസ്ലിം പള്ളികൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു അപേക്ഷ നിരസിച്ചത്. ഇതിന് എതിരെ നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം ഹൈക്കോടതിയെ സമീപിച്ചെങ്കിലും, കളക്ടറുടെ നിലപാട് ഹൈക്കോടതി ശരിവയ്ക്കുക ആയിരുന്നു. ഇതിന് എതിരെയാണ് നൂറുൽ ഇസ്ലാം സാംസ്കാരിക സംഘം സുപ്രീം കോടതിയെ സമീപിച്ചത്.






