ജെന്‍-സി സൂപ്പറാണ്, പക്ഷേ ബുദ്ധിയില്‍ അത്ര സൂപ്പറല്ല; ഐക്യു ലെവല്‍ താഴേക്കെന്നു പഠനം; വന്നുവന്നു മനുഷ്യന് ബുദ്ധിയില്ലാത്ത മണ്ടന്മാരാകുമോ? എണ്‍പതുകളിലും തൊണ്ണൂറുകളിലും ജനിച്ചവര്‍ ഐക്യു ലെവലില്‍ പുലികള്‍

ന്യൂഡല്‍ഹി: അടുത്തകാലത്ത് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ട പേരുകളിലൊന്നാണു ജെന്‍ സി എന്നത്. ജെന്‍ സി സൂപ്പറാണ്, എന്തും പറയാന്‍ മടിക്കാത്തവരാണ്, അടിപൊളിയാണെന്നൊക്കെ പറയുമ്പോഴും ചില ശാസ്ത്രീയ പഠനങ്ങളില്‍ അത്ര പോര എന്നാണു കണ്ടെത്തല്‍. അതു മറ്റൊന്നിലുമല്ല, ഐക്യു (ഇന്റലിജന്റ് കോഷ്യന്റ്) നിലവാരത്തില്‍ അവര്‍ മില്ലേനിയല്‍സ് അല്ലെങ്കില്‍ എണ്‍പതിനും 96നും ഇടയില്‍ ജനിച്ചവരേക്കാള്‍ പിന്നിലാണെന്നാണു കണ്ടെത്തല്‍. അതായത് ബുദ്ധി അത്ര പോരെന്ന്.
ഇതോടൊപ്പം കോഗ്നിറ്റീവ് ലോഡ് അഥവാ അറിവിന്റെ ഭാരം ജന്‍ സിക്കു കൂടുതലാണെന്നും കണ്ടെത്തല്‍ പറയുന്നു. സാങ്കേതിക വിദ്യയുടെ സാന്നിധ്യത്തില്‍ പ്രകൃത്യാ ഉള്ളതിനേക്കാള്‍ അറിവ് ഇവര്‍ക്കു കൂടുന്നു എന്നാണു പറയുന്നത്. ഇന്റര്‍നെറ്റില്‍നിന്നു ലഭിക്കുന്ന റീലുകളും കണ്ടന്റുകളും ആഴത്തില്‍ ചിന്തിക്കാനുള്ള കഴിവു നഷ്ടമാക്കുന്നു. ഒപ്പം, പ്രൊസസ്ഡ് ഭക്ഷണങ്ങളും ജെന്‍-സിയുടെ മാനസിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ചുറ്റുപാടുകളെക്കുറിച്ചുള്ള ബോധവും ആവിഷ്കാരബോധ്യങ്ങളും (ക്രിയേറ്റിവിറ്റി) കുറഞ്ഞുവരുന്നെന്നും കണ്ടെത്തി.
ഇഡിയോക്രസി എന്ന സിനിമയില്‍ പറയുമ്പോലെ, ഭാവി തലമുറ ബുദ്ധിയില്ലാത്തവരായി മാറുമോ എന്നതാണു ചര്‍ച്ച. അപ്പോഴും തൊട്ടു മുമ്പത്തെ തലമുറകളെക്കാള് ജന്‍-സി മള്‍ട്ടി ടാസ്കിംഗിലും ടെക്നോളജി ഉപയോഗത്തിലും മുന്നിലാണ്. ഇമോഷണല്‍ ഇന്റലിജന്‍സ് ജെന്‍-സിക്കു കുറവാണ്. മറ്റുള്ളവര്‍ സങ്കടപ്പെടുന്നതോ അമിതമായി ചിന്തിക്കുകയോ ചെയ്യുന്ന വൈകാരിക വിഷയങ്ങള്‍ അവര്‍ക്കു പുത്തരിയല്ല. നേരേവാ നേരേ പോ എന്നതാണു ട്രെന്‍ഡ്.
റിവേഴ്സ് ഫ്ലിന്‍ ഇഫക്ട് എന്ന പ്രതിഭാസം നടക്കുന്ന കാലമാണിതെന്നാണു വിദഗ്ധരുടെ നിരീക്ഷണം. മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും ഐക്യു കൂടുതല്‍ ഉണ്ടായതായി കണക്കാക്കുന്ന തലമുറ മിലേനിയല്‍സ് അഥവാ 1980 മുതല്‍ 1996 വരെ ജനിച്ചവരാണ്. സാധാരണ ഒരു തലമുറയെ റിപ്ലേസ് ചെയ്ത് വരുന്ന തലമുറയ്ക്ക് ഐക്യു കൂടാറാണ് പതിവ് എന്നാല്‍ ജെന്‍ സിയുടെ ഐക്യു മിലേനിയല്‍സിനെ അപേക്ഷിച്ച് ശരാശരിയില്‍ താഴെയാണെന്ന് കണ്ടെത്തി. ഭാവി തലമുറ ഇതിലും ഐക്യു കുറഞ്ഞവരായിരിക്കും എന്നും പറയുന്നു. പഠനത്തിലെ വിവരങ്ങള്‍ ശരാശരി കണക്കാണെങ്കിലും അത്രയ്ക്കു വലിയ പ്രശ്നമാക്കേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ലോകത്ത് ഇതുവരെ ജനിച്ചവരെക്കാള്‍ ഐക്യു ലെവല്‍ കൂടിയ ആളുകള്‍ ഈ തലമുറയില്‍ പിറന്നേക്കാം.






