‘പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണക്കൊള്ളയിലെ ആദ്യ പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ല’; ശബരിമല കേസില്‍ ഏറ്റവുമൊടുവില്‍ വന്ന ചിത്രങ്ങള്‍ സോണിയയ്ക്കും ആന്റോ ആന്റണിക്കും ഒപ്പമുള്ളത്; എസ്‌ഐടി അന്വേഷണം എതിര്‍ത്തത് ഇക്കാരണം കൊണ്ട്: എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ആരോപണങ്ങളുമായി എസ്എന്‍ഡിപി യൂത്ത് മൂവ്‌മെന്റ്. സംഘടനയുടെ ഫേസ്ബുക്ക് പേജിലാണ് ‘സ്വര്‍ണക്കൊള്ള: ഒരു തിരിഞ്ഞുനോട്ടം’ എന്ന പേരില്‍ കുറിപ്പു പ്രത്യക്ഷപ്പെട്ടത്. സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലായ ജീവനക്കാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ പ്രവര്‍ത്തകരാണെന്നും കര്‍ണാടകയില്‍നിന്ന് അറസ്റ്റിലായവരുടെ അടുപ്പക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇറ്റാലിയന്‍ ബന്ധം മൂന്‍ പ്രതിപക്ഷ നേതാവാ് ഉന്നയിക്കുന്നത് പരോക്ഷമായി ചെന്നെത്തുന്നത് സോണിയ ഗാന്ധിയിലേക്കാണെന്നുമുള്ള സൂചനയാണ് പോസ്റ്റില്‍ പങ്കുവയ്ക്കുന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കണമെന്ന ആവശ്യമുന്നയിക്കുന്നത് ഡല്‍ഹിയില്‍ ചെന്ന് ഒത്തുതീര്‍പ്പിനു ശ്രമിക്കാനാണെന്നും പോസ്റ്റില്‍ പരിഹസിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണരൂപം
ശബരിമല സ്വര്‍ണ്ണക്കൊള്ള ഏകദേശം അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിനില്‍ക്കുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ?
എവിടെ നിന്നാണ് ഇതിന്റെയൊക്കെ തുടക്കം? ആഗോള അയ്യപ്പസംഗമം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്നതിന്റെ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയിലെ ദ്വാരപാലക ശില്പങ്ങള്‍ കാണാനില്ല എന്ന് പറഞ്ഞു പത്രക്കാരെ കാണുന്നത്. തുടര്‍ന്ന് അതേറ്റെടുത്ത് രംഗത്ത് വന്നത് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ ആണ്.
ശബരിമലയിലെ സ്വര്‍ണ്ണം കര്‍ണാടകത്തിലെ കോടീശ്വരന് വിറ്റു എന്നും ഇക്കാര്യം കടകംപള്ളി സുരേന്ദ്രന് അറിയാമല്ലോ എന്നുമാണ് അദ്ദേഹം ചോദിച്ചത്. ഒടുവില്‍ സര്‍ക്കാരിന്റെ തന്നെ അഭ്യര്‍ത്ഥന കൂടി പരിഗണിച്ച് അന്വേഷണം ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയും ചെയ്തു.
അതിനെ തുടര്‍ന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ആരോപണം ഉന്നയിച്ച ദ്വാരപാലക ശില്പങ്ങള്‍ പോറ്റിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നും കണ്ടെത്തുന്നത്. അത് പോറ്റിയാണ് അവിടെ കൊണ്ട് വച്ചത് എന്ന് സഹോദരി മൊഴി കൊടുക്കുകയും ചെയ്തു.
അപ്പോഴാണ് പോറ്റിക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന ദേവസ്വം ഉദ്യോഗസ്ഥരെ ഓരോന്നോരോന്നായി അറസ്റ്റ് ചെയ്യുന്നത്. രാഷ്ട്രീയമായി പറഞ്ഞാല്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തകരായ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായതില്‍ ഭൂരിഭാഗവും.
മുന്‍ ദേവസ്വം പ്രസിഡന്റുമാരായ എന്‍. വാസുവും പദ്മകുമാറും അറസ്റ്റിലാവുകയും ചെയ്തു. തുടര്‍ന്ന് മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരെ കടകംപള്ളി സുരേന്ദ്രന്‍ മാനനഷ്ടത്തിന് കേസ് കൊടുക്കുകയും പ്രതിപക്ഷ നേതാവ് തെളിവ് കൊടുക്കാതെ മുങ്ങി നടക്കുകയുമാണ്.
ഇപ്പോള്‍ കര്‍ണാടകയിലെ സ്വര്‍ണ കച്ചവടക്കാരന്‍ ഗോവര്‍ദ്ധനെ എസ്‌ഐടി അറസ്റ്റ് ചെയ്തു. ഇവിടെയാണ് ശരിക്കും ട്വിസ്റ്റ് നടക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റി മുന്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനോടൊപ്പം ശബരിമലയില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു. അവസാനം പുറത്തുവന്ന ചിത്രങ്ങളില്‍ സ്വര്‍ണ്ണ കച്ചവടക്കാരന്‍ ഗോവര്‍ദ്ധനും ഉണ്ണികൃഷ്ണന്‍ പോറ്റിയും അടൂര്‍ പ്രകാശിനും ആന്റോ ആന്റണിക്കും ഒപ്പം സോണിയ ഗാന്ധിയെ സന്ദര്‍ശിക്കുന്നതും ഉപഹാരങ്ങള്‍ കൊടുക്കുന്നതും കയ്യില്‍ എന്തോ കെട്ടിക്കൊടുക്കുകയും ചെയ്യുന്നതാണ് പുറത്തുവന്ന ഫോട്ടോസ്.
ഇതൊക്കെ ട്വിസ്റ്റ് ആണെങ്കിലും പ്രതിപക്ഷ നേതാവിന്റെ സ്വര്‍ണ്ണക്കൊള്ളയിലെ ആദ്യപ്രതികരണങ്ങള്‍ ഓര്‍ത്തുനോക്കിയാല്‍ ഇതൊന്നും ട്വിസ്റ്റ് അല്ലെന്ന് മനസ്സിലാവും. പ്രതിപക്ഷ നേതാവ് അന്നുപറഞ്ഞ കര്‍ണാടകയിലെ കോടീശ്വരന്‍ ഇപ്പോള്‍ വെളിവായിട്ടുണ്ട്. പക്ഷേ അയാളുടെ അടുപ്പക്കാര്‍ മുഴുവന്‍ കോണ്‍ഗ്രസുകാരാണ് എന്നതാണ് പുറത്തു വന്ന ചിത്രങ്ങളില്‍ നിന്ന് മനസിലാവുന്നത്. പ്രത്യേക അന്വേഷണ സംഘത്തെ ആദ്യം പ്രതിപക്ഷം എതിര്‍ത്തത് ഇക്കാരണങ്ങള്‍ കൊണ്ടെന്നു ഇന്ന് പകല്‍പോലെ വ്യക്തമാണ്.
ഇന്നിപ്പോള്‍ ഓരോന്നും കലങ്ങി തെളിയുമ്പോള്‍ ‘പോറ്റിയെ കേറ്റിയത് ആരപ്പാ?’ എന്ന് ചോദിച്ചാല്‍ പോറ്റിയെ കേറ്റിയതും കൂടെ നടന്നതും സ്വര്‍ണ്ണം അടിച്ചോണ്ട് പോയതും എല്ലാം ആരെന്ന് പകല്‍പോലെ വ്യക്തമാണ്. അതിനിടയില്‍ മുന്‍ പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ ഒരു ഇറ്റാലിയന്‍ മാഫിയയുടെ കാര്യം പറഞ്ഞു എസ്‌ഐടി ക്ക് പരാതി കൊടുത്തിട്ടുണ്ട്.
ആ ഇറ്റാലിയന്‍ കണക്ഷനും ഗോവര്‍ദ്ധന്റെയും ഉണ്ണികൃഷ്ണന്‍ പോറ്റിയുടെയും സോണിയാ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധമുണ്ടോ എന്ന് പറയേണ്ടതും മുന്‍ പ്രതിപക്ഷ നേതാവാണ്.
ഇനി നിലവിലെ എസ്‌ഐടിയെ തള്ളിപ്പറഞ്ഞു സിബിഐ അന്വേഷണം ആവശ്യവപ്പെട്ടു കോടതിയില്‍ പോയി വിധി സാമ്പാദിച്ച് ഡല്‍ഹിയില്‍ പോയി ഒത്തുതീര്‍പ്പ് ഉണ്ടാക്കുക എന്നതാവും പ്രതിപക്ഷം ചെയ്യാന്‍ പോവുന്ന കാര്യം. അതല്ലെങ്കില്‍ മുഴുവന്‍ കള്ളന്മാരും ഉള്ളില്‍ ആവും എന്നാണ് നിലവിലെ കാര്യങ്ങള്‍ കാണുമ്പോള്‍ മനസിലാകുന്നത്.






