ഒന്നാണെങ്കില്‍ അബദ്ധം; തുടരെത്തുടരെ ഉണ്ടായാല്‍ മാനസിക വൈകൃതവും അഹങ്കാരവും; രാഹുലിനെതിരേ സജന; ‘ഇരകള്‍ പോരാടുന്നത് കോണ്‍ഗ്രസ് നേതാവിനോട് അല്ല, സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ ലക്ഷ്യങ്ങളും ഉണ്ടാകും’

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയേക്ക് മാനസിക വൈകൃതമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് സജന ബി സാജന്‍. അധികാരവും സംരക്ഷണവും ഉറപ്പുള്ളതിന്റെ അഹങ്കാരത്തിലാണ് രാഹുല്‍ ചെയ്തുകൂട്ടിയതെല്ലാമെന്നും ഇരകള്‍ പോരാടണമെന്നും സജന ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.
ഒന്നാണെങ്കില്‍ അബദ്ധം, രണ്ടാണെങ്കില്‍ കുറ്റം, തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരമാണെന്നുമാണ് സജന ഫേസ്ബുക്കില്‍ കുറിച്ചത്. ഇരകള്‍ പോരാടുന്നത് ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് കോണ്‍ഗ്രസ് നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകുമെന്നും യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണെന്നും സജന പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
അതീവ ഗൗരവമുള്ള വിഷയങ്ങളില്‍ പ്രതികരിക്കുക എന്നത് ഉത്തരവാദിത്വം തന്നെയാണ്. അതുകൊണ്ടാണ് ഇന്നലെകളിലും ഇന്നും പ്രതികരിക്കുന്നത്. കൊടുംക്രൂരതയ്ക്ക് ഇതല്ലാതെ മറ്റെന്താണ് പറയേണ്ടത്. ഒന്നാണെങ്കില്‍ അത് അബദ്ധം, രണ്ടാണെങ്കില്‍ അത് കുറ്റം. തുടരെ തുടരെ നടത്തുന്നത് മാനസിക വൈകൃതവും അധികാരം, സംരക്ഷണം ഇവ ഉറപ്പുള്ളതിന്റെ അഹങ്കാരം. ചെന്നതുകൊണ്ടല്ലേ സംഭവിച്ചത് എന്ന ന്യായീകരണ പടയാളികള്‍ പടച്ചുവിടുന്ന ചോദ്യത്തോട് ഒന്നേ പറയാനുള്ളൂ.
‘മിട്ടായി നല്‍കി കൊച്ചുകുട്ടികളെ പീടിപ്പിക്കുന്ന സൈക്കോ പാത്തുക്കളെ തിരിച്ചറിയാന്‍ കഴിയാത്ത നാട്ടില്‍ പ്രണയം നടിച്ച് ഓരോരുത്തരെയും നശിപ്പിക്കുന്ന ഉന്നത സ്ഥാനീയനെ എങ്ങനെയാണ് ഈ പെണ്‍കുട്ടികള്‍ക്ക് തിരിച്ചറിയാന്‍ കഴിയുക?’ സ്ത്രീ പക്ഷ നിലപാട് സ്വീകരിച്ചതിന്റെ പേരില്‍ പാര്‍ട്ടിയില്‍ ചില മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായെങ്കിലും പറയുന്നത് ശരിയുടെ ബോധ്യമാണ് എന്ന തിരിച്ചറിവ് തന്നെയാണ് ആശ്വാസം..
ഇരകളെ നിങ്ങള്‍ പോരാടുക. നിങ്ങള്‍ പോരാടുന്നത് ഇപ്പോള്‍ ഒരു കോണ്‍ഗ്രസ് നേതാവിനോടല്ല. അവര്‍ക്ക് എന്റെ നേതാക്കളുടെ സംരക്ഷണമില്ല. അവര്‍ക്ക് സംരക്ഷണം നല്‍കാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവര്‍ക്ക് ലക്ഷ്യങ്ങള്‍ ഉണ്ടാകും. രാഹുല്‍ മങ്കൂട്ടത്തിലിനെതിരെ പ്രതികരിക്കുന്നവരെ സ്വന്തം പാളയത്തില്‍ എത്തിക്കാനുള്ള പ്രത്യേക കഴിവുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ എല്ലാപേരെയും ആ കണ്ണോടെ കാണരുത്. യൂത്ത് കോണ്‍ഗ്രസ് സ്ത്രീപക്ഷ നിലപാടില്‍ തന്നെയാണ്.
രാഹുലിനെതിരേ കെ. മുരളീധരനും പരിഹാസവുമായി രംഗത്തുവന്നു. പുറത്താക്കിയപ്പോള്‍ തന്നെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍ എ സ്ഥാനം രാജിവയ്ക്കണമായിരുന്നു. പാര്‍ട്ടി നടപടിയെടുത്തു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ഇനി ഉത്തരവാദിത്തമില്ല. പുറത്താക്കപ്പെട്ട വ്യക്തി ഏതൊക്കെകേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നു എന്ന് ഞങ്ങള്‍ക്കറിയേണ്ട കാര്യമില്ല. അദ്ദേഹത്തിന് തെറ്റ് സംഭവിച്ചത് കൊണ്ടാണല്ലോ പുറത്താക്കിയതെന്നും കെ.മുരളീധരന്‍ പറഞ്ഞു.
ബ്രഹ്‌മാസ്ത്രം പ്രയോഗിക്കേണ്ട സമയത്ത് ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം സര്‍ക്കാരും പോലീസും എടുക്കട്ടെ. സ്വര്‍ണം കട്ടവരെയും സ്ത്രീലമ്പടന്മാരെയും നമ്മള്‍ സംരക്ഷിച്ചിട്ടില്ല. ഞങ്ങള്‍ ചെയ്തത് ശരിയാണ് എന്ന് തുടര്‍ സംഭവങ്ങള്‍ തെളിയിക്കുന്നു. സിപിഎം ഇത് തെരഞ്ഞെടുപ്പില്‍ ആയുധമാക്കിയാല്‍ ഞങ്ങള്‍ക്കായുധമാക്കാന്‍ ഒരുപാട് ഉണ്ട്. അവര്‍ അങ്ങനെയൊന്നു പറഞ്ഞു കിട്ടാന്‍ കാത്തിരിക്കുകയാണ്. വടക്കന്‍ പാട്ടില്‍ പറയുന്നതുപോലെ ഒതേനന്‍ ചാടാത്ത മതിലുകള്‍ ഇല്ലെന്നും രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിഹസിച്ച് കെ.മുരളീധരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് തെറ്റുകളെ ന്യായീകരിക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് തെറ്റ് പറ്റിയാല്‍ സംരക്ഷിക്കുന്ന സംസ്‌കാരം കോണ്‍ഗ്രസിനില്ലെന്നും. രാഹുല്‍ എന്നേ സ്വയം രാജിവെച്ച് പോകേണ്ടതായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു. പിജെ കുര്യനെ പോലെയുള്ളവരുടെ രാഹുലിനെ സംരക്ഷിക്കുന്ന രീതിയിലുള്ള വാക്കുകള്‍ക്ക് മറുപടിയില്ലെന്നും മുരളി വ്യക്തമാക്കി.
പത്തനംതിട്ട സ്വദേശിനിയായ യുവതി നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത മൂന്നാമത്തെ കേസിലാണ് രാഹുലിന്റെ അറസ്റ്റ്. ക്രൂരമായ പീഡനവും ഗര്‍ഭഛിദ്രവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബലാല്‍സംഗം, നിര്‍ബന്ധിത ഭ്രൂണഹത്യ, ശാരീരിക ഉപദ്രവം, ദേഹത്ത് മുറിവേല്‍പ്പിക്കല്‍, വിശ്വാസ വഞ്ചന, ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക ചൂഷണം, അസഭ്യം പറയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് വിവരശേഖരണം നടത്തിയശേഷമായിരുന്നു അതീവരഹസ്യമായി പാലക്കാട്ടെ ഹോട്ടലില്‍നിന്ന് രാത്രി പന്ത്രണ്ടരയോടെ രാഹുലിനെ എസ്‌ഐടി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പത്തനംതിട്ട എ.ആര്‍.ക്യാംപില്‍ എത്തിച്ചു.
അന്വേഷണസംഘമേധാവി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ രാഹുലിനെ ചോദ്യം ചെയ്യുകയാണ്. യുവതിയുമായുള്ള ബന്ധം ചോദ്യംചെയ്യലില്‍ രാഹുല്‍ സമ്മതിച്ചു. അതിക്രൂരമായ പീഡനത്തിന്റെ വിശദാംശങ്ങളും ഭ്രൂണത്തിന്റെ ഡി.എന്‍.എ പരിശോധനാ ഫലവും ഉള്‍പ്പടെയാണ് യുവതി പരാതി നല്‍കിയത്. 2024 ഏപ്രിലില്‍ പത്തനംതിട്ടയില്‍വച്ചായിരുന്നു പീഡനം. ഗര്‍ഭിണിയെന്ന് അറിയിച്ചപ്പോള്‍ അപമാനിച്ചുവെന്നും ഇതില്‍ മനംനൊന്താണ് ഡി.എന്‍.എ പരിശോധന നടത്തിയതെന്നും പരാതിയിലുണ്ട്. വിദേശത്തുള്ള യുവതി ആറുദിവസം മുന്‍പാണ് ഡി.ജി.പിക്ക് പരാതി നല്‍കിയത്. വീഡിയോ കോള്‍ വഴി മൊഴിയെടുത്തശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. രാഹുലിന്റെ സുഹൃത്ത് ഫെനി നൈനായും ചോദ്യം ചെയ്യാനാണ് എസ്.ഐ.ടിയുടെ തീരുമാനം.വിദേശത്തുള്ള യുവതി മൊഴിനല്‍കാന്‍ ഉടന്‍ നാട്ടിലെത്തും.






